നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നതായി റിപ്പോര്‍ട്ട്

Monday 11 June 2018 11:06 am IST
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്ത് വിട്ടത്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും ഇതിനാല്‍ അഭയം തരണമെന്നുമാണ് നീരവ് മോദി ബ്രിട്ടന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

വ്യാജരേഖകള്‍ നല്‍കി പിഎന്‍ബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോദിക്കെതിരായ കേസ്. നീരവിനു പുറമെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്. ഇവരെ കണ്ടെത്തി തിരിച്ചു കൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു.

ആദ്യം ഹോങ്കോങ്ങിലായിരുന്ന നീരവ് ന്യൂയോര്‍ക്കിലേക്കു കടന്നിരുന്നു. ഒരു ടിവി ചാനലിനു ലഭിച്ച സര്‍ക്കാര്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ജനുവരി ഒന്നിനു നീരവ് ഇന്ത്യയില്‍നിന്നു യുഎഇയിലേക്കാണു പോയത്. യുഎഇയിലെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ അവിടുന്നു ഫെബ്രുവരി രണ്ടിനു ഹോങ്കോങ്ങിലേക്കു മുങ്ങുകയായിരുന്നു.

കേസില്‍ നീരവ് മോദി, അലഹാബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കും മൂന്നു കമ്പനികള്‍ക്കുമെതിരെ കഴിഞ്ഞ മാസം സിബിഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

നീരവിനു വിദേശ ബാങ്കുകളില്‍നിന്നു ഹ്രസ്വകാല വായ്പ തരപ്പെടുത്താന്‍ പിഎന്‍ബിയില്‍നിന്ന് 2011 17 ല്‍ വ്യാജ ജാമ്യപത്രം (എല്‍ഒയു) നല്‍കിയെന്നതാണു കേസ്. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചവടവില്‍ വീഴ്ചവരികയും അവര്‍ പിഎന്‍ബിയോടു പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.