കേള്‍ക്കാതിരിക്കരുത് നദികളുടെ രോദനം

Tuesday 12 June 2018 3:23 am IST

നദികളായിരുന്നു എന്നും കേരളത്തിന്റെ ഐശ്വര്യം. ചെറുതും ഇടത്തരവുമായ നദികള്‍ കേരളത്തെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കിപ്പോന്നു. നമ്മുടെ സാംസ്‌കാരിക ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് നദികളുടേയും പുഴകളുടേയും ചരിത്രം. ഭാരതപ്പുഴയെ മാറ്റി നിര്‍ത്തി കേരളത്തേക്കുറിച്ചു ചിന്തിക്കാനാവില്ലല്ലോ. പെരിയാറും മീനിച്ചിലാറും പമ്പയും മണിമലയാറും ചാലക്കുടിപ്പുഴയും കല്ലായിപ്പുഴയുമൊക്കെ കവിതകളിലും ഗാനങ്ങളിലും കഥാപാത്രമാകുന്നത്, ഇവിടത്തെ ജീവിതവുമായി അവയ്ക്കുള്ള ബന്ധം മൂലമാണ്.

അവയെ ചുറ്റിപ്പറ്റിവളരുകയും നിലനില്‍ക്കുകയും ചെയ്ത ഒട്ടേറെ തൊഴില്‍ മേഖലകളും വ്യവസായങ്ങളും ജീവിതങ്ങളുമുണ്ട്. മണ്ണിനു ജീവന്റെ തുടിപ്പു പകരുന്ന സിരകളാണവ. നദികളെ സഹജീവികളായിക്കണ്ട് സ്നേഹിച്ച തലമുറകളാണു കടന്നു പോയത്.

ഇന്നിപ്പോള്‍ ആ നദികളില്‍ ആറെണ്ണം അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ നമ്മോടു കേണപേക്ഷിക്കുകയാണ്. കേള്‍ക്കാതെ പോകരുത് ആ രോദനം. ഈ നദികള്‍ ഇഞ്ചിഞ്ചായി മരിക്കുന്നു എന്നു സൂചിപ്പിക്കുന്നത് സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് മാനേജ്മെന്റും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റുമാണ്. അതു കേള്‍ക്കുമ്പോള്‍ ഈ മണ്ണിനു വേദനിക്കും. ആ വേദന നമ്മുടെയും വേദനയാകേണ്ടതാണ്. അത് ഉണ്ടോ എന്ന് നാം ഓരോരുത്തരും സ്വയം ചോദിച്ചു ബോധ്യപ്പെടേണ്ടിയിരിക്കുന്നു. നദികളുടെ ശോഷണം നാടിനേയും ശോഷിപ്പിക്കും. നാഡീവ്യൂഹം തളര്‍ന്ന ശരീരത്തിനു നിലനില്‍ക്കാനാവില്ലല്ലോ. പ്രകൃതി നമുക്കു തന്ന അനുഗ്രഹമാണു നദികള്‍. പ്രകൃതി അവയെ തിരിച്ചെടുക്കുകയുമില്ല. നദികള്‍ മരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണക്കാര്‍ മനുഷ്യരായ നമ്മള്‍ തന്നെയായിരിക്കും. 

പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍, മീനച്ചിലാര്‍, ചാലക്കുടിപ്പുഴ എന്നിവയാണു മരണത്തിലേയ്ക്കു നീങ്ങുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അരനൂറ്റാണ്ടിനകം ഈ നദികള്‍ അപ്രത്യക്ഷമാകുമെന്നു പഠനം പറയുന്നു. ഇവയുടെ തകര്‍ച്ച ജലസ്രോതസ്സുകളേയും വേമ്പനാട്ടു കായലിനേയും ബാധിക്കുമത്രെ. മറ്റു നദികളുടെ ഭാവിയും ഇതോടെ ആശങ്കയിലാകുന്നു. ഫലത്തില്‍ കേരളം കടുത്ത ജലദൗര്‍ലഭ്യത്തിലേയ്ക്കും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയിലേയ്ക്കും പകര്‍ച്ചവ്യാധികളുടെ പിടിയിലേയ്ക്കും നീങ്ങും. 

യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മനുഷ്യനു പൊതുവെ ഉള്ള വിമുഖത മലാളികളായ നമുക്കു കുറച്ചു കൂടുതലാണ്. സുഖലോലുപതയും ആര്‍ത്തിയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണു നമ്മേ നയിക്കുന്നത്. അതില്‍ നിന്ന് ഉണ്ടാകുന്ന പ്രകൃതിവിരുദ്ധ നടപടികളാണ് മലിനീകരണവും മണലൂറ്റും ഭൂഗര്‍ഭജല ചൂഷണവും അന്തരീക്ഷ മലിനീകരണവും വനനശീകരണവും മല ഇടിച്ചുനിരത്തലും മണ്ണുമാന്തലുമൊക്കെ. 

താത്ക്കാലിക നേട്ടത്തിനായുള്ള ഇത്തരം പ്രവര്‍ത്തികളാണു ഫലത്തില്‍ നദികള്‍ക്കു മരണമണി മുഴക്കുന്നത്. വികസനത്തിന്റെ പേരിലാണ് ഇതില്‍ പലതും നടക്കുന്നത്. വികസനം അനിവാര്യം തന്നെ. പക്ഷേ, അതു യാഥാര്‍ഥ്യബോധത്തോടെ വേണമെന്ന ഓര്‍മപ്പെടുത്തല്‍ പ്രകൃതിതന്നെ നമുക്കു തരുന്നുണ്ട്. അവയാണ് ഇന്നു നാം നേരിടുന്ന ജലക്ഷാമവും ക്രമംതെറ്റി വരുന്ന കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും മറ്റും. 

പക്ഷേ, നമ്മള്‍ പഠിക്കുന്നില്ല. കെട്ടിട സമുച്ചയങ്ങളും ആഡംബര സൗധങ്ങളും റോഡുകളും ദാഹജലത്തിനു പകരമാവില്ലല്ലോ. നദികള്‍ വരണ്ടാല്‍ മനുഷ്യനു മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും പ്രകൃതിക്കും ദാഹിക്കും. ആ ദാഹം വനങ്ങളേയും കാര്‍ഷിക മേഖലയേയും തകര്‍ക്കും. വെള്ളവും ഭക്ഷണവുമില്ലാതെ വിയര്‍ത്തു വാടിവീഴുന്ന തലമുറകളെ സംഭാവന ചെയ്യാതിരിക്കാന്‍ ഈ നിമിഷം മുതല്‍ ആത്മാര്‍ഥ ശ്രമം നടത്തേണ്ടിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.