നാരദന്റെ ജിജ്ഞാസ

Tuesday 12 June 2018 3:15 am IST

ഛാന്ദോഗ്യോപനിഷത്ത് 52

ബ്രഹ്മത്തെ 'ഭൂമാവ' എന്ന നിരതിശയമായ തത്ത്വമായി വിവരിക്കുകയാണ് ഈ അദ്ധ്യായത്തില്‍. നാരദ  സനത് കുമാര സംവാദ രൂപത്തിലാണ്  അവതരിപ്പിച്ചിരിക്കുന്നത്.

ഓം അധീഹി ഭഗവ ഇതിഹോപസസാദ സനത് കുമാരം നാരദസ്തം ഹോ പാച; യദ് വേത്ഥ തേന മോപസീദ, തതസ്ത ഊര്‍ധ്വം വക്ഷ്യാമീതി

ഭഗവാനേ, എന്നെ അധ്യയനം ചെയ്യിക്കണം എന്നാവശ്യപ്പെട്ട് നാരദന്‍ സനത് കുമാരനെ സമീപിച്ചു. അങ്ങേക്ക് എന്തെല്ലാം അറിയാമെന്ന് പറയൂ... അതിന് അപ്പുറമുള്ളതെല്ലാം ഞാന്‍ ഉപദേശിക്കാം എന്ന് സനത് കുമാരന്‍ പറഞ്ഞു.

 നാരദനെപ്പോലെ ഒരാള്‍ നല്ല അറിവുള്ളവനാണെന്ന് സനത് കുമാരനറിയാം. പിന്നെ എന്തുകൊണ്ടാകും പഠിപ്പിച്ചു തരാന്‍ ആവശ്യപ്പെട്ടത്? അതിനാല്‍ അദ്ദേഹത്തിന് എന്തൊക്കെ അറിയാമോ എന്ന് നോക്കി അറിയാത്ത കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ മതിയല്ലോ... 

സ ഹോവാച, ഋഗ്വേദം ഭഗ വോളധ്യേമി യജുര്‍വേദം സാമവേദമാഥര്‍വ്വണം ചതുര്‍ത്ഥമിതി ഹാസപുരാണം പഞ്ചമം വേദാനാം വേദം പിത്ര്യം രാശിം ദൈവം നിധിം വാകോവാക്യമേകായനം ദേവവിദ്യാം ബ്രഹ്മവിദ്യാം ഭൂതവിദ്യാം ക്ഷത്രവിദ്യാം നക്ഷത്ര വിദ്യാം സര്‍പ്പദേവ ജനവിദ്യാമേതദ് ഭഗവോ ളധ്യേമി.

ഭഗവാനേ... ഋഗ്വേദം, യജുര്‍വേദം, സാമവേദം, നാലാം വേദമായ അഥര്‍വ്വം, പഞ്ചമവേദമായ ഇതിഹാസ പുരാണങ്ങള്‍, വ്യാകരണം, ശ്രാദ്ധകല്പം, ഗണിതം, ആധിദൈവീക ശാസ്ത്രം, നിധിശാസ്ത്രം, തര്‍ക്കശാസ്ത്രം, നീതിശാസ്ത്രം, നിരുക്തം, ശിക്ഷാ, കല്പം മുതലായ വേദ ശാസ്ത്രം, ഭൂതതന്ത്രം, ധനുര്‍വേദം, ജ്യോതിഷം, സര്‍പ്പവിദ്യ എന്ന ഗാരുഡം, ദേവജനവിദ്യ എന്ന നൃത്യ ഗീത വാദ്യം  തുടങ്ങിയവയുടെ അറിവ് എനിക്കുï്.

 നാരദന് ഇതിലും അധികം കാര്യങ്ങള്‍ അറിയാമെങ്കിലും ചിലത് മാത്രമാണ് പറഞ്ഞത്. ഇത്രയും ശാസ്ത്രങ്ങള്‍ അറിയാമായിരുന്നിട്ടും നാരദന് മനശ്ശാന്തി കിട്ടിയില്ല. അതിനാലാണ് സനത്കുമാരനെ സമീപിച്ചത്.

സോളഹം ഭഗവോ മന്ത്ര വിദേവാസ്മി, നാത്മവിത്, ശ്രുതം ഹ്യേവ മേ ഭഗവദ് ദൃശേഭ്യസ്തരതി ശോകമാത്മവിദിതി, സോഹം ഭഗവഃ ശോചാമി, തം മാ ഭഗവാന്‍ ശോകസ്യ പാരം താരയത്വിതി, തം ഹോ വാച യദ് വൈ കിഞ്ചൈതദധ്യഗീഷ്ഠാ നാമൈവേതത്.

ഭഗവാനേ... ഞാന്‍ മന്ത്രത്തെ അറിയുന്നവന്‍ മാത്രമാണ്. ആത്മാവിനെ അറിയുന്നവനല്ല. ആത്മാവിനെ അറിയുന്നയാള്‍ ശോകത്തെ തരണം ചെയ്യുമെന്ന് അങ്ങയെപ്പോലെയുള്ളവരില്‍ നിന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ സങ്കടത്തിലാണ്. അങ്ങനെയുള്ള എന്നെ അങ്ങ് ശോകത്തിന്റെ മറുകരയില്‍ എത്തിക്കണേയെന്ന് നാരദന്‍ പറഞ്ഞു. ഇത് കേട്ട സനത് കുമാരന്‍ പറഞ്ഞു. 'അങ്ങ് പഠിച്ചതെല്ലാം നാമം മാത്രമാണ്'.

 മന്ത്രങ്ങളുടെ ശബ്ദവും അര്‍ത്ഥവും അറിയുന്നവനാണ് മന്ത്രവിത്ത്.ആത്മാവിനെ ശബ്ദം കൊണ്ടെന്നും വിവരിക്കാനാവില്ല. പരമാത്മ തത്വത്തെ അറിയുന്നവനാണ് ആത്മവിത്ത്. ആത്മജ്ഞാനമുള്ളവനു മാത്രമേ കൃതാര്‍ത്ഥത ഉണ്ടാകൂ. അല്ലെങ്കില്‍ എപ്പോഴും ദുഃഖമായിരിക്കും. നാരദന്‍ എല്ലാം പഠിച്ചിരുന്നുവെങ്കിലും ആത്മതത്വം നേടാത്തതിനാല്‍ കൃതാര്‍ത്ഥത വരാതെ ശോകമുണ്ടായി. ഇതിനെ മറികടക്കാനായി തനിക്ക് ആത്മജ്ഞാനത്തെ അരുളണേ എന്നാണ് അപേക്ഷ. ആത്മ ജ്ഞാനമാകുന്ന തോണിയില്‍ സങ്കടക്കടലിന്റെ മറുകരയിലെത്തണം.

 നാരദന്‍ പഠിച്ചതെല്ലാം വെറും നാമം മാത്രമാണെന്ന് തറപ്പിച്ച് പറഞ്ഞത് നാം വളരെ ശ്രദ്ധിക്കേï ഒന്നാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളെ വരെ നാമം എന്ന പട്ടികയില്‍ പെടുത്തുന്ന ഉപനിഷത്തിന്റെ ധൈര്യം അപാരമാണ്. അപ്പോള്‍ ഭൗതിക നേട്ടങ്ങള്‍ക്കുള്ള പഠനത്തിന്റെ നിസ്സാരത ഓര്‍ത്താല്‍ മതി. സങ്കടത്തിന്റെ നടുക്കടലിലേക്കുള്ള എടുത്തു ചാട്ടമായിരിക്കും അത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.