കളിചിരിയും കരാറും; കിമ്മും ട്രംപും ചിരിച്ച് പിരിഞ്ഞു

Tuesday 12 June 2018 11:16 am IST

സിംഗപ്പൂര്‍: ചരിത്രം കുറിച്ച  സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഉത്തരകൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് സമ്മതമറിയിച്ച് പ്രസിഡന്റ് കിം ജോങ് ഉന്‍. ഉന്നിന്റെ സമ്മതത്തിനു പിന്നാലെ യുദ്ധക്കൊതി നിര്‍ത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതോടെ ഉച്ചകോടിക്ക് വിരാമമായി. 

സമ്പൂര്‍ണ ആണവ നിരായുധീകരണം ഉറപ്പു വരുത്താന്‍ ഉത്തര കൊറിയയിലേക്ക് ട്രംപിനെ ഉന്‍ ക്ഷണിക്കുകയും ചെയ്തു. ചര്‍ച്ചയ്ക്കു ശേഷം ഇരു നേതാക്കളും മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ സംയുക്തപ്രസ്താവന നടത്തി. കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകള്‍ക്കു മുമ്പില്‍ ഹസ്തദാനം ചെയ്തുകൊണ്ടാണ് ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും ചര്‍ച്ച നടത്തിയത്. ചര്‍ച്ച  അഞ്ചു മണിക്കൂറോളം നീണ്ടു. ഇനി ഇരു രാജ്യങ്ങളുടെയും നിര്‍ണായക മാറ്റമായിരിക്കും ലോകം കാണുകയെന്ന് മേധാവികള്‍ അറിയിച്ചു. പുതിയ ചരിത്രമെഴുതാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇതു വിജയമായിരുന്നെന്നുമാണ്  പ്രസിഡന്റുമാര്‍ അറിയിച്ചത്. 

ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലായിരുന്നു കിം. ഘട്ടംഘട്ടമായേ ഇത് നടക്കുകയുള്ളു, പക്ഷേ ഇതിന് യുഎസിന്റെ  ചില ഉറപ്പുകള്‍ ലഭിക്കേണ്ടതുണ്ടെന്നും അറിയിച്ചു. കൊറിയയ്ക്കു മേലുള്ള ഉപരോധത്തില്‍ ഇളവ്, സാമ്പത്തിക സഹായം, രാജ്യാന്തരതലത്തില്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടല്‍, കൊറിയന്‍ സമാധാന കരാര്‍ ഒപ്പിടാനുള്ള ഇടപെടല്‍ തുടങ്ങിയവയെല്ലാം കിം മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം ട്രംപ് ഉറപ്പു നല്‍കിയോ എന്നു വ്യക്തമല്ല. 

ആദ്യ 45 മിനിറ്റ് സൗഹൃദ സംഭാഷണമാണ് ഇരു നേതാക്കളും നടത്തിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഉത്തര കൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചു.ഇതോടെ ആണവ നിരായുധീകരണവ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൊറിയയ്ക്ക് സുരക്ഷ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ മേഖലയാക്കുമെന്ന് കിമ്മും ഉറപ്പു നല്‍കി.

ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ക്കും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ നന്ദി രേഖപ്പെടുത്തി.

അമേരിക്കയും ഉത്തരകൊറിയയും അടിയന്തരമായി യുദ്ധത്തടവുകാരെ കൈമാറും. കൂടാതെ ഇരുനേതാക്കളും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. അഭിമാനകരമായ മുഹൂര്‍ത്തമെന്നായിരുന്നു സമാധാനകരാറില്‍ ഒപ്പിടുന്നതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത്. ചര്‍ച്ച യാഥാര്‍ഥ്യമാക്കിയ ട്രംപിന് നന്ദി അറിയിക്കുന്നതായി കിമ്മും പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.