അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം; കേന്ദ്രത്തിന് നന്ദി പറഞ്ഞ് ശോഭ

Tuesday 12 June 2018 2:35 am IST

കൊച്ചി: അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാരും ബിജെപിയും വഹിച്ച പങ്കിന് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം പറഞ്ഞുനടക്കാന്‍ താല്‍പ്പര്യം ഇല്ലായിരുന്നെങ്കിലും സഖാക്കള്‍ വിവാദമുണ്ടാക്കാനും മറ്റും ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണമെന്നും ശോഭ ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ് ബുക്ക് പോസ്റ്റില്‍ പോസ്റ്റില്‍ നിന്ന് 

'അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വഹിച്ച പങ്ക് അദ്ദേഹം തന്നെ സാവകാശത്തില്‍ വെളിപ്പെടുത്തുമല്ലോ എന്നു കരുതിയാണ് അതിലേക്കൊന്നും കടക്കാതെ അതിനായി യത്‌നിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുക മാത്രം ചെയ്തത്. എന്നാല്‍ അതില്‍ വിവാദം ഉണ്ടാക്കാനും ഇതൊക്കെ വെറും വീമ്പുപറച്ചില്‍ ആണെന്ന്  പ്രചരിപ്പിക്കാനും ചില ശ്രമിക്കുന്നതു കൊണ്ടാണ് വിശദമായ കുറിപ്പ്.

2017 മേയ് 17ന് അദ്ദേഹത്തിന്റെ പത്‌നി ഇന്ദിര രാമചന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഞാന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ദല്‍ഹിയില്‍ പോയി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനെയും  കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെയും  കണ്ടു. രോഗാവസ്ഥയില്‍ ക്ഷീണിതയായിരുന്നിട്ടുപോലും അവര്‍ അപ്പോള്‍ തന്നെ അംബാസിഡര്‍  നവദ്വീപ്‌സിങ് സൂരിയെയും കോണ്‍സുലേറ്റ് ജനറല്‍ വിപുലിനെയും വിളിച്ചു ചുമതലകള്‍ ഏല്‍പ്പിച്ചു. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് എല്ലാ സഹായവും  ഉറപ്പു നല്‍കി.

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് എല്ലാ സഹായങ്ങളും ചെയ്തു കിട്ടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും  എംഎല്‍എ ഒ. രാജഗോപാലും സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഗള്‍ഫില്‍ പോയി ഇന്ദിരാ രാമചന്ദ്രനെ സന്ദര്‍ശിച്ചു. അവിടുത്തെ ഉന്നതാധികാരികളുമായി ചര്‍ച്ചനടത്തി. കേന്ദ്രമന്ത്രി  വി.കെ. സിങ്ങും പലപ്പോഴായി സഹായിച്ചു. ബാങ്കുകളുമായി ചര്‍ച്ച നടത്തി.  അന്തിമഘട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ബിജെപി നാഷണല്‍ എക്‌സിക്യൂട്ടിവ് മെമ്പര്‍ അരവിന്ദ് മേനോനാണ്.  അതിന്റെ കൂടി പൂര്‍ണതയിലാണ് മോചനം സാധ്യമായത്.

  കേരളത്തിലെ ഇടതു വലതു മുന്നണികള്‍ അദ്ദേഹത്തിന്റെ നല്ല കാലത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു, എന്നാല്‍ ബിസിനസ്സില്‍ വീഴ്ച പറ്റിയ സമയത്ത് സഹായത്തിനാരെയും കണ്ടില്ല. ഇരുപത്തഞ്ചു മാസത്തോളമായി ഞാന്‍ ഇതിനു വേണ്ടി പ്രവൃത്തിച്ചിരുന്നു എങ്കിലും പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സ്വഭാവം ഞങ്ങള്‍ക്കില്ലാത്തത് കൊണ്ടാണ് ഇതൊന്നും പറഞ്ഞു കൊണ്ടിരിക്കാഞ്ഞത്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ പറയിപ്പിച്ചതാണ് ഞങ്ങളെ കൊണ്ട്.. അവര്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.