കാലവര്‍ഷം; 1288 വീടുകള്‍ തകര്‍ന്നു

Tuesday 12 June 2018 2:32 am IST

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ 1288 വീടുകള്‍ തകര്‍ന്നു. 16 പേര്‍ മരണമടയുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു.  എഴുപത് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരണമടഞ്ഞവരില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ  ഏഴു പേര്‍ മുങ്ങിമരിക്കുകയായിരുന്നു. 5 പേര്‍ മരം വീണു മരിച്ചു. മറ്റുള്ളവര്‍ ഷോക്കേറ്റും മതിലിടിഞ്ഞ് വീണുമാണ് മരിച്ചത്. 188.41 ഹെക്ടറിലായി 634.08 ലക്ഷം രൂപയുടെ കൃഷി നാശവും സംഭവിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്ന് നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് മലയോര മേഖലയില്‍ 1,01,900 രൂപയും മറ്റ് പ്രദേശങ്ങളില്‍ 95,100 രൂപയും നല്‍കും. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് തീരത്തു നിന്നും 50 മീറ്റര്‍ പരിധിക്കുള്ളിലാണെങ്കില്‍ നാല് ലക്ഷം രൂപയും പരിധിക്ക് പുറത്ത് മാറി താമസിക്കുകയാണെങ്കില്‍ ആറ് ലക്ഷവും  നല്‍കും. കൃഷി നാശത്തിന് ഒരു ഹെക്ടറില്‍ പരമാവധി 18000 രൂപ വരെനല്‍കും. അടിയന്തര സാഹചര്യം നേരിടാന്‍  തീരദേശ ജില്ലകള്‍ക്ക് 50 ലക്ഷം രൂപയും മറ്റ് ജില്ലകള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ചുള്ള തുകയും മുന്‍കൂറായി നല്‍കും.  

ഇടുക്കി ജില്ലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാറ്റ്‌ലൈറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ട വകുപ്പുകളുടെ  പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പും സൃഷ്ടിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.