നിപ വില്ലനായി; ബിഫാം പരീക്ഷ വൈകുന്നു; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Tuesday 12 June 2018 3:00 am IST

അമ്പലപ്പുഴ: ബിഫാമിന്റെ പരീക്ഷ നടന്നില്ല, എംഫാമിന് അപേക്ഷ നല്‍കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ വലയുന്നു. നിപ വൈറസ് പനി ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ മാസം നടത്താന്‍ നിശ്ചയിച്ചിരുന്ന ബിഫാം പരീക്ഷയാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. നാല് വര്‍ഷത്തെ കോഴ്സിന്റെ ആറു പരീക്ഷകളില്‍ ഒരു പരീക്ഷ മാത്രമാണ് കഴിഞ്ഞത്. ഇനി അഞ്ച് വിഷയങ്ങളുടെ പരീക്ഷയും പ്രാക്ടിക്കലും നടക്കാനുണ്ട്. 

 ഈ പരീക്ഷകളുടെ തീയതി പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് എംഫാമിന്റെ പ്രവേശനത്തിനുള്ള അവസാന തീയതി സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. ഈ മാസം 18ന് മുന്‍പ് എംഫാമിന്റ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം ബിഫാം പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എംഫാമിന് അപേക്ഷ നല്‍കാന്‍ കഴിയാത്ത സ്ഥിതിയായി. സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അവസരമാണ് സര്‍വകലാശാലയുടെ ഈ നിലപാടു മൂലം നഷ്ടമായത്. 

കഴിഞ്ഞ വര്‍ഷം ബിഫാം പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ വര്‍ഷം എംഫാമിന് അപേക്ഷിക്കാന്‍ കഴിയൂ. ഈ മാസം 18ന് മുന്‍പ് ബിഫാം പരീക്ഷ പൂര്‍ത്തീകരിക്കാനുള്ള സാധ്യതയില്ലെന്നാണ് സര്‍വകലാശാലയുടെ ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിച്ച മറുപടി. ഇതു കണക്കിലെടുത്ത് എംഫാമിന്റെ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.