കാലവര്‍ഷം: മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം

Monday 11 June 2018 12:08 pm IST

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പുറമെ സര്‍ക്കാര്‍ ഫണ്ടും ഉറപ്പാക്കും. കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 18,000 രൂപ വീതം നല്‍കുമെന്നും റവന്യൂ മന്ത്രി നിയമസഭയില്‍ അറിയിച്ചു. 

മലയോര മേഖലയില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക് ഒരു ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ 90,000 രൂപ വീതവും നല്‍കും. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം. കനത്ത മഴയില്‍ സംസ്ഥാനത്ത് ആകെ 2784 കര്‍ഷകര്‍ക്കായി 188 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു. 6 കോടി 34 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട വിവരങ്ങള്‍ കൈമാറാന്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും റവന്യൂ മന്ത്രി നിയമ സഭയെ അറിയിച്ചു.

ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുള്ളത്. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേയ്ക്ക് വെള്ളത്തിന്റെ അളവ് എത്തിയിട്ടുണ്ട്. ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കാവുന്ന അവസ്ഥയിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.