ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല

Tuesday 12 June 2018 3:34 am IST

കൊച്ചി: വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ആരും ആര്‍ടിഎഫിന് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  മുഖ്യ പ്രതികളായ ആര്‍ടിഎഫ് അംഗങ്ങള്‍ നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം  വ്യക്തമാക്കിയത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.

റൂറല്‍ ടൈഗര്‍ ഫോഴ്‌സ് സമാന്തര സേനയായി പ്രവര്‍ത്തിക്കുകയായിരുന്നെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു.   ശ്രീജിത്തിന്റെ വയറിനു പരിക്കേറ്റ സംഭവം ആദ്യം പരിശോധിച്ച ആശുപത്രിയില്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കി. 

ചവിട്ടേറ്റെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടില്ലെങ്കില്‍ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്താനുള്ള അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കാന്‍  ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഡയറിയും മുറിവു സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഹാജരാക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കി. ആര്‍ടിഎഫ് അംഗങ്ങളായിരുന്ന സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.