തന്റെ രാജിയ്ക്ക് കാരണം ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദം - വി.എം സുധീരന്‍

Tuesday 12 June 2018 4:49 pm IST

തിരുവനന്തപുരം: താന്‍ ഗ്രൂപ്പുകളിയുടെ ഇരയാണെന്നും, കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കാന്‍ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതെയാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരന്റെ പ്രതികരണം.

കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോള്‍ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കന്മാര്‍ അവരുടെ താത്പര്യക്കാരുടെ നിലനില്‍പ്പ് മാത്രം ലക്ഷ്യംവച്ച്‌ പ്രവര്‍ത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നത്. തൃശൂര്‍ പോലുള്ള ജില്ലകളില്‍ താഴെ തട്ടില്‍ മികച്ച രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. 

ഗ്രൂപ്പിന്‍റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തോല്‍വി സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ താന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നു. നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറിനിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കട്ടെ എന്ന് താന്‍ അഭിപ്രായപ്പെട്ടതാണ്. പക്ഷേ, ഗ്രൂപ്പ് നേതാക്കന്മാര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയാറായില്ല. തന്റെ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് മത്സര രംഗത്തേക്ക് കടന്നുവരാന്‍ സാഹചര്യം ഒരുക്കാമായിരുന്നു. ഇതെല്ലാം ഗ്രൂപ്പ് നേതാക്കള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും സുധീരന്‍ ആരോപിച്ചു.

കോഴിക്കോട്ട് പൊതുപരിപാടിക്കിടെ താന്‍ വീണ് പരിക്കേറ്റിരുന്നു. ഇത് മൂലം നാല് മാസത്തെ പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതും കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ കാരണമായിട്ടുണ്ട്. പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം എല്ലാം നിലയ്ക്കും വന്നപ്പോഴാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും സുധീരന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.