കിം-ട്രംപ് ഉച്ചകോടി ഇന്ന്

Tuesday 12 June 2018 3:45 am IST

സിംഗപ്പൂര്‍ സിറ്റി: അടുത്ത കാലത്തൊന്നും നേടാത്തത്ര ആഗോള ശ്രദ്ധയോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ഇന്ന് സിംഗപ്പൂരില്‍ ചര്‍ച്ച നടത്തും. ട്രംപും ഉന്നും സിംഗപ്പൂരില്‍ വന്നിറങ്ങിയതു മുതല്‍ വിശേഷങ്ങളുടെ പെരുമഴയാണ്. ഇരുരാജ്യങ്ങളുടേയും ഭരണാധികള്‍ തമ്മില്‍ ചരിത്രത്തിലാദ്യമാണ് ചര്‍ച്ച നടത്തുന്നത്. 

ചര്‍ച്ചയുടെ യഥാര്‍ഥ ലക്ഷ്യങ്ങളേക്കാള്‍, ഫലപ്രാപ്തിയെക്കുറിച്ചുള്ള പ്രതീക്ഷകളേക്കാള്‍ മറ്റു പലതിനുമാണ് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത്. കിം സഞ്ചരിച്ച വിമാനത്തിന്റേയും കാറിന്റേയും സുരക്ഷാ സന്നാഹങ്ങളുടേയും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി രണ്ടായിരത്തഞ്ഞൂറു മാധ്യമ പ്രതിനിധികളാണ് ട്രംപ്-കിം ഉച്ചകോടിക്ക് സിംഗപ്പൂരില്‍ എത്തിയിരിക്കുന്നത്. 

2005ലെ ഉഭയകക്ഷി കരാറിലുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷാ ഉറപ്പുകള്‍ ഉച്ചകോടിക്കിടെ ഉത്തരകൊറിയക്ക് അമേരിക്ക നല്‍കുമെന്നാണ് സൂചന. ഉത്തരകൊറിയയും സഹകരിച്ചാല്‍ ഈ ഉച്ചകോടിയോടെ കൊറിയന്‍ സംഘര്‍ഷത്തിന് എന്നെന്നേയ്ക്കുമായുള്ള പരിഹാരമാണ് ലക്ഷ്യം. ഉച്ചകോടി വിജയിച്ചാല്‍ കിമ്മിനെ വൈറ്റ്ഹൗസിലേക്കു ക്ഷണിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു.

വിനോദസഞ്ചാര ആകര്‍ഷണമായ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലില്‍ ഇന്നു രാവിലെ ആറരയ്ക്കാണ് ഉച്ചകോടി. സെന്റ് റെജിസ് ഹോട്ടലിലാണ് കിം താമസിക്കുന്നത്. ട്രംപിന്റെ താമസം ഷങ്ഗ്രില ഹോട്ടലില്‍. വിദേശകാര്യ മന്ത്രി റി യോങ് ഹോ, കിം യോങ് ചോല്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ കിമ്മിനൊപ്പമുണ്ടാവുക.വിദേശ സെക്രട്ടറി മൈക്ക് പോംപി, സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോണ്‍ കെല്ലി, പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് തുടങ്ങിയവരാണ് ട്രംപിന്റെ സംഘത്തിലെ പ്രമുഖര്‍. 

ആണവ നിരായുധീകരണത്തിലേക്ക് ഉത്തരകൊറിയയെ നയിക്കാന്‍ പാകത്തിനുള്ള ഉറപ്പുകള്‍ നല്‍കുമെന്നാണ് ഉച്ചകോടിക്കു മുന്നോടിയായി മാധ്യമ പ്രതിനിധികളെക്കണ്ട മൈക്ക് പോംപി പറഞ്ഞത്. ചര്‍ച്ചയുടെ അജണ്ട തയാറാക്കുന്നതിന് ഇന്നലെ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.