കേന്ദ്രമന്ത്രി സ്മൃതി ഇറാനി താഴമണ്‍ മഠം സന്ദര്‍ശിച്ചു

Tuesday 12 June 2018 3:12 am IST
"സമ്പര്‍ക്ക് സേ സമര്‍ഥന്റെ ഭാഗമായി താഴമണ്‍മഠത്തിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കണ്ഠര് രാജീവരര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന ലഘുലേഖ നല്‍കുന്നു"

ചെങ്ങന്നൂര്‍: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല തന്ത്രി കുടുംബമായ താഴമണ്‍മഠം സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുളള സമ്പര്‍ക്ക പരിപാടി  സമ്പര്‍ക്ക് സേ സമര്‍ഥന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. വി. മുരളീധരന്‍ എംപിയോടൊപ്പം  അന്തരിച്ച വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ വീട്ടിലാണ് ആദ്യമെത്തിയത്.

വലിയ തന്ത്രിയുടെ ഛയാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനത്തെ ആശ്വസിപ്പിച്ചു. മകന്‍ കണ്ഠര് മോഹനര്, ഭാര്യ ആശ എന്നിവരുമായി സംസാരിച്ചു. തുടര്‍ന്ന് തൊട്ടടുത്തുളള തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി. രാജീവര് കസവ് നേരിയതും ഭാര്യ ബിന്ദു ഏലയ്ക്കാ മാലയും ചാര്‍ത്തി സ്മൃതിയെ സ്വീകരിച്ചു. 

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കപ്പഴമാണ് സ്മൃതിക്ക് കഴിക്കാന്‍ നല്‍കിയത്. 1937ല്‍ മഹാത്മാഗാന്ധി ഹരിജനങ്ങളോടൊപ്പം താഴമണ്‍മഠം സന്ദര്‍ശിച്ച കാര്യം രാജീവര് പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് രാജീവര് മന്ത്രിയോട് ആവശ്യപ്പെട്ടു. 

ഇക്കാര്യം വേണ്ട വിധത്തില്‍ പരിഗണിക്കുമെന്നും സ്വദേശ് ദര്‍ശന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.  സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖ നല്‍കിയ മന്ത്രി രാജീവരോട് നിര്‍ദേശങ്ങളും ആരാഞ്ഞു. ദല്‍ഹിയില്‍ വരുമ്പോള്‍ വീട്ടിലേക്ക് വരാന്‍ രാജീവരെയും ഭാര്യയേയും ക്ഷണിച്ചാണ് സ്മൃതി ഇറാനി മടങ്ങിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.