ആര്‍എസ്എസ്സിനെ അവഹേളിച്ച രാഹുലിന് കുറ്റപത്രം

Tuesday 12 June 2018 12:02 pm IST
2014 മാര്‍ച്ച് ആറിന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭീവണ്ടിയില്‍ നടന്ന സമ്മേളനത്തിലാണ് ആര്‍എസ്എസാണ് മഹാത്മാഗാന്ധിയെ കൊന്നതെന്ന് പ്രസംഗിച്ചത്. തുടര്‍ന്ന് കുന്ദെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി.

മുംബൈ: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസാണെന്ന് പൊതുസമ്മേളനത്തില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കുറ്റപത്രം. പ്രസംഗത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്ദേ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 499, 500 വകുപ്പുകള്‍ പ്രകാരം രാഹുലിന് കുറ്റപത്രം നല്‍കിയത്. ഇനി രാഹുല്‍  കോടതിയില്‍ ഹാജരായി വിചാരണ നേരിടണം.തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ഇന്നലെ രാവിലെ പത്തരയോടെ രാഹുല്‍ കോടതിയില്‍ ഹാജരായി. തുടര്‍ന്ന് മജിസ്ട്രേറ്റ് എഐ ഷെയ്ഖ്  കുറ്റപത്രം വായിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. നിങ്ങള്‍ ആര്‍എസ്എസിന് മാനഹാനി വരുത്തിയെന്നാണ് ആരോപണം. നിങ്ങളുടെ പ്രസംഗം പത്രങ്ങളിലും ചാനലുകളിലും വരികയും ചെയ്തിരുന്നു. കോടതി രാഹുലിനോട് പറഞ്ഞു. താന്‍ അങ്ങനെ പ്രസംഗിച്ചതായി രാഹുല്‍ സമ്മതിച്ചു. തുര്‍ടന്ന് കേസില്‍ അടുത്ത വിചാരണ ആഗസ്റ്റ് 10ന് നടത്താന്‍ നിശ്ചയിച്ചു.

2014 മാര്‍ച്ച് ആറിന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭീവണ്ടിയില്‍ നടന്ന സമ്മേളനത്തിലാണ് ആര്‍എസ്എസാണ് മഹാത്മാഗാന്ധിയെ കൊന്നതെന്ന് പ്രസംഗിച്ചത്. തുടര്‍ന്ന് കുന്ദെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി. 2016 നവംബര്‍ 16ന്  കോടതി രാഹുലിന് ജാമ്യമനുവദിച്ചു. ഇത് തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുടര്‍ന്ന് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഒരു സംഘടനയെ അടച്ചാക്ഷേപിച്ചത് ശരിയായില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാഹുല്‍ മാപ്പു പറയുകയോ വിചാരണ നേരിടുകയോ വേണമെന്ന് വിധിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ച രാഹുല്‍ വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇതോടെ മജിസ്ട്രേറ്റ് കോടതി വിചാരണ നടപടികള്‍ തുടങ്ങി. ജൂണ്‍ 12ന് ഹാജരാകാന്‍ കഴിഞ്ഞ മാസമാണ് കോടതി രാഹുലിന് നിര്‍ദ്ദേശം നല്‍കിയത്.

പാര്‍ട്ടി അധ്യക്ഷന്‍ തന്നെ മാനനഷ്ടക്കേസില്‍ കുരുങ്ങിയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയും നാണക്കേടുമായി. ആര്‍എസ്എസിനെ ഗാന്ധിഘാതകരെന്ന് നിരന്തരം ആക്ഷേപിക്കുന്നവര്‍ക്കും മുന്നറിയിപ്പാണ് കോടതി നടപടി. 

പ്രണബ് ആസ്ഥാനത്ത്, രാഹുല്‍ കോടതിയില്‍

ന്യൂദല്‍ഹി: ക്ഷണം സ്വീകരിച്ച് ആര്‍എസ്എസിന്റെ ആസ്ഥാനത്ത് മുന്‍രാഷ്ട്രപതിയും പഴയ കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി എത്തിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയ മുഖര്‍ജി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണവും നടത്തി. 

തൊട്ടുപിന്നാലെ, മുഖര്‍ജി മുന്‍പ് ഏതു പാര്‍ട്ടിയിലായിരുന്നോ ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍എസ്എസിന്റെ മാനനഷ്ടക്കേസില്‍ കോടതി കയറിയത്  വിധിവൈപരീത്യം തന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.