വരുന്നു, രണ്ടാംഘട്ട ഭൂസമരം

കെ. ഗുപ്തന്‍
Wednesday 13 June 2018 1:10 am IST
ഇടത് സര്‍ക്കാര്‍ 'കൃഷിഭൂമി കര്‍ഷകനെന്ന' മുദ്രാവാക്യം മുഴക്കിയാണ് ഭൂ നിയമത്തിന് രൂപം കൊടുത്തതെങ്കിലും ഫലത്തില്‍ ഭൂവുടമകളായത് കുടിയാന്മാരായിരുന്നു. കാര്‍ഷികവൃത്തി ഒരനുഷ്ഠാനമായി നിറവേറ്റിയ കുടികിടപ്പുകാര്‍ പത്തുസെന്റ് കുടികിടപ്പിനു മാത്രം അവകാശികളായി. അതും ഒട്ടേറെ നിയമയുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം. ഇവരില്‍ ഭൂരിഭാഗവും പട്ടികവിഭാഗങ്ങളും അവശേഷിക്കുന്നതിലധികവും പിന്നാക്ക വിഭാഗങ്ങളുമാണ്.

ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഘടകകക്ഷിയായ ഭാരതീയ ധര്‍മ്മജനസേന (ബിഡിജെഎസ്) നയിക്കുന്ന ഭൂസമരത്തിന്റെ രണ്ടാംഘട്ടത്തിനു നാളെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ തുടക്കം കുറിക്കും. ഈ പ്രക്ഷോഭം ഉന്നയിക്കുന്ന രണ്ടാംഭൂപരിഷ്‌കരണത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഒരന്വേഷണം. കേരളത്തിലെ കാര്‍ഷികരംഗത്തെ പ്രധാന കാല്‍വെപ്പായിരുന്നു ഭൂപരിഷ്‌കരണ നിയമം. 1970ല്‍ പ്രാബല്യത്തില്‍ വന്ന കേരളാ ഭൂപരിഷ്‌കരണ നിയമത്തിന് അടിത്തറയായത് 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പാസാക്കിയ കാര്‍ഷികബന്ധബില്ലാണ്. 1964ല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭേദഗതികളോടെ നിയമം പാസാക്കി. 

ചെറുകിട കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും പരമ്പരാഗത തൊഴിലാളികളുടെയും പിന്‍തുണയോടെ അധികാരത്തിലേറിയ ഇടത് ഗവണ്‍മെന്റ് 'കൃഷിഭൂമി കര്‍ഷകനെന്ന' മുദ്രാവാക്യം മുഴക്കിയാണ് നിയമത്തിന് രൂപം കൊടുത്തതെങ്കിലും ഫലത്തില്‍ ഭൂവുടമകളായത് കുടിയാന്മാരായിരുന്നു. പാട്ടം, വാരം, കാണം, ഒറ്റി എന്നീ കരാറുകളുടെ അടിസ്ഥാനത്തില്‍ കൃഷിയിടങ്ങള്‍ കൈവശംവയ്ക്കുകയും കുടികിടപ്പുകാരെകൊണ്ട് കൃഷിപ്പണി നടത്തിക്കുകയും ചെയ്തിരുന്നവരാണു കുടിയാന്മാര്‍. 

കാര്‍ഷികവൃത്തി ഒരനുഷ്ഠാനമായി നിറവേറ്റിയ കുടികിടപ്പുകാര്‍ പത്തുസെന്റ് കുടികിടപ്പിനു മാത്രം അവകാശികളായി. അതും ഒട്ടേറെ നിയമയുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം. ഇവരില്‍ ഭൂരിഭാഗവും പട്ടികവിഭാഗങ്ങളും അവശേഷിക്കുന്നതിലധികവും പിന്നാക്ക വിഭാഗങ്ങളുമാണ്.

രാജവാഴ്ചക്കാലത്ത് ജന്മി-കുടിയാന്‍ ബന്ധ ക്രമീകരണത്തിനായി കുടിയായ്മയ്ക്ക് നല്‍കിയ നിയമസംരക്ഷണങ്ങളെ അടിത്തറയാക്കി, ജന്മിത്തം അവസാനിപ്പിക്കുക, ഭൂപരിധി നിര്‍ണയിക്കുക, കര്‍ഷകരുടെ കൈവശാവകാശം സ്ഥിരപ്പെടുത്തുക തുടങ്ങിയ കുമാരപ്പ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ പൂര്‍ത്തീകരണമാണ് കേരള ഭൂപരിഷ്‌കരണത്തിലൂടെ നടപ്പാക്കിയത്. 

70 കളില്‍ സിപിഎം ആരംഭിച്ച മിച്ചഭൂമി സമരത്തോട് ഒരു വിച്ഛേദനം സാധിച്ചുവെന്നതാണ് 2001 ല്‍ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ സി.കെ. ജാനു നയിച്ച സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന കുടില്‍കെട്ട് സമരത്തിന്റെ പ്രസക്തി. ആദിവാസി ഭൂപ്രശ്നം സംബന്ധിച്ച് ഗവണ്‍മെന്റുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞുവെന്നതും കുടില്‍കെട്ട് സമരത്തിന്റെ എടുത്തു പറയേണ്ട നേട്ടമാണ്. 

തുടര്‍ന്ന് മുത്തങ്ങ, ചെങ്ങറ, അരിപ്പ, ആറളം ഭൂസമരങ്ങള്‍ ഭൂമിക്കുവേണ്ടിയുള്ള ദലിത് ആദിവാസി വിഭാഗങ്ങളുടെ ശക്തമായ മുന്നേറ്റമായി ചരിത്രം രേഖപ്പെടുത്തും. ഈ ഭൂസമരങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാംഭൂപരിഷ്‌കരണമെന്ന ആവശ്യത്തിന് കാലിക പ്രസക്തി കൈവന്നതും, അതിനെ തള്ളിപ്പറയാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കിയതും. 'ഭൂപരിഷ്‌കരണം - ഇനി എന്ത്' എന്ന ലേഖനത്തില്‍ തോമസ് ഐസക് പറയുന്നു. 'കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിന് അഞ്ച് പതിറ്റാണ്ടിന്റെ കര്‍ഷകസമരം വേണ്ടിവന്നു. 

കാര്‍ഷികമേഖലയിലെ അഞ്ച് ശതമാനത്തോളം വരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനം വരുന്ന കര്‍ഷക - കര്‍ഷകതൊഴിലാളി ജനവിഭാഗത്തെ അണിനിരത്തുവാനാണ് കര്‍ഷക സമരങ്ങളിലൂടെ ശ്രമിച്ചത്. എന്നാല്‍ രണ്ടാംഭൂപരിഷ്‌കരണ വാദക്കാര്‍ കാര്‍ഷിക മേഖലയിലെ 50 ശതമാനത്തോളം വരുന്ന ഭൂവുടമസ്ഥര്‍ക്കെതിരെ 50 ശതമാനം വരുന്ന കര്‍ഷക തൊഴിലാളികളെ അണിനിരത്തുവാനാണ് ശ്രമിക്കുന്നത്. 

ഇത്തരമൊരു പരിപാടി ജനകീയ ജനാധിപത്യ മുന്നണിയാല്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക'. അതിനാല്‍ ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പ്രത്യയശാസ്ത്ര വിവക്ഷയ്ക്കുള്ളില്‍ പരിഹാരം കാണേണ്ടതല്ല, പട്ടികവിഭാഗങ്ങളുടെ ഭൂപ്രശ്നമെന്നതിന് മറ്റു തെളിവുകള്‍ തേടിപോകേണ്ടതില്ലല്ലോ? 

 1957 ലെ മന്ത്രിസഭ ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ പരിഷ്‌കരണ നിയമവും പാസാക്കിയതിനാലാണല്ലോ വിമോചനസമരത്തിലേക്കും തുടര്‍ന്ന് ഇഎംഎസ് ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതിലേക്കും എത്തിയത്. കോടതി ഇടപെടലുകളും 60 ലെ പിഎസ്പി ഗവണ്‍മെന്റും, 63 ലെ കോണ്‍ഗ്രസ് ഗവണ്‍മെന്റും ഒട്ടേറെ ഭേദഗതികള്‍ വരുത്തിയതിനാല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ നിയമത്തില്‍ ഏറെ വെള്ളം ചേര്‍ക്കപ്പെട്ടു. 

കേരളത്തിലെ ആകെ ഭൂമിയെ നിയമത്തിലെ 81 ഉം 82 ഉം വകുപ്പുകള്‍ പ്രകാരം കൃഷിഭൂമിയെന്നും തോട്ടംഭൂമിയെന്നും തരംതിരിച്ചു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കര്‍ ഭൂമി കൈവശംവയ്ക്കാം. കൂടുതലുള്ള ഓരോ അംഗത്തിനും ഓരോ ഏക്കര്‍വീതവും, എന്നാല്‍ തോട്ടം ഭൂമിക്കും സ്വകാര്യവനഭൂമിക്കും 81-ാം വകുപ്പ് പ്രകാരം പരിധിയില്ല. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ വന്‍കിട തോട്ടങ്ങളും സ്വകാര്യവനഭൂമികളുമടക്കം ആകെയുള്ള ഭൂമിയുടെ മൂന്നിലൊന്നു ഭാഗം ഭൂപരിഷ്‌കരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 

1966-67ലെ ഭൂപരിഷ്‌കരണ സര്‍വ്വെ പ്രകാരം 11.5 ലക്ഷം ഏക്കര്‍ മിച്ചഭൂമിയായി തിട്ടപ്പെടുത്തി. എന്നാല്‍ 78 ല്‍ മിച്ചഭൂമിയായി പ്രഖ്യാപിക്കുന്നത് ഒന്നരലക്ഷം ഏക്കര്‍ ഭൂമി മാത്രമാണ്. 1989ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് 92338 ഏക്കര്‍ ഭൂമി. അതില്‍ പട്ടികജാതിക്കാര്‍ക്ക് 24333 ഏക്കറും പട്ടികവര്‍ഗത്തിനായി 5042 ഏക്കറും വിതരണം ചെയ്തു. 13 വര്‍ഷത്തിനിടയില്‍ മിച്ചഭൂമിയുടെ 68 ശതമാനം ആവിയായിപോയി. അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് കുടികിടപ്പവകാശം നല്‍കിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 

അവശേഷിക്കുന്നവരെ പാര്‍പ്പിക്കാനായി 26198 പട്ടികജാതി കോളനികളും 6588 ആദിവാസി കോളനികളും സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്.  ഈ കോളനികളില്‍ത്തന്നെ ഇന്ന് ഒന്നിലധികം കുടുംബങ്ങള്‍ ഒരു കൂരയ്ക്കുള്ളില്‍ അന്തിയുറങ്ങുന്നു. സര്‍ക്കാര്‍ കണക്കില്‍പെടാത്ത ചേരികളിലും റോഡ് - തോട് പുറംപോക്കുകളിലുമായി ലക്ഷക്കണക്കിന് വേറെയും. 

അഞ്ചുലക്ഷം ഭവനരഹിതരുള്ള കേരളത്തില്‍ കോടികള്‍ ചെലവു ചെയ്ത് നിര്‍മ്മിച്ച 15 ലക്ഷം വീടുകള്‍ ആള്‍താമസമില്ലാതെ പൂട്ടികിടക്കുമ്പോള്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്ക് പ്രകാരം 38.6 ശതമാനമാണ് കേരളത്തിലെ ഭൂരഹിതരുടെ സംഖ്യ. ഈ ഭൂരഹിതരില്‍ ഭൂരിഭാഗവും പട്ടികജാതി - പട്ടികവര്‍ഗങ്ങള്‍ തന്നെ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പട്ടികജാതി വിഭാഗങ്ങളില്‍ 53 ശതമാനവും ഇന്നും ഭൂരഹിതരാണ്. പട്ടികവര്‍ഗങ്ങളില്‍ 89 ശതമാനവും പട്ടികവിഭാഗങ്ങളില്‍ 75 ശതമാനവും ദരിദ്രരോ പരമ ദരിദ്രരോ ആണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.