കൊക്കകോള ഉടമ പഴയ സര്‍ബത്ത് കച്ചവടക്കാരന്‍; രാഹുലിനെ ട്രോളി സോഷ്യല്‍മീഡിയ

Tuesday 12 June 2018 3:06 am IST

ന്യൂദല്‍ഹി: കൊക്കക്കോള മുതലാളി പഴയ സര്‍ബത്ത് കച്ചവടക്കാരന്‍, മക്‌ഡൊണാള്‍ഡ് ഉടമ തട്ടുകട നടത്തിയയാള്‍; രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം.

സര്‍ബത്ത് കച്ചവടക്കാരനും തട്ടുകടക്കാരനും അമേരിക്കയില്‍ വലിയ വലിയ കമ്പനികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞെന്നും ഇന്ത്യയില്‍ അതിന് അവസരങ്ങളില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം. സ്വാതന്ത്ര്യത്തിന് ശേഷം അറുപത് വര്‍ഷവും രാഹുലിന്റെ പാര്‍ട്ടിയും രാഹുലിന്റെ കുടുംബവുമാണ് രാജ്യം ഭരിച്ചതെന്നും പാവപ്പെട്ടവര്‍ക്ക് യാതൊരു ഉയര്‍ച്ചയും ലഭിക്കാത്ത സാഹചര്യം കോണ്‍ഗ്രസാണ് രാജ്യത്ത് സൃഷ്ടിച്ചതെന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനം. 

കൊക്കക്കോള, മക്‌ഡൊണാള്‍ഡ് ഉടമകളെ സര്‍ബത്ത് കച്ചവടക്കാരനും തട്ടുകടക്കാരനുമായി വിശേഷിപ്പിച്ച രാഹുലിനെ പരിഹസിച്ചുകൊണ്ട് ആയിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകളിട്ടത്. മെഴ്‌സിഡസ് കമ്പനിയും ഹോണ്ട കമ്പനിനും ഫോര്‍ഡ് കമ്പനിയും ആരംഭിച്ചത് മെക്കാനിക്കുകളായിരുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ ഇത്തരത്തില്‍ മെക്കാനിക്കുകള്‍ ഉയര്‍ന്നു വന്നിട്ടില്ലെന്നും രാഹുല്‍ പ്രസംഗിച്ചു. ഇന്ത്യയില്‍ മെക്കാനിക്കുകള്‍ ആരംഭിച്ച ഓട്ടോമൊബൈല്‍ കമ്പനി ചൂണ്ടിക്കാണിച്ചു നല്‍കാനാവുമോയെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യയില്‍ ഇത്തരക്കാര്‍ക്ക് വേണ്ടി ബാങ്കുകള്‍ വാതിലുകള്‍ അടച്ചിടുന്നതായും രാഹുല്‍ പറഞ്ഞു. 

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ചെറുകിട മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന മുദ്രായോജന വഴി ലക്ഷക്കണക്കിന് പേര്‍ക്കാണ് ഇതുവരെ വായ്പകള്‍ ലഭിച്ചത്. ഇത്തരത്തിലുള്ള യാതൊരു പദ്ധതികളും കഴിഞ്ഞ അറുപത് വര്‍ഷത്തിനിടെ പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസിനെയാണ് രാഹുല്‍ യഥാര്‍ത്ഥത്തില്‍ കുറ്റപ്പെടുത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പരിഹാസമായി നിറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.