ട്രംപ്-കിം കുടിക്കാഴ്ച തുടങ്ങി; സമാധാനം നിലനിൽക്കുമോ; ലോകം പ്രതീക്ഷയിൽ

Tuesday 12 June 2018 7:40 am IST

സിംഗപ്പൂർ: ലോകം ഉറ്റുനോക്കുന്ന ചരിത്ര കൂടിക്കാഴ്ചയ്ക്ക് സിങ്കപ്പൂരില്‍ തുടക്കം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച.

ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ നാല് യുഎസ് പ്രസിഡന്റുമാര്‍ ഈ കൂടികാഴ്ച്ചക്ക് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തര കൊറിയക്ക് മുന്‍പില്‍ യാതൊരു ഉപാധികളോടെയുമല്ലാതെ ഉള്ള ഈ ചര്‍ച്ച ട്രംപിന്റെ വിജയമായാണ് ലോകം കാണുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.

ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.  ഉച്ചകോടിയില്‍ യു.എസിന്റെ പ്രധാനലക്ഷ്യം ആണവനിരായുധീകരണമാണ്. ഉത്തരകൊറിയ പൂര്‍ണമായും ആണവായുധം അടിയറവുവയ്ക്കണമെന്ന നിലപാടായിരിക്കും അമേരിക്ക ഉയര്‍ത്തിപ്പിടിക്കുക. അമേരിക്കയുടെ ഈ നിലപാടാണ് ചര്‍ച്ചയില്‍ നിര്‍ണായകമാവുകയെന്നാണ് കരുതുന്നത്. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പരാജയപ്പെടാനാണ് സാധ്യത.

1950-53 വര്‍ഷങ്ങളിലെ കൊറിയന്‍ യുദ്ധത്തിന് വിരാമമായെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധാവസ്ഥയിലാണ്. ഉച്ചകോടിയില്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും തീരുമാനമായേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.