ധാക്കയിലെ മലയാളി പെണ്‍കരുത്ത്

Wednesday 13 June 2018 1:02 am IST
ആ വേദനയെ തിരിച്ചറിഞ്ഞ് അവരില്‍ സന്തോഷത്തിന്റെ നാളുകള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന കരങ്ങളും വിരളമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇന്ദു എന്ന വീട്ടമ്മ വേറിട്ട വ്യക്തിത്വം തന്നെയാണ്. വിയ്യൂര്‍ ജയിലില്‍ നിന്ന് 36 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചത് ഈ പെണ്‍കരുത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

റ്റുള്ളവരുടെ വേദനയെ തിരിച്ചറിയാന്‍ സാധിക്കുകയും, അവരെ ആ വേദനയില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും ചെയ്യുന്ന മനുഷ്യരുടെ എണ്ണം വളരെ കുറവാണ്. ആ വേദനയെ തിരിച്ചറിഞ്ഞ് അവരില്‍ സന്തോഷത്തിന്റെ നാളുകള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന കരങ്ങളും വിരളമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഇന്ദു എന്ന വീട്ടമ്മ വേറിട്ട വ്യക്തിത്വം തന്നെയാണ്. വിയ്യൂര്‍ ജയിലില്‍ നിന്ന് 36 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചത് ഈ പെണ്‍കരുത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

മറക്കാനാകാത്ത ആ നിമിഷം

ഒക്ടോബറില്‍ ബംഗാള്‍ കോണ്‍സുലര്‍ ഇവരെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ ധാക്കയില്‍നിന്ന് ഇന്ദുവും എത്തി. ഇവരുടെ മോചനം ഏറെ ശ്രമകരമാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. അവരെ എത്രയും വേഗം നാട്ടില്‍ എത്തിക്കണം എന്നു ചിന്തയായി. അതിനായുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീട്. ബംഗ്ലാദേശ് സര്‍ക്കാരില്‍ നിന്നും ഇവരുടെ മോചനത്തിനായുള്ള രേഖകള്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. 

 ഒറ്റപ്പെടുന്നവരുടെ വേദന അറിയുന്നതിനാലാണ് താന്‍ കേരളത്തിലെ ജയിലുകളിലും അഭയകേന്ദ്രങ്ങലിലും പെട്ടുപോകുന്നവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നത്. അതിനായി ഒരുപാട് ആളുകളുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്ന് ഇന്ദു പറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെ പെണ്‍കരുത്ത് പ്രകടമായിരുന്നു. മലപ്പുറം ജില്ലയില്‍ വാഴക്കാടില്‍ മതിയായ രേഖകള്‍ ഇല്ലാതെയാണ് 36 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്. അനധികൃത താമസത്തിന് പിടിക്കപ്പെട്ടവരായിരുന്നു ഇവര്‍. ശേഷം ഇവരെ കണ്ണൂരിലെ വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. പിന്നീട് ഇന്ദുവിന്റെ നേതൃത്വത്തിലൂടെ ഇവരെ ബംഗ്ലാദേശിലേക്കെത്തിക്കുകയായിരുന്നു.

ഇന്ദുവിന്റെ നിര്‍ണ്ണായക പങ്ക്

ആദ്യമായാണ് കേരളത്തില്‍നിന്ന് ഇത്രയും പേര്‍ ഒരുമിച്ച് പോകുന്നത്. സാധാരണയായി ശിക്ഷയുടെ കാലാവധി അവസാനിച്ചാലും ബംഗ്ലാദേശ് പൗരന്മാര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പുറത്തിറങ്ങാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാറുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞാലും ഇരു രാജ്യങ്ങളില്‍ നിന്നുള്ള രേഖകള്‍ ലഭിക്കുന്നതിന് വരുന്ന കാലതാമസം മൂലമാണ് വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ ജയിലില്‍ അകപ്പെടുന്നത്. ശിക്ഷ അവസാനിച്ചാല്‍ ഇവര്‍ തങ്ങളുടെ പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ യാത്രാരേഖകള്‍ നല്‍കണം.  ഇവരുടെ പേരില്‍ മറ്റു കേസുകളൊന്നുമില്ലെന്ന് കാണിച്ച്  കേരള പോലീസില്‍ നിന്ന് രേഖകള്‍ വാങ്ങണം. ഇതിനു പുറമെ സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. ഇതിനായി പലരേയും കണ്ട് നിരന്തരമായ ചര്‍ച്ച നടത്തി. സിഎംഐഡി (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലുസീവ് ഡെവലപ്പ്) പ്രവര്‍ത്തകന്‍ ഡോ.ബിനോയ് പീറ്റര്‍ സഹായത്തിനുണ്ടായി. ഒടുവില്‍ അനുകൂല തീരുമാനങ്ങള്‍ എടുക്കാന്‍ രണ്ട് രാജ്യങ്ങള്‍ക്കും കഴിഞ്ഞു. 

"ഒക്‌ടോബറില്‍ ബംഗ്ലാദേശ് കൊണ്‍സുലര്‍ കോഴിക്കോട് എത്തിയപ്പോള്‍"
ജീവിതത്തിലെ വഴിത്തിരിവ്

ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അവിചാരിതമായാണ്. അതു തന്നെയാണ് തന്റെ ജീവിതവും സാക്ഷ്യം വഹിച്ചത്. ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദമെടുത്തത് അതിനോടുള്ള ഭ്രമം കൊണ്ടായിരുന്നു. എന്നാല്‍ താന്‍ എത്തിപ്പെട്ടത് തീര്‍ത്തും വ്യത്യസ്തമായൊരിടത്ത്. 2015- ല്‍ മഹിള മന്ദിരത്തില്‍ താമസിച്ചിരുന്ന ആയിഷ എന്ന സ്ത്രീയായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മഹിളാ മന്ദിരത്തിലെ അന്തേവാസിയാണ് ആയിഷ. ബംഗ്ലാ സ്വദേശിയായ ഇവര്‍ കലാകാരിയാണ്. സുഹൃത്തായ അനൂപാണ് ആയിഷയെ പരിചയപ്പെടുത്തുന്നത്. ബംഗ്ലാ ഭാഷയില്‍ എഴുതിയിരുന്ന ഇവരുടെ സൃഷ്ടികള്‍ ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് ആയിഷയുടെ ജീവിതത്തില്‍ ഇന്ദുവിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. ഒടുവില്‍ ആയിഷ സ്വന്തം നാട്ടില്‍ എത്തിച്ചേര്‍ന്നു.

കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ ആയിരുന്ന പ്രശാന്തുമായുള്ള സുഹൃദ് ബന്ധം മറ്റു അഞ്ചു കുട്ടികളെയും തന്റെ സഹായത്താല്‍ അവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ സഹായിച്ചു. ഇപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുമ്പോഴും നിറഞ്ഞ അഭിമാനമാണ്.

സന്തോഷം മാത്രം

പ്രിയപ്പെട്ടവര്‍ നഷ്ടമാകുമ്പോഴുള്ള വേദന ഒരിക്കലും മറക്കാനാകാത്തതാണ്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷമോ? അത് അതിമധുരവും. ഇതാണ് ജീവിതം. ഈ മനുഷ്യജന്മം കൊണ്ട് തനിക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുക എന്നു മാത്രേയുള്ളൂ. അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഇനിയും ഒത്തിരി ചെയ്തുതീര്‍ക്കാനുണ്ട്. കേരളത്തില്‍ എത്തിക്കഴിഞ്ഞാല്‍ വിവിധ ശരണാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്്. കൂടാതെ നല്ല സുഹൃത് ബന്ധവുമാണ് ഈ പ്രവര്‍ത്തങ്ങളില്‍ തന്നെ സഹായിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയ ആളുകള്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു എന്നതിലുപരി അവരുടെ സന്തോഷമാണ് തനിക്കേറെ പ്രിയം. എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഇവരുടെ സന്തോഷങ്ങള്‍ ധാരാളമാണ്. 

"കേരളത്തില്‍നിന്ന് മോചിതരായ ബംഗ്ലാദേശികള്‍"

ധൈര്യം പകരുന്നത് കുടുംബം

ഇത്തരം പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ സജീവമായി നില്‍ക്കുമ്പോള്‍ കുടുംബ നല്‍കുന്ന പിന്തുണ വളരെ വലുതാണ് ബംഗ്ലാദേശിലെ ധാക്കയില്‍ പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. വിവാഹം കഴിച്ചിരിക്കുന്നത് കോഴിക്കോട് സ്വദേശി ഗിരിയാണ്. ആലുവ സ്വദേശിയാണ് ഇന്ദു വര്‍മ്മ. എട്ടാം ക്ലാസുകാരനായ മകന്‍ കാര്‍ത്തികും അമ്മയ്ക്ക് കൂട്ടായിട്ടുണ്ട്. 

ഇവിടെ ചില മനുഷ്യര്‍ ഇങ്ങനെയാണ്. നല്‍കുന്ന സഹായത്തിന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍. നഷ്ടപ്പെട്ടവരുടെ വേദന മനസ്സിലാക്കുന്നവര്‍. ധാക്കയിലെ ഈ പെണ്‍ കരുത്തിന് ഇനിയും ചെയ്യാന്‍ ഒത്തിരി ബാക്കിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.