അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെ ഭീകരരുടെ സംയുക്തനീക്കം

Tuesday 12 June 2018 2:48 am IST

ന്യൂദല്‍ഹി: ഇന്ത്യയെ തകര്‍ക്കാന്‍ അതിര്‍ത്തിക്കപ്പുറത്ത് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ഹിസ്ബുള്‍ മുജാഹിദ്ദീനും ജെയ്‌ഷെ മുഹമ്മദും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി പിടിയിലായ ജയ്‌ഷെ ഭീകരന്‍ ആഷിഖ് ബാബയുടെ വെളിപ്പെടുത്തല്‍.

2016ല്‍ നഗ്രോദ സൈനിക ക്യാമ്പ് ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ആഷിഖ് ബാബ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടിയിലായത്. ഖൈബര്‍ പക്തുന്‍ക്വയിലെ മന്‍ഷേരയിലാണ് ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്‌ഷെ ഭീകരര്‍  സംയുക്ത പരിശീലനം നടത്തുന്നത്. പാക് സൈന്യത്തിന്റെയും പാക് ചാര സംഘടന ഐഎസ്‌ഐയുടേയും മേല്‍നോട്ടത്തിലാണിത്. 

അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് ഭീകരര്‍ക്ക് നുഴഞ്ഞു കയറുന്നതിന് സൗകര്യമൊരുക്കുന്നത് അബ്ദുള്ള എന്നയാളാണ്. മാത്രമല്ല, 2017ല്‍ പുല്‍വാമയിലെ പോലീസ് ക്യാമ്പില്‍ എട്ട് ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമായ ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ ഭീകരനാണെന്നും ഇയാള്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദിന്റെ കശ്മീര്‍ വിഭാഗം തലവനായ മുഫ്തി വഖാസിനാണെന്ന് ആഷിഖ് ബാബ പറഞ്ഞു. ഇയാള്‍ക്ക് നേരിട്ട് ജയ്‌ഷെ മുഹമ്മദ് നേതാക്കളുമായി ബന്ധമുണ്ട്. മാത്രമല്ല  പാക്കിസ്ഥാനില്‍ ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിനെ സന്ദര്‍ശിച്ച് ജിഹാദി പ്രവര്‍ത്തകരെ സ്വീകരിക്കേണ്ടതിനെ കുറിച്ചും അവര്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പുല്‍വാമ ആക്രമണം നടത്തിയത് ഇന്ത്യന്‍ സൈനികരുടെ വസ്ത്രം ധരിച്ചെത്തിയ മൂന്ന് ജയ്‌ഷെ ഭീകരരായിരുന്നു. 2017 ആഗസ്റ്റ് 26നായിരുന്നു ആക്രമണം. ഇതിന് നേതൃത്വം നല്‍കിയ മുഫ്തി വഖാസിനെ ഈ വര്‍ഷം ഫെബ്രുവരി 11നു നടന്ന സുന്‍ജുവാന്‍ ആര്‍മി ക്യാമ്പ് ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചിരുന്നു. 

2015-17 കാലയളവുകളില്‍ ആഷിഖ് ബാബ നിരവധി തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ജയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ്, മൗലാന മുഫ്തി അസ്ഗര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ആക്രമണങ്ങളും നുഴഞ്ഞു കയറുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. 

മാത്രമല്ല ഇയാള്‍ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഭഗവല്‍പൂര്‍ സന്ദര്‍ശിച്ചത് പാക്കിസ്ഥാന്‍ വിസയോടു കൂടിയാണ്. ഇതിന് സയിദ് അലി ഗിലാനി ഉള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ സഹായവും ലഭിച്ചിരുന്നു. 

പരിശീലനം ലഭിച്ച ഭീകരരെ എവിടെ, എങ്ങനെ സ്വീകരിക്കണം, എന്തെല്ലാം സഹായങ്ങള്‍ നല്‍കണം, ആക്രമണങ്ങള്‍ നടത്തേണ്ട ഇടങ്ങളില്‍ എത്തിക്കണം എന്നതിനെ കുറിച്ച് ജയ്‌ഷെ നേതാക്കളില്‍ നിന്നും നേരിട്ട് നിര്‍ദേശം ലഭിച്ചയാളാണ് ആഷിഖ് ബാബ. മാത്രമല്ല ഈ സഹായങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇയാളുടെ അക്കൗണ്ടില്‍ നിന്നും പണമെത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.