ആഗസ്തിനു മുന്‍പ് സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ്

Tuesday 12 June 2018 2:49 am IST

തിരുവല്ല: സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) സുരക്ഷാ സംവിധാനം ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. സ്‌കൂള്‍ വാഹനങ്ങളിലും സ്വകാര്യ ബസ്സുകളിലും പെട്രോളിയം ടാങ്കര്‍ ലോറികളിലുമാണ് ഈ സംവിധാനം ഘടിപ്പിക്കുക.  ആദ്യപടിയായി ആഗസ്ത് 31ന് മുമ്പ് സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ച്ചിനു മുമ്പ് കേരളത്തിലെ പതിനയ്യായിരത്തോളം സ്വകാര്യബസ്സുകളിലും ടാങ്കര്‍ വാഹനങ്ങളിലും ജിപിഎസ്  ഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡീസ് (സി-ഡാക്) ആണ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്. ജിപിഎസ്  ഒരുക്കാന്‍  ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങളും സോഫ്റ്റ്‌വെയറും സി -ഡാക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 6.42 കോടി രൂപയ്ക്കാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇതിനുള്ള കരാര്‍ സി-ഡാക്കിന് നല്‍കിയത്.

വാഹനങ്ങളെ ട്രാക്ക് ചെയ്യാനും വേഗതയും ദിശയും കൃത്യമായി അറിയാനും അമിത വേഗത മൂലമുള്ള അപകടങ്ങള്‍ പെട്ടെന്ന് കണ്ടെത്താനും ഇത് സഹായിക്കും.  സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകള്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനും ജിപിഎസിലൂടെ സാധിക്കും. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ആദ്യം മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലും അവിടെ നിന്ന് റീജിയണല്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കും വിവരം കൈമാറും. കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ആശുപത്രികളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.