ഹൈടെക് സ്‌കൂള്‍ പദ്ധതി; സമഗ്ര പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ ആശയക്കുഴപ്പം

Tuesday 12 June 2018 3:07 am IST

കോട്ടയം: സ്‌കൂളുകളില്‍ ഹൈടെക് വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പഠന സാമഗ്രികള്‍ പൂര്‍ണ്ണമായും ലഭ്യമാക്കാന്‍ തയാറാക്കിയ സമഗ്ര പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ ആശയക്കുഴപ്പം. അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കാത്തതും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പൂര്‍ണ്ണമായി സജ്ജമാകാത്തതുമാണ് കാരണം. നാല് ദിവസത്തെ പരിശീലനമാണ് അധ്യാപകര്‍ക്ക് നിശ്ചയിച്ചത്. ഇതേ അധ്യാപകര്‍ക്ക് തന്നെ അവരുടെ വിഷയവുമായി ബന്ധപ്പെട്ട പരിശീലനവും അവധിക്കാലത്ത് ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ സമഗ്രയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പരിശീലനം വരെയെ എത്തിയിട്ടുള്ളു. 

 ഐടി അനുബന്ധ സേവനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമില്ലാത്ത അധ്യാപകരാണ് സമഗ്ര പോര്‍ട്ടലില്‍ നിന്ന് പഠന സാമഗ്രികള്‍ എടുത്ത് അധ്യയനം നടത്താന്‍ ബുദ്ധിമുട്ടുന്നത്.   ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഓരോ യൂണിറ്റിലെയും ഒരോ പീരിയഡിലെയും പഠന പ്രവര്‍ത്തനത്തിന്റെ മാതൃകാ ആസൂത്രണമാണ് സമഗ്ര എന്ന് പേരിട്ട പോര്‍ട്ടലിലൂടെ ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി അച്ചടിച്ചു നല്‍കുന്ന അധ്യാപന സഹായി ഉണ്ടാകില്ല. ഒരോ യൂണിറ്റിനായി തയ്യാറാക്കുന്ന പാഠാസൂത്രണവും ഇനി പഴയ രൂപത്തില്‍ ഉണ്ടാവില്ല. പകരം പഠന പ്രവര്‍ത്തനത്തിനാവശ്യമായ ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, നിശ്ചല, ചലന ദൃശ്യങ്ങള്‍, ചലച്ചിത്ര ഭാഗങ്ങള്‍ തുടങ്ങിയവ സമഗ്രയിലുണ്ടാകും. സമഗ്രയില്‍ നിന്ന് ലഭിക്കുന്ന മാതൃകയനുസരിച്ച് അധ്യാപകര്‍ തയാറാക്കുന്ന പാഠാസൂത്രണം കൂടുതല്‍ മെച്ചപ്പെട്ടതാണെങ്കില്‍ സമഗ്രയില്‍ കൂട്ടിച്ചേര്‍ക്കാം.      

സര്‍ക്കാര്‍ സ്‌കൂളുകളിലും കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തയാറാക്കുന്ന പദ്ധതി വളരെയധികം മുന്നോട്ട് പോയെങ്കിലും മാനേജ്‌മെന്റ് സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ പിന്നിലാണ്. വനവാസി, പിന്നാക്ക മേഖലകളിലെ സ്‌കൂളുകളിലെ അവസ്ഥയും ഇത് തന്നെ. അതേസമയം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഇല്ലെങ്കില്‍ അധ്യയനത്തിനായി സാമഗ്രികള്‍ ലാപ്‌ടോപ്പിന്റെ സഹായത്തോടെ കാണിച്ചാല്‍ മതിയെന്നാണ് ഐടി സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എല്ലാ സ്‌കൂളുകള്‍ക്കും ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

ജി. അനൂപ് 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.