നാഗ്പൂരിലെ സാമ്പത്തിക പ്രഖ്യാപനം

Tuesday 12 June 2018 3:28 am IST
മുന്‍ രാഷ്ട്രപതി പറഞ്ഞു, '' സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങള്‍ നോക്കിയാല്‍ നാം നല്ല സ്ഥിതിയിലാണ്. പക്ഷേ ആനന്ദത്തിന്റെ സൂചികയില്‍ ലോകത്ത് നാം 156 രാജ്യങ്ങളില്‍ 133-ാം സ്ഥാനത്താണ്..'' മോദി ഭരണത്തിന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ നല്‍കിയ നല്ല സര്‍ട്ടിഫിക്കറ്റാണത്. അതിനപ്പുറം, ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ദര്‍ശനത്തിന്റെ ശരിവെക്കലും ആ പാതയിലാണ് ഞാനും എന്ന പ്രഖ്യാപനവും.

സാമ്പത്തിക ശാസ്ത്ര ജ്ഞാനികൂടിയാണ് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി. ആഗോളീകരണവും ഉദാരീകരണവും ലോകരാജ്യങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ കാലത്ത് ഇന്ത്യയെ അതില്‍ പങ്കാളിയാക്കാന്‍ വാണിജ്യ കരാറില്‍ ഒപ്പുവെച്ചത് മുഖര്‍ജിയായിരുന്നു. അന്ന് പി.വി. നരസിംഹ റാവുവിന്റെ തീരുമാനത്തിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി, പോരായ്മകളെ എതിര്‍ക്കാന്‍ ഉണ്ടായിരുന്നത് പ്രതിപക്ഷപാര്‍ട്ടിയായ  ബിജെപിയാണ്. 

കരാര്‍ അനിവാര്യമാണെങ്കില്‍ കരുതലും അനിവാര്യമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘവും നിലപാടെടുത്തു. സ്വയം പര്യാപ്തമായ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ പ്രചണ്ഡമായ പ്രചാരണം സംഘം നടത്തി. സ്വദേശി ജാഗരണ്‍ മഞ്ച് എന്ന പരിവാര്‍ പ്രസ്ഥാനും അങ്ങനെ രൂപപ്പെട്ടു. 

അന്നത്തെ പ്രധാനമന്ത്രി റാവുവിനും  ധനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനും ഗാട്ട്- ഡബ്ല്യുടിഒ കരാറുകളില്‍ ഒപ്പുവക്കാന്‍ തിടുക്കമായിരുന്നു. വാണിജ്യ മന്ത്രിയായിരുന്ന പ്രണബിന് പക്ഷേ പ്രതിപക്ഷത്തിന്റെ സ്വരം കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വാണിജ്യ കരാറുകളില്‍ ഇന്ത്യയുടെ പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ അങ്ങനെയുണ്ടായി, ചില വ്യവസ്ഥകള്‍ ഇന്ത്യക്ക് അസ്വീകാര്യമെന്നു പറയാനുമായി. പില്‍ക്കാലത്ത് വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വാണിജ്യ മന്ത്രിയായിരുന്ന മുരശൊലി മാരന് ഉറുഗ്വേയില്‍ നടന്ന ഡബ്ല്യുടിഒ ഉച്ചകോടിയില്‍ മറ്റു രാജ്യങ്ങളെ ഒപ്പം നിര്‍ത്തി, വമ്പന്‍ രാജ്യങ്ങളുടെ അജണ്ട തിരുത്തിക്കാനും ഇന്ത്യന്‍ നിലപാട് സ്വീകരിപ്പിക്കാനും കഴിഞ്ഞത് അതുകൊണ്ടുകൂടിയാണ്. 

നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് കുമാര്‍ മുഖര്‍ജി പ്രസംഗിച്ചത് വിവാദമാക്കിയവര്‍ കാണാതെ പോയ ഒരു കാര്യം അദ്ദേഹം അവിടെ പറഞ്ഞ സാമ്പത്തിക ശാസ്ത്രമാണ്. ആദ്യമായാല്ല മോദി സര്‍ക്കാര്‍ ഭരണത്തിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും പ്രണബ് പറയുന്നത്. ഇക്കാര്യത്തിലും ഡോ. മന്‍മോഹന്‍സിങ്ങിന്റെ 'ഹിസ് മാസ്‌റ്റേഴ്‌സ് വോയിസ്' രീതിയില്‍നിന്ന് പ്രണബ് വ്യത്യസ്ത അഭിപ്രായക്കാരനാണ്. 

മുന്‍ രാഷ്ട്രപതി പറഞ്ഞു, '' സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങള്‍ നോക്കിയാല്‍ നാം നല്ല സ്ഥിതിയിലാണ്. പക്ഷേ ആനന്ദത്തിന്റെ സൂചികയില്‍ ലോകത്ത് നാം 156 രാജ്യങ്ങളില്‍ 133-ാം സ്ഥാനത്താണ്..'' മോദി ഭരണത്തിന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ നല്‍കിയ നല്ല സര്‍ട്ടിഫിക്കറ്റാണത്. അതിനപ്പുറം, ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ദര്‍ശനത്തിന്റെ ശരിവെക്കലും ആ പാതയിലാണ് ഞാനും എന്ന പ്രഖ്യാപനവും.

കമ്യൂണിസത്തിന്റെ ഭരണപ്രഭാവം ഏറെക്കാലം നിലനിന്ന ബംഗാളാണ് പ്രണബിന്റെയും നാട്. സമ്പത്താണ് ആത്യന്തിക ലക്ഷ്യം എന്ന സങ്കല്‍പ്പക്കാരാണല്ലോ കമ്യൂണിസ്റ്റുകള്‍.  ജീവിതത്തില്‍ സമ്പത്തിനപ്പുറം സംതൃപ്തിയും സന്തോഷവും കിട്ടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഭാരതീയ ദര്‍ശനം. അതാണ് നാലുധര്‍മങ്ങള്‍- ധര്‍മത്തിലൂന്നിയ അര്‍ഥത്തിന്റെ നേട്ടവും കാമത്തിന്റെ പൂര്‍ത്തിയും അതിലൂടെ മോക്ഷത്തിന്റെ സാധിക്കലുമാണത്. അതാണ് ആര്‍എസ്എസ് അനുവര്‍ത്തിക്കുന്ന ലക്ഷ്യവും. അങ്ങനെയാണ് 'സര്‍വേപി സുഖിനഃ,' എല്ലാവര്‍ക്കും സുഖമെന്ന സങ്കല്‍പ്പം. അര്‍ഥശാസ്ത്രജ്ഞനായ ചാണക്യന്‍, അഥവാ കൗടില്യന്‍ സമര്‍ഥിച്ച ധനശാസ്ത്രവും അതാണ്. (അല്ലാതെ തോമസ് ഐസക്കിന്റെ പരപുച്ഛ ജല്‍പ്പനങ്ങളാണെന്ന് തെറ്റിദ്ധരിക്കുന്നവരോട് സഹതപിക്കുക. കാള്‍ മാര്‍ക്‌സും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ കാഴ്ചപ്പാട് തിരുത്തിയേനെ എന്നത് വേറേ കാര്യം. ക്യൂബ പോലും തിരിച്ചറിഞ്ഞിട്ടും കമ്യൂണിസ്‌റ്റെന്ന് സ്വയംവിശേഷിപ്പിക്കുന്നവര്‍ക്ക് തലച്ചോറില്‍ വിളക്കു തെളിയാത്തതില്‍ സഹതപിക്കുക.) 

സാമ്പത്തിക ശാസ്ത്രത്തിനപ്പുറമുള്ള സംതൃപ്തി ദര്‍ശനം, കക്ഷിരാഷ്ട്രീയം വിട്ടകാലത്ത് പ്രണബ് തിരിച്ചറിഞ്ഞു. അതാണ് കൗടില്യനെ ഉദ്ധരിച്ച് നാഗ്പൂരില്‍ സംസാരിച്ചത്. ( ഭാരതീയ ദര്‍ശനങ്ങള്‍ തിരിച്ചറിഞ്ഞ ഡോ. സര്‍വെപ്പള്ളി രാധാകൃഷ്ണനും ഡോ. ശങ്കര്‍ദയാല്‍ ശര്‍മയും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമും പോലുള്ളവര്‍ ഇരുന്ന കസേരയില്‍, ആ അന്തരീക്ഷത്തില്‍ പക്വമായ മനസുമായി കഴിഞ്ഞാല്‍ ആര്‍ക്കാണ് സത്യം കാണാതിരിക്കാനാവുക?)

രാജ്യത്തിന് ഭരണസ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിയുന്നു. നാം ഇപ്പോഴും ഊര്‍ജ്ജ മേഖലയില്‍ സ്വയം പര്യാപ്തമായിട്ടില്ല. പെട്രോള്‍-ഡീസല്‍ കാര്യത്തില്‍ പ്രത്യേകിച്ച്. ഇറക്കുമതിയാണ് ആശ്രയം. അതിലും ഇക്കാലമത്രയും നമ്മുടെ വ്യവസ്ഥകള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ വിലയുണ്ടാക്കിയെടുക്കാനും ആയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഇന്ധനങ്ങളുടെ വില സാധാരണക്കാരനെ ബാധിക്കുന്നുമുണ്ട്. 

'ഇന്ത്യ വികസ്വര രാജ്യമല്ല, വികസിത രാജ്യമാണെ'ന്ന് പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി പ്രഖ്യാപിച്ചത് 1985ലാണ്. എന്തുകൊണ്ട് 33 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനായിട്ടില്ല. ചിന്താവിഷയമാണിത്. സാമ്പത്തിക ഉദാരീകരണ വ്യവസ്ഥയില്‍ സബ്‌സിഡികള്‍ക്ക് നിയന്ത്രണവും പുനഃപരിശോധനയും ആവശ്യമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അതിന് ഇക്കാലമത്രയും കേന്ദ്ര സര്‍ക്കാരുകള്‍ തയാറായില്ല. ഇപ്പോള്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നത് ഈ കാര്യങ്ങളില്‍ വ്യക്തമായ നിലപാട് ഭരണമേധാവികള്‍ക്കുള്ളതുകൊണ്ടാണ്. 

ഇത് യുക്തിയില്ലാത്ത ന്യായീകരണമാണെന്ന തോന്നല്‍ ഉണ്ടാകാം. പക്ഷേ, ഇതുകൂടി ചേര്‍ത്തു വായിക്കുക. കര്‍ഷകര്‍ പാല്‍ നിരത്തിലൊഴുക്കിയും പച്ചക്കറി പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞും പ്രതിഷേധിക്കുന്നു. (മുംബൈയിലെ കര്‍ഷക മാര്‍ച്ചിന്റെ ആവേശവും മധ്യപ്രദേശിലും രാജസ്ഥാനിലും വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും ഒരു കാരണമാകാം.)  ഉല്‍പ്പാദനം കൂടിയതും വിപണിയില്‍ വിലകിട്ടാത്തതുമാണ് യഥാര്‍ഥ കാരണം. 

ഉല്‍പ്പാദനം കൂടിയതു കര്‍ഷകര്‍ കൂടുതല്‍ പണിയെടുത്തിട്ടല്ല. സാങ്കേതിക വിദ്യയും കാര്‍ഷിക സഹായങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിന്നിട്ടാണ്. വിളനാശമല്ല, വിളവര്‍ധനയാണ് വിലകുറയാന്‍ കാരണം. കൃഷി പുരോഗമിക്കുകയാണ്. 

70 വര്‍ഷത്തിനിടെ, കൃഷിക്കും കൃഷി ഗവേഷണത്തിനും വികസനത്തിനും ചെലവിട്ടത് എത്രകോടിക്കോടിരൂപയാണ്? എന്തെല്ലാം ലക്ഷ്യമാണ് പ്രഖ്യാപിച്ചത്? ആ ലക്ഷ്യങ്ങള്‍ നടപ്പാകുമെന്നുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ല? കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്‌കരണ സംവിധാനവും സംഭരണ സംവിധാനവും എന്തുകൊണ്ട് ഉണ്ടാക്കിയില്ല? അതല്ലേ യഥാര്‍ഥത്തില്‍ കര്‍ഷകരുടെ പ്രതിസന്ധി? ആരാണ് ഉത്തരവാദി?

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് 2000ല്‍ ആണ് ഭക്ഷ്യ സംസ്‌കരണത്തിനൊരു മന്ത്രാലയമുണ്ടായത്. 2004നു ശേഷം യുപിഎയുടെ 10 വര്‍ഷത്തില്‍ അതിനെന്തു സംഭവിച്ചു? ഇപ്പോള്‍ ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്ന വനിതാ മന്ത്രിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ സംസ്‌കരണ വകുപ്പില്‍ നടക്കുന്ന മാറ്റങ്ങള്‍ വലുതാണ്. 42 മെഗാ ഫുഡ് പാര്‍ക്കുകള്‍. 351 ശതമാനമാണ് ഭക്ഷ്യവസ്തു സംരക്ഷശേഷി വര്‍ധിച്ചത്. കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ 720 ശതമാനം കൂടി. ഈ മേഖലയില്‍ നേരിട്ട് 4.90 ലക്ഷം പേര്‍ക്കും പരോക്ഷമായി 10 ലക്ഷം പേര്‍ക്കും തൊഴില്‍ കിട്ടി. ഒരു ലക്ഷം കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ വര്‍ഷം 73,000 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്നിട്ടും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കേണ്ട സ്ഥിതി വന്നത് ഉല്‍പ്പാദനം അത്രകണ്ട് കൂടിയിട്ടും സംഭരണ-സംസ്‌കരണ സൗകര്യങ്ങള്‍ കുറവായതാണ്. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വേറേ.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ ശുപാര്‍ശ ഇങ്ങനെയായിരുന്നു. ''ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം സംഭരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പഞ്ചാബിലും ഹരിയാനയിലും മറ്റും ഗോഡൗണുകള്‍ക്ക് പുറത്തുകിടന്ന് ചീഞ്ഞു നാറുന്നു. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും മുമ്പ് കടലില്‍ കെട്ടിത്താഴ്ത്തുക.''

അന്ന് ഉല്‍പ്പാദിപ്പിച്ചത് നശിപ്പിക്കാനും പ്രകൃതി നല്‍കിയ അനുഗ്രഹത്തെ നിന്ദിക്കാനും കര്‍ഷകര്‍ക്കോ അവര്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്കോ തോന്നിയിരുന്നില്ല എന്നു മാത്രം. 'ജയ് ജവാന്‍, ജയ് കിസാന്‍' മുദ്രാവാക്യം പ്രധാനമന്ത്രിയായിരിക്കെ ലാല്‍ബഹാദൂര്‍ ശാസ്ത്രി മുഴക്കിയത് 1965-ല്‍ ആയിരുന്നു. അതിനൊപ്പം 'ജയ് വിജ്ഞാന്‍' എന്നുകൂടി ചേര്‍ത്തത് അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു, 1998-ല്‍. 

പിന്‍കുറിപ്പ്: കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കേരളത്തില്‍ കരിദിനമാചരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. റംസാന്‍ മാസം ആയതിനാലാണ് കരിയിലൊതുക്കിയത്. പക്ഷേ, കണ്‍മഷിക്കുപോലും കരി കാണാനില്ലായിരുന്നു. കരിപുരണ്ട ജീവിതങ്ങള്‍!!

കാവാലം ശശികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.