കൈകൊടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയും പാക് പ്രസിഡന്റും

Monday 11 June 2018 3:24 am IST

ന്യൂദല്‍ഹി: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ കൈകൊടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് മാംനൂന്‍ ഹുസൈനും. ഇന്ത്യയിലേയ്ക്ക് ഭീകരരെ കയറ്റി അയക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ തുടര്‍ന്ന് ഏറെക്കാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലല്ല. എസ്സിഒ നേതാക്കളുടെ പത്രസമ്മേളനത്തിന് ശേഷമാണ് ഇരുവരും കൈകൊടുത്ത് കുശലം പറഞ്ഞത്. ഇന്ത്യയും പാക്കിസ്ഥാനും പൂര്‍ണ അംഗങ്ങളായതിന് ശേഷമുള്ള ആദ്യ ഉച്ചകോടിയാണിത്. 

 2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷമാണ് പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ആഞ്ഞടിച്ച ഇന്ത്യ, വിഷയത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ വിജയിച്ചു. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതും അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും സ്ഥിതി ഗുരുതരമാക്കി.

ചൈനയുടെ റോഡ് പദ്ധതിയെ ഇന്ത്യ എതിര്‍ത്തു

കിങ്ങ്ദാവോ: ചൈനയിലെ കിങ്ങ്ദാവോയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ ചൈനയുടെ വന്‍ റോഡ് നിര്‍മാണ പദ്ധതിയെ ഇന്ത്യ ശക്തമായി എതിര്‍ത്തു. എട്ടംഗ ഉച്ചകോടിയില്‍ ഇന്ത്യ മാത്രമാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീേഷ്യറ്റീവിനെ എതിര്‍ത്തത്. റഷ്യ, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയവര്‍ റോഡ് പദ്ധതിയെ അനുകൂലിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പിട്ടു. എന്നാല്‍ പദ്ധതിയെ എതിര്‍ത്ത ഇന്ത്യ പ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചു. ചൈന-പാക്ക് കോറിഡോര്‍ എന്നും അറിയപ്പെടുന്ന പദ്ധതിയെ ഇന്ത്യ തുടക്കം മുതല്‍ എതിര്‍ക്കുന്നുണ്ട്. റോഡ് നിര്‍മാണ പദ്ധതിയില്‍ ഇന്ത്യ ചേരില്ലെന്ന് പ്രധാനമന്ത്രി  വ്യക്തമാക്കി. അയല്‍രാജ്യങ്ങളുമായും ഷാങ്ങ്ഹായ് കോ-ഓപ്പറേഷനിലെ അംഗരാജ്യങ്ങളുമായും ഉള്ള ഗതാഗതം മെച്ചപ്പെടുത്താന്‍ ഇന്ത്യ മുന്‍ഗണന നല്‍കും. എന്നാല്‍ പരമാധികാരവും അതിര്‍ത്തികളും മാനിച്ചുകൊണ്ടാവണം ഇത്, മോദി പറഞ്ഞു. ചൈന-പാക്ക് ഇടനാഴി പാക്കധിനിവേശകശ്മീര്‍ വഴിയാണ് കടന്നുപോകുന്നത്. ഇതാണ് ഇന്ത്യ ഇതിനെ എതിര്‍ക്കാന്‍ കാരണം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.