പുതുതലമുറ വേദസംസ്കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം: തഥാതന്‍ സ്വാമികള്‍

Sunday 11 November 2012 10:14 pm IST

സ്വന്തം ലേഖകന്‍കണ്ണാടിപ്പറമ്പ്‌: വളര്‍ന്നുവരുന്ന പുതുതലമുറ ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ നാടിന്‌ നല്‍കിയ മഹത്തരവും ഉത്കൃഷ്ടവുമായ വേദ സംസ്കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്ന്‌ പാലക്കാട്‌ തപോവരിഷ്ഠാശ്രമത്തിലെ തഥാതന്‍ സ്വാമികള്‍ പറഞ്ഞു. കണ്ണാടിപ്പറമ്പ്‌ ശ്രീധര്‍മ്മശാസ്താ-ശിവക്ഷേത്രത്തില്‍ നടന്നുവന്ന അതിരുദ്രമഹായജ്ഞത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വേദങ്ങളേയും യജ്ഞങ്ങളേയുംകുറിച്ച്‌ പഠിക്കാന്‍ ഇന്ന്‌ അവസരം ഇല്ല. ഇവ പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം. വേദമന്ത്രങ്ങളേയും യജ്ഞങ്ങളേയും കുറിച്ച്‌ സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാന്‍ നമുക്ക്‌ സാധിക്കണം. യജ്ഞസംസ്കാരം സൃഷ്ടി കാലം മുതലുള്ളതാണ്‌. പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടത്‌ ഇത്തരത്തിലാണ്‌. ഋഷീശ്വരന്‍മാരും തപസികളും യോഗികളും പ്രപഞ്ചത്തിനടിസ്ഥാനമെന്ന്‌ കണ്ടെത്തി പരിപാലിച്ചുപോന്ന ഇത്തരം യജ്ഞങ്ങള്‍ക്കും യാഗങ്ങള്‍ക്കും പുതിയകാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്‌. ലോകത്തിലെ സമൂഹത്തില്‍ മുഴുവന്‍ തമസ്‌ നിറഞ്ഞിരിക്കുകയാണ്‌. ജനം അസ്വസ്ഥരാണ്‌. രാഷ്ട്രബോധമോ, ഗാര്‍ഹസ്ഥ്യബോധമോ ഇല്ലാതായിരിക്കുന്നു. ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള സ്ഫോടക വസ്തുക്കളുമായി അധാര്‍മ്മിക ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്‌. ഇതിനെല്ലാം പരിഹാരം ഭാരതത്തിനുമാത്രം അവകാശപ്പെട്ട യജ്ഞ സംസ്കാരമാണെന്നും സ്വാമികള്‍ പറഞ്ഞു. എന്നാല്‍ ഇത്‌ മനസ്സിലാക്കാന്‍ ഭാരത മക്കള്‍ക്ക്‌ സാധിച്ചുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. ഭാരതത്തിണ്റ്റെ സാംസ്കാരിക മഹിമയൊന്നുമാത്രമാണ്‌ ലോകരാഷ്ട്രങ്ങള്‍ ഭാരതത്തെ നമിക്കാന്‍ കാരണം. സ്വര്‍ഗ്ഗ പ്രപഞ്ചമായി മാറാന്‍ മാത്രം വരിഷ്ടതകളുള്ള നാടാണ്‌ ഭാരതം. ൨൦൧൨ ഡിസംബര്‍ ൨൧ ഓടുകൂടി ലോകത്തിണ്റ്റെ ഗതിമാറുമെന്നും ഒരുസന്ധി കടന്നുപോകുമെന്നും ഈ സമയത്ത്‌ നന്‍മകളോ തിന്‍മകളോ സംഭവിക്കാമെന്നും എല്ലാത്തിനും പരിഹാരമായി വേദസംസ്കാരം ലോകത്തിണ്റ്റെ കോണുകളിലേക്ക്‌ പ്രചരിക്കപ്പെടുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മാറ്റിയെടുക്കാന്‍ ഒരേയൊരുവഴി ഇത്തരം യജ്ഞങ്ങള്‍ മാത്രമാണ്‌. ജനങ്ങള്‍ക്ക്‌ ധര്‍മ്മത്തിണ്റ്റെ വഴി കാട്ടിക്കൊടുക്കാന്‍ യജ്ഞങ്ങള്‍ ഉപകാരപ്പെടും. ഓരോ ഭാരതീയനും വേദമന്ത്രം പഠിക്കാന്‍ തയ്യാറാവണം. ഗായത്രീമന്ത്രവും രുദ്രാക്ഷരവും ജപിച്ചാല്‍ സര്‍വ്വൈശ്വര്യവും വന്നുഭവിക്കുമെന്നും കഴിഞ്ഞ ൧൧ ദിവസങ്ങളിലായി യജ്ഞവേദിയില്‍ നിന്ന്‌ ലഭിച്ച ഊര്‍ജ്ജം സാമൂഹ്യ നന്‍മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും സ്വാമികള്‍ പറഞ്ഞു. ചടങ്ങില്‍ യജ്ഞസമിതി ചെയര്‍മാന്‍ പഞ്ചിക്കല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.