വീഴ്ചയിൽ കുമ്പസരിച്ച് നേതൃത്വം; പരസ്യപ്രസ്താവനകൾക്ക് വിലക്ക്

Tuesday 12 June 2018 3:29 am IST

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതില്‍ വീഴ്ചയുണ്ടായെന്ന്  ഏറ്റു പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന് പി ജെ കുര്യന്റെ വിമര്‍ശനം. ഉണ്ടെന്ന് ഉമ്മന്‍ചാണ്ടി ഭക്തര്‍. പൊട്ടിത്തെറി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന നിര്‍ദ്ദേശം.  കോണ്‍ഗ്രസിന്റെ  നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പരസ്പരം ചെളിവാരി എറിയലിനപ്പുറം ഒന്നും നടന്നില്ല. തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടാകുമന്ന് ഉറപ്പുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടി വീണ്ടും തന്റെ ബുദ്ധി കാണിച്ചു.

പ്രതിരോധത്തിലായ ചെന്നിത്തല,  രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് തുടക്കത്തിലേ സമ്മതിച്ചു.  ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത്, രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ചര്‍ച്ച നടത്തിയ ശേഷമേ ഉണ്ടാകൂ എന്നും ചെന്നിത്തല വ്യക്തമാക്കി. സീറ്റ് കൈമാറിയപ്പോള്‍ പരിഗണിച്ചത് മുന്നണിയുടെ കെട്ടുറപ്പാണെന്നും  രമേശ് ചെന്നിത്തലയും എം.എം. ഹസനും പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ചുകൊണ്ട് പി.ജെ. കുര്യന്‍ വിമര്‍ശനത്തിന് തുടക്കം കുറിച്ചു. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്നായിരുന്നു കുര്യന്റെ ചോദ്യം. ദല്‍ഹിയിലെ ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം ക്ഷണിക്കേണ്ട. കെ.സി. വേണുഗോപാല്‍, വി.എം സുധീരന്‍, കെ. മുരളീധരന്‍ എന്നിവരെയും  ക്ഷണിക്കണം. കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് എ.ഐ.സി.സി അന്വേഷിക്കണം - പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത്  പാര്‍ട്ടിയെ വളര്‍ത്താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്നായിരുന്നു  പി.സി. വിഷ്ണുനാഥിന്റെ മറുപടി. ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമാകുമെന്നും. വിഷ്ണുനാഥ് പറഞ്ഞുവെച്ചു. രാഹുല്‍ ഗാന്ധി അംഗീകരിച്ച വിഷയത്തില്‍ ചര്‍ച്ചയേ ആവശ്യമില്ലന്ന നിലപാടിലായിരുന്നു എ ഗ്രൂപ്പുകാര്‍.

കോണ്‍ഗ്രസ് നന്നാകണം എന്ന് ഘടകകക്ഷികള്‍ക്ക് താല്‍പര്യം ഉണ്ടാകില്ലെന്നായിരുന്നു യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. പി കെ  കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കും എതിരെയും വിമര്‍ശനം.

 വിഷയം കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയതായി ഗ്രൂപ്പു വ്യത്യാസമില്ലാതെ അഭിപ്രായമുയര്‍ന്നു. നേതാക്കള്‍ നടത്തിയ പരസ്യ പ്രസ്താവനയും ഫേസ് ബുക്ക് പോസ്റ്റുകളും എരിതീയില്‍ എണ്ണ ഒഴിച്ചെന്നായിരുന്നു വിലയിരുത്തല്‍. തുടര്‍ന്ന് പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടിയെടുക്കുമെന്നും, പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.