കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; ബുധനാഴ്ച വരെ ശക്തമായ മഴ

Monday 11 June 2018 12:16 pm IST
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. രണ്ടാം ദിവസവും തുടര്‍ച്ചയായി തകര്‍ത്തു പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. രണ്ടാം ദിവസവും തുടര്‍ച്ചയായി തകര്‍ത്തു പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും  നിരവധി  നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്.

കാസര്‍ഗോഡ് ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലയോര മേഖലയിലാണ് കൂടുതല്‍ അപകടങ്ങള്‍. ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും അപകട ഭീതിയിലാണ്. തീരദേശവാസികള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കലകക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നിട്ടുണ്ട്. ഇവിടെ 23 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായം തകര്‍ന്നു. താമരശേരി താലൂക്കിലെ കിനാലൂര്‍ വില്ലേജില്‍ ഒരു വീടിന് സ്ലാബിന് വിള്ളലുണ്ടായി. ആയ ബേരി വില്ലേജ് പരിധിയില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു രവീന്ദ്രന്‍ നരിപ്പറ്റക്കാണ് പരുക്കേറ്റത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

കൊച്ചി ചെല്ലാനത്ത് കടലാക്രമണം ശക്തമായിരിക്കുകയാണ്. പത്തിലേറെ വീടുകളില്‍ വെള്ളം കയറി. അടിമാലി-മൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍പൊട്ടലുണ്ടായി. മൂന്നാര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംബിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. തീരദേശമേഖലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നെങ്കിലും ഇതുവരെ ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഹൈറേഞ്ച് ഭാഗങ്ങളെല്ലാം ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 60കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.