ആ കൊടികളില്‍ സമാനതകള്‍ ഏറെ

Tuesday 12 June 2018 3:22 am IST
'ചത്ത കുതിര'യെന്ന് കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയുടെ പടിവാതില്‍ക്കലാണ്, ഒരു കാലത്ത് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനമോഹികളായ നേതാക്കന്മാര്‍. ഇന്ന് കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് പാണക്കാട് നിന്നാണ്. താമസിയാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റും പാണക്കാട്ടു കൊണ്ടുചെന്ന് തങ്ങളുടെ കാല്‍ക്കല്‍വച്ച് അംഗീകാരം തേടേണ്ടിവരുന്ന ഗതികേടിലേക്ക് ആ പ്രസ്ഥാനത്തെ ഇപ്പോഴത്തെ നേതാക്കന്മാര്‍ എത്തിച്ച് കഴിഞ്ഞു.

മലയാളത്തിലെ ദൃശ്യപത്രമാധ്യമങ്ങളില്‍ അടുത്ത ദിവസം സുപ്രധാനമായ ഒരു വാര്‍ത്ത വന്നു. മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടി പാറി നില്‍ക്കുന്നു. 

1946-47 കാലഘട്ടത്തില്‍ ഈ കൊടി മതവിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായിരുന്നു. മലപ്പുറം ജില്ലയിലെ നിവാസികള്‍ക്കറിയാം, പ്രത്യേകിച്ചും ഇന്ന് വയോധികരായി കഴിയുന്നവര്‍ക്ക്. ഈ കൊടി ഏറനാട് താലൂക്കിന്റെ മുക്കിലും മൂലയിലും അക്കാലങ്ങളില്‍ പാറിക്കളിച്ചിരുന്നു. അത് ഉയര്‍ത്തിയവര്‍ അന്ന് പ്രഖ്യാപിച്ചത് ഹിന്ദുക്കളും മുസ്ലീംങ്ങളും രണ്ട് രാഷ്ട്രത്തില്‍പ്പെട്ടവരാണെന്നായിരുന്നു. ഏറ്റവും മോശമായ മുസ്ലീംപോലും ഏറ്റവും നല്ലവനായ ഹിന്ദുവിനേക്കാള്‍ ഭേദമാണ്. 

വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും മതസ്പര്‍ദ്ധയുടെയും ഈ പ്രഖ്യാപനങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ പ്രകടമായ പിന്തുണയോടുകൂടി വിജയം കണ്ടെത്തി. ആറായിരത്തിലധികം വര്‍ഷങ്ങളുടെ സംസ്‌കാരമുള്ള ഒരു പുണ്യഭൂമി മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. ഭാരതീയ സംസ്‌കാരത്തിന്റെ വിളനിലമായിരുന്ന സിന്ധുനദീതീരം നമുക്ക് നഷ്ടപ്പെട്ടു. ചിനാബും ടാഗോറിന്റെ പ്രിയപ്പെട്ട പത്മയും നമുക്ക് അന്യമായി. 

ഭഗത്‌സിംഗിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ചരിത്രമുറങ്ങുന്ന ലാഹോര്‍ നമുക്ക് നഷ്ടപ്പെട്ടു. കോടിക്കണക്കിന് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പാര്‍പ്പിടവും ഭൂമിയും അന്യാധീനപ്പെട്ടു. മതവൈരത്തിന്റെ പേരില്‍ മാത്രമുള്ള രക്തച്ചൊരിച്ചിലുകള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കേണ്ടിവന്നു. 

പഴയ മലബാര്‍പ്രദേശത്ത് ഈ പ്രസ്ഥാനക്കാരെ എതിര്‍ത്തിരുന്ന മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുരഹ്മാനും അവരുടെ ദൃഷ്ടിയും കാഫറുകളായിരുന്നു. അബ്ദുള്‍കലാം ആസാദിനെ മുഹമ്മദലി ജിന്ന വിശേഷിപ്പിച്ചത് കോണ്‍ഗ്രസ്സിന്റെ ''ഷോ ബോയ്'' എന്നാണ്. ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനും ഡോ. ഖാന്‍ സാഹിബ്ബും വിഭജനത്തെ ശക്തിയായി എതിര്‍ത്തെങ്കിലും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. വിഭജനം അനിവാര്യമാണെന്ന് കണ്ടപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍, ക്ഷുഭിതരായ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു, ഏറ്റവും ഹൃദയവേദനയും ദുഃഖവും അനുഭവിച്ചുകൊണ്ടാണ് ഈ തീരുമാനം എടുക്കേണ്ടിവന്നതെന്ന്. 

ഇന്ന്, ഈ ജൂണ്‍ മാസത്തില്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ ഇതേ ഭാഷ ആവര്‍ത്തിച്ചിരിക്കുന്നു. അങ്ങേയറ്റം ദുഃഖത്തോടും വൈമനസ്യത്തോടും കൂടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് മറ്റൊരു കക്ഷിക്ക് അടിയറവ് വയ്‌ക്കേണ്ടിവന്നതെന്ന്. 

ഈ രണ്ട് സംഭവത്തിനും കാരണമായ ഒരു പൊതുപ്രേരക-സമ്മര്‍ദ്ദ ശക്തിയായ പ്രസ്ഥാനമുണ്ട്. അതാണ് പാക്കിസ്ഥാന്റെ കൊടിക്ക് സമാനമായ ഹരിതവര്‍ണ്ണ കൊടി ഇന്നും ആവേശത്തോടെയും അഭിമാനത്തോടെയും പാറിപ്പിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്. 

വിഭജനകാലത്തെപോലെ തന്നെ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ അജന്‍ഡ നിര്‍ണ്ണയിച്ചത് മുസ്ലീംലീഗ് ആണ്. 'ചത്ത കുതിര'യെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച പാര്‍ട്ടിയുടെ പടിവാതില്‍ക്കലാണ്, ഒരു കാലത്ത് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകവും ശബ്ദവുമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനമോഹികളായ നേതാക്കന്മാര്‍. ഇന്ന് കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് പാണക്കാട് നിന്നാണ്. താമസിയാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റും പാണക്കാട്ടു കൊണ്ടുചെന്ന് തങ്ങളുടെ കാല്‍ക്കല്‍വച്ച് അംഗീകാരം തേടേണ്ടിവരുന്ന ഗതികേടിലേക്ക് ഒരു മഹത്പ്രസ്ഥാനത്തെ അതിന്റെ ഇപ്പോഴത്തെ നേതാക്കന്മാര്‍ എത്തിച്ച് കഴിഞ്ഞു. 

സ്വാര്‍ത്ഥ-സങ്കുചിത-സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി രാജ്യത്തെ വെട്ടിമുറിക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ സ്വന്തം പാര്‍ട്ടിയെ ആ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബലി കഴിക്കുന്ന കാഴ്ചയാണ് കേരളീയര്‍ കാണുന്നത്. എന്നിട്ടും, വിരോധാഭാസമെന്ന് പറയട്ടേ, മതേതര മുന്നണിക്ക് ആക്കം കൂട്ടാനും ശക്തി പകരാനുമാണ് ഈ മനസ്സില്ലാ മനസ്സോടെയുള്ള കീഴടങ്ങല്‍ എന്നാണ് അതിന്റെ പ്രോക്താക്കള്‍ വിശദീകരിക്കുന്നത്. 

മതത്തിന്റെ പേരിലും മതവിദ്വേഷത്തിന്റെ പേരിലും മാത്രം ഒരു മഹാരാജ്യത്തെ വെട്ടിമുറിച്ചവര്‍ ഇപ്പോള്‍ മതേതരമുന്നണിക്ക് നേതൃത്വം കൊടുക്കുന്നുവെന്ന വിചിത്ര അവകാശവാദം കേരളത്തിലെ ജനങ്ങള്‍ പുച്ഛത്തോടുകൂടി മാത്രമേ വീക്ഷിക്കുകയുള്ളു.  മതവൈരികളെ വെള്ളപൂശി മതേതരക്കാരായി അവതരിപ്പിക്കാന്‍ സ്ഥാനങ്ങള്‍ മാത്രം നോട്ടമിടുന്ന ഒരു ദേശീയകക്ഷി തുനിയുന്നത് ഗതികേടായിട്ടാണ് ജനങ്ങള്‍ കാണുന്നത്. 

എന്നിട്ടും അപകടകരവും അത്യന്തം ദൂരവ്യാപകവുമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന ഈ സ്ഥിതിവിശേഷത്തെ ദൃഢചിത്തതയോടെ നേരിടാന്‍ എന്തുകൊണ്ടാണ് ദേശസ്‌നേഹികളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ മുന്നോട്ട് വരാത്തത്? ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് ഈ അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവുതന്നെ വിശേഷിപ്പിച്ച ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കെട്ടടങ്ങാറായി. മൊയ്തുമൗലവിയും അബ്ദുള്‍ രഹ്മാന്‍ സാഹിബും കെ. കേളപ്പനും ഈ കൂട്ടരുടെ സ്മൃതിപഥത്തില്‍ നിന്ന് എന്നേ അപ്രത്യക്ഷരായിക്കഴിഞ്ഞു. 

ദേശീയതയുടെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില രാഷ്ട്രീയകക്ഷിനേതാക്കന്മാര്‍ സ്വന്തം പാളയത്തിലെ പടയുമായി മല്ലടിച്ചുകൊണ്ട്, ആപത്തുണ്ടാക്കുന്ന ഈ രാഷ്ട്രീയനീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. നിശബ്ദരായിരിക്കുന്ന ജനങ്ങള്‍ പ്രതീക്ഷിച്ചത് അവരെങ്കിലും ഈ അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാണിക്കാനും എതിര്‍ക്കാനും മുന്നോട്ട് വരുമെന്നായിരുന്നു. 

എന്നാല്‍ രാജ്യത്ത് രാഷ്ട്രീയമണ്ഡലം ഇന്ന് സ്ഥാനമാനമോഹികളുടെയും അവരെ നിയന്ത്രിക്കുന്ന ചില കുടുംബങ്ങളുടെയും കയ്യിലായിപ്പോയി. രാജ്യത്തെ ഒരു പ്രധാന കക്ഷി മാതൃ-പുത്ര രാഷ്ട്രീയമാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെങ്കില്‍ ബീഹാറിലും ഉത്തര്‍ പ്രദേശിലും കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലും പിതൃ-പുത്ര രാഷ്ട്രീയമാണ്. കേരളത്തിലെ രണ്ട് പ്രാദേശിക കക്ഷികളിലും പിതാവും പുത്രനും എല്ലാം പങ്കിട്ടെടുക്കുന്ന വിചിത്രമായ പ്രക്രിയയാണ് കണ്ടുവരുന്നത്. 

നിര്‍ഭാഗ്യകരമായ ഈ രാഷ്ട്രീയസംഭവവികാസങ്ങള്‍ പ്രബുദ്ധരായ കേരളത്തിലെ ഒരു ചെറിയ ശതമാനം ആളുകളെങ്കിലും ശ്രദ്ധിക്കില്ലേ? ഇല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പോക്ക് അധോഗതിയിലേക്കാവും.

അഡ്വ. കെ. രാംകുമാര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.