താരങ്ങൾ വരവായി

Tuesday 12 June 2018 3:26 am IST

സോചി: ലോക കിരീടം തിരിച്ചുപിടിക്കാനുള്ള മോഹവുമായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ നേതൃത്വത്തില്‍ ബ്രസീല്‍ ടീം റഷ്യയില്‍ കാലുകുത്തി. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഇന്നലെ രാവിലെയാണ് നെയ്മറും കൂട്ടരും റഷ്യന്‍ നഗരമായ സോചിയിലെത്തിയത്.

വിയന്നയില്‍ കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തില്‍ ആതിഥേയരായ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുക്കിയാണ് മുന്‍ ചാമ്പ്യന്മാരായ ബ്രസീലിന്റെ വരവ്. പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലെത്തിയ നെയ്മര്‍ ഓസ്ട്രിയക്കെതിരെ ഗോള്‍ അടിച്ചു.നെയ്മര്‍ക്ക് പുറമെ ഗബ്രിയേല്‍ ജീസസ്, ഫിലിപ്പ് കുടിഞ്ഞോയും ഗോളുകള്‍ നേടി.

ലോകത്തെ ഏറ്റവും വിലയേറിയ താരമായ നെയ്മര്‍ കഴിഞ്ഞയാഴ്ച നടന്ന സന്നാഹ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെയും ഗോള്‍ നേടിയിരുന്നു. നെയ്മറിലാണ് ബ്രസീലിന്റെ പ്രതീക്ഷ. ലോകകപ്പില്‍ ഗ്രൂപ്പ് ഇ യിലാണ് ബ്രസീല്‍ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ 17 ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. കോസ്റ്ററിക്ക, സെര്‍ബിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമകുകള്‍.

രണ്ടാം ലോക കിരീടം തേടി മുന്‍ ചാമ്പ്യന്മാരായ ഫ്രഞ്ച് പടയും ഇന്നലെ റഷ്യയിലെത്തി. മുന്നേറ്റനിരക്കാരനായ ഗ്രീസ്മാന്റെ നേതൃത്വത്തിലാണ് ടീം മോസ്‌കോയില്‍ വിമാനമിറങ്ങിയത്. പിന്നീട് അവരുടെ കേന്ദ്രമായ ഇസ്ട്രയിലേക്ക് പോയി.

ഇരുപത് വര്‍ഷം മുമ്പ് നേടിയ കിരീടം തിരിച്ചു പിടിക്കുകയാണ് അവരുടെ ലക്ഷ്യം.അവസാന സന്നാഹ മത്സരത്തില്‍ ഫ്രാന്‍സിന് മികവ് കാട്ടാനായില്ല. അമേരിക്കയുടെ യുവ ടീമുമായി അവര്‍ സമനില പടിച്ചു. കൈയ്‌ലിയന്‍ എംബാപ്പെയാണ് ഗോള്‍ നേടി ടീമിന് സമനിലയൊരുക്കിയത്.

ഗ്രൂപ്പ് സി യിലാണ് ഫ്രാന്‍സ് മത്സരിക്കുന്നത്.ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. പെറുവും ഡെന്‍മാര്‍ക്കുമാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. സ്വന്തം മണ്ണില്‍ 1998 ല്‍ നടന്ന ലോകകപ്പിലാണ് ഫ്രാന്‍സ് കിരീടം നേടിയത്. സിനദിന്‍ സിദാന്‍ നയിച്ച ഫ്രാന്‍സ് ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീലിനെ പരാജയപ്പെടുത്തി.

ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനയും റഷ്യയിലെത്തിയിട്ടുണ്ട്. കിരീം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ് അര്‍ജന്റീന. ബ്രസീലില്‍ കഴിഞ്ഞ തവണ അരങ്ങേറിയ ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് അര്‍ജന്റീന. പക്ഷെ ഫൈനലില്‍ ജര്‍മനിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.

ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ ശനിയാഴ്ച മോസ്‌ക്കോയില്‍ ഐസ്‌ലന്‍ഡുമായി ഏറ്റുമുട്ടും. ക്രൊയേഷ്യയും നൈജീരിയയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ലിവര്‍പൂളിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല നയിക്കുന്ന ഈജിപ്തും റഷ്യയിലെത്തി. സലയിലാണ് ഈജിപ്തിന്റെ പ്രതീക്ഷ. പക്ഷെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റ സല ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പരിക്കില്‍ നിന്ന് മോചിതനായാലേ സലയ്ക്ക് ലോകകപ്പില്‍ കളിക്കാനാകൂ.

ബെര്‍ട്ട് വാന്‍ മാര്‍വിക്കിന്റെ ഓസ്‌ട്രേലിയന്‍ ടീമും ഇന്നലെ റഷ്യയിലെത്തി. കസാന്‍ വിമാനത്താവളത്തിലെത്തിയ ടീം  അവര്‍ക്ക് പരിശീലന സൗകര്യമൊരുക്കിയിട്ടുളള ടാറ്റാര്‍ നഗരത്തിലേക്ക് പോയി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ശനിയാഴ്ച കരുത്തരായ ഫ്രാന്‍സുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.