നിപയെ അതിജീവിച്ച അജന്യ വീട്ടിലെത്തി

Tuesday 12 June 2018 3:30 am IST

കോഴിക്കോട്: നിപ വൈറസ് ഭീതിയകന്നതോടെ കോഴിക്കോട് ജില്ല സാധാരണ നിലയിലേക്ക് മടങ്ങുന്നു. മധ്യവേനല്‍ അവധിക്കുശേഷം ജില്ലയിലെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കാനുള്ള ഒരുക്കമാണ് എവിടെയും.  

പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയും ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചും സജീവമാവുകയാണ് കോഴിക്കോടിന്റെ ഗ്രാമനഗരപ്രദേശങ്ങള്‍. കോഴിക്കോട് നഗരവും ചെറുപട്ടണങ്ങളും പതിവുപോലെ സജീവമായിക്കഴിഞ്ഞു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്നലെ അവസാനിച്ചു.

നിപയെ അതിജീവിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യ ഇന്നലെ ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു. നിപയെ അതിജീവിച്ച തേഞ്ഞിപ്പലം സ്വദേശി യുബീഷിനെ ചികിത്സയ്ക്കുശേഷം 14ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നേരത്തെ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നെങ്കിലും ചികിത്സയ്ക്കുശേഷം നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രോഗമുക്തരായ ഇരുവര്‍ക്കും ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. 

വീടുകളില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിപ വൈറസ് ബാധയുടെ വ്യാപനം തടയാനായെങ്കിലും ഈ മാസം അവസാനം വരെ ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

 പരിശോധനയില്‍ ഇതുവരെ 18 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. ഇവരില്‍ 16 പേരാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേര്‍ സുഖം പ്രാപിച്ചു. ബാക്കി പരിശോധിച്ച 317 കേസുകളും നെഗറ്റീവാണ്. സമ്പര്‍ക്ക ലിസ്റ്റില്‍ 2649 പേരാണ് ഉണ്ടായിരുന്നത്. നിരീക്ഷണ സമയപരിധി കഴിഞ്ഞതിനാല്‍ ഇവരില്‍ 1219 പേരെ ഒഴിവാക്കി. ഇനി പട്ടികയില്‍ അവശേഷിക്കുന്നത് 1430 പേരാണ്. പന്ത്രണ്ടാം തീയതിയോടെ ഇത് 892 ആയി ചുരുങ്ങും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.