ഭരണ നേട്ടങ്ങൾ നിരത്തി സ്മൃതി ഇറാനി സാനുമാഷിൻ്റെ വീട്ടിൽ

Tuesday 12 June 2018 3:34 am IST
"രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി എറണാകുളത്ത് പ്രൊഫ. എം.കെ. സാനുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അദ്ദേഹത്തെയും ഭാര്യയേയും പൊന്നാട അണിയിക്കുന്നു. വി. മുരളീധരന്‍ എംപി സമീപം"

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്പര്‍ക് ഫോര്‍ സമര്‍ധന്‍ പരിപാടിയുടെ ഭാഗമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി, എഴുത്തുകാരനും ചിന്തകനും ഇടതു സഹയാത്രികനുമായ പ്രൊഫ.എം.കെ. സാനുവിനെ സന്ദര്‍സിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും മറ്റും അടങ്ങിയ ലഘുലേഖകള്‍ സ്മൃതി ഇറാനി എം.കെ. സാനുവിന് കൈമാറി. 

ലഘുലേഖകള്‍ വായിക്കണമെന്നും അതിലെ നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ട് അനുകൂലമായി പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു. ലഘുലേഖകള്‍ വായിക്കാമെന്നും നല്ലതിനോട് അനുകൂലമായി പ്രതികരിക്കേണ്ടത് ഒരു പൗരന്റെ ചുമതലയാണെന്നും സാനു മാഷ് മന്ത്രിയോട് പറഞ്ഞു. 

ബിജെപി സര്‍ക്കാരിനോട് അനുകൂലമായ നിലപാടുകളുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ട്. അസഹിഷ്ണുത കൂടുന്നുണ്ട്. അതിനോട് യോജിപ്പില്ലെന്നും പ്രതിഷേധമുണ്ടെന്നും സാനു പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ രാജ്യത്തെ പ്രമുഖരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രൊഫ.എം.കെ. സാനുവിനെ വീട്ടിലെത്തി മന്ത്രി സന്ദര്‍ശിച്ചത്. സ്മൃതി ഇറാനിയുടേത് രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ പ്രമുഖരായ വ്യക്തികളെ കണ്ട് ഭരണനേട്ടങ്ങള്‍ അറിയിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്ന വി. മുരളീധരന്‍ എംപി പറഞ്ഞു. ശബരിമല തന്ത്രിയെയും സന്ദര്‍ശിക്കുന്നുണ്ട്. ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ഷൈജു, എം.എന്‍. മധു, എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.