ഒമ്പത് മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍

Tuesday 12 June 2018 3:03 am IST

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാര്‍ക്കെതിരെ വിജലന്‍സ് അന്വേഷണം നടന്നുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. ആറുപേര്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. 

 മുന്‍ മന്ത്രി കെ.എം. മാണിക്കെതിരെ നാലു കേസുകളില്‍ അന്വേഷണം നടക്കുന്നു. എന്നാല്‍ മാണിക്കെതിരെയും മുന്‍ മന്ത്രി കെ. ബാബുവിനെതിരെയും നടക്കുന്ന ബാര്‍ക്കോഴയിലെ അന്വേഷണം മുഖ്യമന്ത്രി രേഖകളില്‍ നിന്ന് ഒഴിവാക്കി.

കെ. ബാബുവിനെതിരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു ബാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കിയതു സംബന്ധിച്ചാണ് അന്വേഷണം. കൂടാതെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു മുവാറ്റുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. മുന്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ മൂന്നു കേസുകളില്‍ അന്വേഷണം നടക്കുന്നു. കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യവില്‍പനയിലെ ക്രമക്കേട്, തൃശൂര്‍ കോപ്പറേറ്റീവ് ബാങ്കില്‍ ലോണ്‍ അനുവദിക്കുന്നതിലെ അഴിമതി, ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ സപ്ലൈ ഓര്‍ഡര്‍ നല്‍കിയത് എന്നീ കേസുകളിലാണ് അന്വേഷണം.

അനധികൃത സ്വത്ത് സമ്പാദനം, ബിനാമി പേരില്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എന്നിവയില്‍ മുന്‍  ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനെതിരെയും മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ 127.85 ഏക്കര്‍ നെല്‍ വയല്‍ ഉള്‍പ്പെട്ട  കൃഷി സ്ഥലം അനധികൃതമായി ദാനം ചെയ്തതിനെതിരെയും  അന്വേഷണം നടക്കുന്നു.

എം.കെ. മുനീറിനെതിരെ ബാലവകാശ കമ്മീഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും, ബിഷപ്പ് യേശുദാസന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് അനുമതി നല്‍കിയതിലെ ക്രമക്കേടിന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബിനെതിരെയും അന്വേഷണം നടക്കുന്നു. കേരള സബോര്‍ഡിനേറ്റ് റൂള്‍ അവഗണിച്ച് ഫീല്‍ഡ് അസിസ്റ്റന്റുമാരെ നിയമിച്ചതും, കേരള സ്‌റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷനില്‍ എംഡി നിയമനത്തിലെ ക്രമക്കേടിനും മുന്‍ കൃഷി മന്ത്രി കെ.പി. മോഹനനെതിരെയുമാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.