നവാഗതനും പഴമക്കാരും

Tuesday 12 June 2018 3:27 am IST

ഇംഗ്ലണ്ടും ബെല്‍ജിയവും ടുണീഷ്യയും നവാഗതരായ പനാമയും ഉള്‍പ്പെടുന്നതാണ് ലോകകപ്പിലെ ഗ്രൂപ്പ് ജി. ഇംഗ്ലണ്ടും ബെല്‍ജിയവും ഗ്രൂപ്പില്‍നിന്ന് മുന്നേറാനാണ് സാധ്യത. എന്നാല്‍ വിചാരിക്കുന്നപോലെ അത്ര എളുപ്പമാവില്ല ഇത്. കാരണം ഇംഗ്ലണ്ടിനും ബെല്‍ജിയത്തിനും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നവരും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരുമാണ് ടുണീഷ്യയും പനാമയും. കോണ്‍കകാഫ് യോഗ്യതാ റൗണ്ടില്‍ അമേരിക്കയെ പുറത്തേക്ക് പറഞ്ഞയച്ചാണ് പനാമ യോഗ്യത നേടിയത്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം മൂന്നാം സ്ഥാനവും പാനാമ 55-ാം റാങ്കും നിലനിര്‍ത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നോട്ട് കയറി 12ല്‍ എത്തി. ഡെന്മാര്‍ക്കിനൊപ്പമാണ് ഇംഗ്ലണ്ട് 12 റാങ്കില്‍ ഉള്ളത്. 14-ാം സ്ഥാനത്തുണ്ടായിരുന്ന ടുണീഷ്യ 21ലേക്ക് പതിച്ചെങ്കിലും അവരെ തള്ളിക്കളയാന്‍ സാധ്യമല്ല. ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ പോര്‍ച്ചുഗലിനെയും തുര്‍ക്കിയെയും സമനിലയില്‍ കുടുക്കിയവരാണ് ടുണീഷ്യ.  കടലാസില്‍ കരുത്തര്‍ ബെല്‍ജിയമാണെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരാവാന്‍ ഇംഗ്ലണ്ടുമായി കനത്ത പോരാട്ടം വേണ്ടി വരുമെന്ന് ഉറപ്പ്.

ബെല്‍ജിയം

േലാകഫുട്‌ബോളില്‍ എക്കാലത്തും മികച്ച ടീമുകൡലൊന്നാണെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാത്തവരാണ് ബെല്‍ജിയം. ലോകകപ്പില്‍ 13-ാം തവണ മത്സരിക്കാനിറങ്ങുന്ന അവരുടെ മികച്ച പ്രകടനം 1986-ലെ നാലാം സ്ഥാനമാണ്. 2014ലെ ബ്രസീല്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് തോറ്റ് പുറത്തായി.

യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് ഏറ്റവും ആദ്യം യോഗ്യത നേടിയാണ് ബെല്‍ജിയം റഷ്യയിലെത്തുന്നത്. ഗ്രൂപ്പ് എച്ചിലെ 10 കളികളില്‍ ഒമ്പത് വിജയവും ഒരു സമനിലയും നേടിയ ബെല്‍ജിയം അടിച്ചുകൂട്ടിയത് 43 ഗോളുകള്‍. വഴങ്ങിയത് ആറെണ്ണം. 

മികച്ച നിരയുമാണ് ബെല്‍ജിയം ലോകകപ്പിനെത്തുന്നത്. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ശിക്ഷണത്തില്‍ ലോക ക്ലബ് ഫുട്‌ബോളില്‍ സൂപ്പര്‍ താരങ്ങളായി വിലസുന്നവരുടെ ഒരു സംഘമാണ് ബെല്‍ജിയം ടീമിലുള്ളത്. മുന്നേറ്റ നിരയില്‍ ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡ്  തന്നെ സൂപ്പര്‍. ടീം നായകനും ഈ 27 കാരനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റൊമേലു ലുകാകു, നാപ്പോളിയുടെ ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവരാണ് മറ്റ് ലോകോത്തര താരങ്ങള്‍. ലുകാകുവാണ് ബെല്‍ജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍. 68 കളികളില്‍ നിന്ന് 34 ഗോളുകളാണ് ലുകാകു സ്‌കോര്‍ ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 11 ഗോളുകളുമായി റൊമേലു ലുകാകു ടോപ് സ്‌കോര്‍. ഹസാര്‍ഡ് ആറും മെര്‍ട്ടന്‍സും തോമസ് മ്യൂനിയറും അഞ്ചെണ്ണം വീതവും നേടി.  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൗറീന്‍ ഫെല്ലയ്‌നി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയന്‍ എന്നിവരാണ് മധ്യനിരയില്‍ കളിമെനയുക. ഒപ്പം യാനിസ് കരാസ്‌കോ, അക്‌സല്‍ വിറ്റ്‌സല്‍, ടോട്ടനത്തിന്റെ മൗസ ഡെംബെലെ, റയല്‍ സോസിഡാഡിന്റെ അഡ്‌നന്‍ ജനുസാഞ്ച് തുടങ്ങിയവരും മികച്ച താരങ്ങളാണ്.  ആരെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കോച്ചിന്റെ വലിയ വെല്ലുവിളി. മികച്ച മധ്യനിരതാരമായിരുന്ന റഡ്ജ നൈന്‍ഗോളനെ ഒഴിവാക്കിയാണ് കോച്ച് ടീമിനെ പ്രഖ്യാപിച്ചത്.

പ്രതിരോധത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിന്‍സന്റ് കൊംബാനി പരിക്കിന്റെ പിടിയിലായതാണ് ബെല്‍ജിയത്തെ ബുദ്ധിമുട്ടിലാക്കുന്നത്. കൊംബാനിയുടെ അഭാവത്തിലും മികച്ച പ്രതിരോധനിരയാണുള്ളത്. ബാഴ്‌സയുടെ തോമസ് വെര്‍മാലന്‍, ടോട്ടനത്തിന്റെ യാന്‍ വെര്‍ട്ടോഗന്‍, ടോബി അല്‍ഡര്‍ വിറെല്‍ഡ്, പിഎസ്ജിയുടെ തോമസ് മ്യൂനിയര്‍ തുടങ്ങിയവര്‍ അണിനിരന്നാല്‍ കൊംബാനിയുടെ അഭാവം ഏറെയൊന്നും അലട്ടില്ല. ഗോള്‍വലയ്ക്ക് മുന്നില്‍ ഒന്നാം നമ്പര്‍ ഗോളി തിബോട്ട് കുര്‍ട്ടോയിസിന്റെ സാന്നിധ്യവും ബെല്‍ജിയത്തിന് ആത്മവിശ്വാസമേകും. 25 കാരനും ഗോളിയുമായ കോയന്‍ കാസ്റ്റീല്‍സാണ് ടീമിലെ പുതുമുഖം.

ഇംഗ്ലണ്ട്

എക്കാലത്തും ലോക ഫുട്‌ബോളിലെ ഫേവറിറ്റുകളാണെങ്കിലും ഒരു ലോകകപ്പൊഴികെ മറ്റു നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാത്തവരാണ് ഇംഗ്ലണ്ട്. ലോകകപ്പില്‍ 14-ാം തവണ കളിക്കാനെത്തുന്ന ഇംഗ്ലണ്ട് 1966-ലാണ് ചാമ്പ്യന്മാരായത്. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയോടും ഉറുഗ്വെയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 

ബെല്‍ജിയത്തിനും ജര്‍മ്മനിക്കും ശേഷം യൂറോപ്പില്‍ നിന്ന് റഷ്യന്‍ ടിക്കറ്റ് നേടിയ ടീമാണ്   ഇംഗ്ലണ്ട്. ഗ്രൂപ്പ് എഫില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ്  ഇംഗ്ലണ്ട് തുടര്‍ച്ചയായ ആറാം ലോകകപ്പിന്  യോഗ്യത നേടിയത്. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ട് ജയവും രണ്ട് സമനിലയുമാണ് നേടിയത്.

ഗാരെത് സൗത്ത്‌ഗേറ്റിന്റെ പരിശീലനത്തിന്‍ കീഴിലാണ് ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്. ടീമിലെ ഏല്ലാവരും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരാണ്.  ടോട്ടനത്തിന്റെ സൂപ്പര്‍താരം ഹാരി കെയ്‌നാണ് നായകനും മുഖ്യ സ്‌ട്രൈക്കറും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 20കാരന്‍ മാര്‍ക്കസ് റാഷ്‌ഫോഡ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹിം സ്റ്റര്‍ലിങ്, ആഴ്‌സണലിന്റെ ഡാനി വെല്‍ബാക്ക്, ലെസ്റ്ററിന്റെ ജെര്‍മി വാര്‍ഡി എന്നിവരാണ് മറ്റ് സ്‌ട്രൈക്കര്‍മാര്‍. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഡെലെ അലി, ജെസ്സെ ലിന്‍ഗാര്‍ഡ്, എറിക് ഡയര്‍, റൂബന്‍ ചീക് എന്നിവരാണ് മധ്യനിരയിലുള്ളത്. 

ഡേവിഡ് ബെക്കാം, സ്റ്റീവന്‍ ജെറാര്‍ഡ്, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരെപ്പോലൊരു  പ്ലേ മേക്കറുടെ അഭാവം ടീമിനുണ്ട്. ചെല്‍സിയുടെ ഗാരി കാഹിലും യുണൈറ്റഡിന്റെ ആഷ്‌ലി യങും നയിക്കുന്ന പ്രതിരോധം കടുകട്ടിയാണ് . സിറ്റിയുടെ കെയ്ല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, ഫാബിയന്‍ ഡെല്‍ഫ്, ലിവര്‍പൂളിന്റെ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ടോട്ടനത്തിന്റെ കീറണ്‍ ട്രിപ്പിയര്‍, ഡാനി റോസ്, യുണൈറ്റഡിന്റെ ഫില്‍ ജോണ്‍സ് എന്നിവരാണ് പ്രതിരോധത്തിലെ മറ്റ് താരങ്ങള്‍. എവര്‍ട്ടന്റെ ജോര്‍ദാന്‍ പിക്‌ഫോര്‍ഡാണ് ഒന്നാം നമ്പര്‍ ഗോളി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനോട് 3-2ന് തോറ്റ ശേഷം ഒരു മത്സരം പോലും ഇംഗ്ലണ്ട് പരാജയപ്പെട്ടിട്ടില്ല. അവസാനം നടന്ന ആറ് മത്സരങ്ങളില്‍ ജര്‍മനിയെയും ബ്രസീലിനെയും ഇറ്റലിയെയും സമനിലയില്‍ തളച്ചപ്പോള്‍ ഹോളണ്ട്, നൈജീരിയ, കോസ്റ്ററിക്ക ടീമുകള്‍ക്കെതിരെ വിജയം നേടി. 

ടുണീഷ്യ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ടുണീഷ്യ റഷ്യന്‍ ടിക്കറ്റ് നേടിയത്. ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനക്കാരായ ടുണീഷ്യ യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തില്‍ കളിച്ച ആറ് മത്സരങ്ങളില്‍ നാല് വിജയവും രണ്ട് സമനിലയുമാണ് നേടിയത്. അവരുടെ അഞ്ചാം ലോകകപ്പാണ് ഇത്തവണത്തേത്. 2006നുശേഷം ആദ്യത്തേതും. മുന്‍പ് നാല് തവണയും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ആഫ്രിക്കന്‍ കരുത്തര്‍ക്ക് കഴിഞ്ഞിട്ടില്ല.

എന്നാല്‍ ഒരു ബഹുമതിക്ക് അര്‍ഹരാണ് ടുണീഷ്യ. ലോകകപ്പില്‍ ആദ്യമായി ഒരു മത്സരം ജയിച്ച ടീമെന്ന ബഹുമതിയാണ് അവര്‍ക്കുള്ളത്. 1978ലെ അര്‍ജന്റീന ലോകകപ്പില്‍ മെക്‌സിക്കോയെ അവര്‍ 3-1നു തോല്‍പ്പിച്ചു.

യുവത്വവും പരിചയസമ്പത്തും ഒത്തിണിങ്ങിയ ടീമുമായാണ് കോച്ച് നബില്‍ മാലോല്‍ റഷ്യയിലെത്തുന്നത്. ഫ്രഞ്ച് ലീഗില്‍ കളിക്കുന്ന ഒരുപിടി താരങ്ങളാണ് ടീമിന്റെ കരുത്ത്.  മിഡ്ഫീല്‍ഡര്‍മാരാണ് ടീമിന്റെ ശക്തി. ലെസ്റ്റര്‍സിറ്റിയുടെ താരമായ യൊഹാന്‍ ബെനാലുവാന്‍ ആണ് പ്രതിരോധത്തിലെ ശക്തിദുര്‍ഗം. അലി മലൗള്‍, സ്യാം ബെന്‍ യൂസഫ്, യാസിന്‍ മെരിയ, ഹംദി നഖ്വിസ് തുടങ്ങിയവരാണ് മറ്റ് കരുത്തര്‍. ഫെര്‍ജാനി സാസിയാണ് മധ്യനിരയിലെ ശ്രദ്ധേയ താരം. വൈസ് ക്യാപ്റ്റന്‍ വഹ്ബി ഖസ്രി, മുഹമ്മദ് അമിനെ, നയിം സ്ലിറ്റി, സെയ്ഫ് എഡിനെ എന്നിവര്‍ മധ്യനിരയില്‍ സാസിക്ക് കൂട്ടാവും. ഖസ്രി മികച്ച സ്‌ട്രൈക്കറും കൂടിയാണ്. ബെന്‍ യൂസഫ്, അനിസെ ബദ്രി, സാബര്‍ ഖാലിഫ എന്നിവര്‍ സ്‌ട്രൈക്കര്‍മാര്‍.

ലോകകപ്പ് യോഗ്യതക്കുശേഷം കൡച്ച അഞ്ച് സൗഹൃദ മത്സരങ്ങൡ സ്‌പെയിനിനോട് മാത്രമാണ് അവര്‍ തോറ്റത്. പോര്‍ച്ചുഗലിനെയും തുര്‍ക്കിയെയും സമനിലയില്‍ പിടിച്ചപ്പോള്‍ ഇറാന്‍, കോസ്റ്ററിക്ക ടീമുകളെ തോല്‍പ്പിച്ചു. എതിരാളികള്‍ എത്ര വമ്പന്മാരായാലും പേടിക്കാതെ കളിക്കാന്‍ കഴിയുന്ന ഒരുപറ്റം താരങ്ങളാണ് ടീമിന്റെ മുതല്‍ക്കൂട്ട്. മറ്റ് ആഫ്രിക്കന്‍ ടീമുകളില്‍നിന്നു വ്യത്യസ്തമായി മാന്യമായ കളിയാണ് ടുണീഷ്യയുടേത്.

പനാമ

ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ പനാമ അമേരിക്കയുടെ വഴിമുടക്കിയാണ് റഷ്യയിലേക്ക് വരുന്നത്. യോഗ്യതാ റൗണ്ടില്‍ മെക്‌സിക്കോയ്ക്കും കോസ്റ്ററിക്കയ്ക്കും പിന്നില്‍ രണ്ടാമതെത്തിയാണ് പനാമ ഫുട്‌ബോള്‍ ടീം ചരിത്രത്തിന്റെ ഭാഗമായത്. യോഗ്യതാ റൗണ്ടില്‍ കളിച്ച 10 മത്സരങ്ങളില്‍ മൂന്നില്‍ ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍. മൂന്നെണ്ണം തോറ്റു. 2014 മുതല്‍ കൊളംബിയക്കാരന്‍ ഡാരിയോ ഗോമസാണ് ടീമിന്റെ പരിശീലകന്‍. എന്നാല്‍ വയസ്സന്മാരുടെ പടയുമായാണ് അവര്‍ എത്തുന്നത്. ടീമിലെ 9 പേരും 30ന് മുകളില്‍ പ്രായമുള്ളവരാണ്.

118 മത്സരങ്ങളുടെ പരിചയമുള്ള 37 കാരന്‍ ബ്ലാസ് പെരെസ് ആണ് മുന്നേറ്റത്തിലെ പ്രധാന താരം. 105 മത്സരങ്ങള്‍ കളിച്ച ലൂയിസ് തെഹാഡയാണ് മറ്റൊരു പ്രധാന സ്‌ട്രൈക്കര്‍. ഇരുവരും 43 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. ഗബ്രിയേല്‍ ടോറസ്, ഇസ്മയേല്‍ ഡയസ്, അബ്ഡിയേല്‍ അരോയോ എന്നിവരാണ് മറ്റ് സ്‌ട്രൈക്കര്‍മാര്‍. 102 മത്സരങ്ങളില്‍ ദേശീയ ജേഴ്‌സിയണിഞ്ഞ ക്യാപ്റ്റന്‍ ഫിലിപ്പെ ബലോയ്ക്കാണ് പ്രതിരോധത്തിന്റെ നിയന്ത്രണം. 111 മത്സരങ്ങള്‍ കളിച്ച റോമന്‍ ടോറസ്, 76 തവണ ജേഴ്‌സിയണിഞ്ഞ അഡോള്‍ഫോ മച്ചാഡോ,  52 മത്സരങ്ങളില്‍ കളിച്ച ഹരോള്‍ഡ് കുമ്മിങ്‌സ് എന്നിവരും പ്രതിരോധത്തിന് കരുത്തേകും. മധ്യനിരയില്‍ 144 മത്സരങ്ങളില്‍ ഇറങ്ങിയ ഗബ്രിയേല്‍ ഗോമസാണ് പ്രധാനി. അര്‍മാന്‍ഡോ കൂപ്പര്‍, അനിബല്‍ ഗൊഡോയ്, റിക്കാര്‍ഡോ അവില, എഡ്ഗാര്‍ ബാര്‍സിനാസ് എന്നിവരും മധ്യനിരയ്ക്ക് കരുത്തുപകരാനുണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.