ആദിവാസി ഭൂനിയമത്തിനും ഇതേ ഗതി

Wednesday 13 June 2018 1:11 am IST
1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി എന്നതിനര്‍ത്ഥം വിദേശികളും വിദേശ കമ്പനികളും പുത്താക്കപ്പെട്ടു എന്നതും അവര്‍ അനധികൃതമായോ, നിയമപരമായോ കൈവശംവച്ചുകൊണ്ടിരുന്ന ഭൂമിയും വിഭവങ്ങളും ദേശീയ സ്വത്തായി മാറി എന്നതാണ്.

ഭൂപരിഷ്‌കരണ നിയമത്തിന്റെ ഗതികേടു തന്നെയാണ് ആദിവാസി ഭൂനിയമത്തിനും സംഭവിച്ചത്. 1975 ലെ പട്ടികവര്‍ഗക്കാര്‍ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം അനുസരിച്ച് നഷ്ടപ്പെട്ട മുഴുവന്‍ ഭൂമിയും ആദിവാസികള്‍ക്ക് തിരിച്ചുനല്‍കണമായിരുന്നു. എന്നാല്‍ കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ 75ലെ നിയമം നടപ്പാക്കിയില്ലെന്ന് മാത്രമല്ല 1996ലും 1999ലും രണ്ട് ഭേദഗതികളിലൂടെ 75ലെ ആദിവാസി ഭൂനിയമത്തെ ഒരു കരാറിന്റെ തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. 

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി എന്നതിനര്‍ത്ഥം വിദേശികളും വിദേശ കമ്പനികളും പുത്താക്കപ്പെട്ടു എന്നതും അവര്‍ അനധികൃതമായോ, നിയമപരമായോ കൈവശംവച്ചുകൊണ്ടിരുന്ന ഭൂമിയും വിഭവങ്ങളും ദേശീയ സ്വത്തായി മാറി എന്നതാണ്. ഈ ആക്ട് നിലനില്‍ക്കെയാണ് കേരളത്തിലെ റവന്യു ഭൂമിയുടെ 58 ശതമാനം, ഉദ്ദേശം 5.5 ലക്ഷം ഏക്കര്‍, ഇപ്പോഴും വിവിധ വിദേശ കമ്പനികളുടെയോ, അവരുടെ ബിനാമികളായ ടാറ്റാ, ഗോയങ്ക തുടങ്ങിയ വന്‍കിട കുത്തകകളുടെയും കൈവശമുളളത്. 

തിരുവിതാംകൂര്‍ ദിവാനായിരുന്ന ജോണ്‍ ദാനിയേല്‍ മണ്‍ട്രോ 13000 ഏക്കര്‍ ഭൂമി പൂഞ്ഞാര്‍ രാജാവില്‍ നിന്നു പാട്ടത്തിനെടുത്ത് 1879ല്‍ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്റ് പ്ലാനിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ചതോടെയാണ്തിരുവിതാംകൂറില്‍ തോട്ടവ്യവസായം ആരംഭിക്കുന്നത്. 

തുടര്‍ന്ന് തിരുകൊച്ചി - മലബാര്‍ മേഖലയില്‍ തോട്ടവത്കരണം ആരംഭിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാരില്‍ ജന്മാവകാശം നിലനിര്‍ത്തി 'ഫ്രീഹോള്‍ഡ് ആയോ, ലീസ്ഹോള്‍ഡാ'യോ മാത്രമേ വിദേശ കമ്പനികള്‍ക്ക് രാജഭരണകാലത്ത് തോട്ടവ്യവസായത്തിന് ഭൂമി നല്‍കിയിട്ടുള്ളൂ.

 ഇംഗ്ലീഷ് കമ്പനീസ് (കണ്‍സോളിഡേഷന്‍) ആക്ട് 1908 അനുസരിച്ച് ഇംഗ്ലണ്ടില്‍ രൂപംകൊണ്ട മലയാളം റബര്‍ ആന്‍ഡ് ടീ പ്രൊഡ്യുസേഴ്സ് കമ്പനി ലിമിറ്റഡ് ഇംഗ്ലീഷ് കമ്പനികളുടെ തോട്ടവിളകള്‍ ഇംഗ്ലണ്ടിലേക്ക് കയറ്റി അയയ്ക്കുന്നതിന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാരിസണ്‍ ആന്‍ഡ് ക്രോസ് ഫീല്‍ഡ് (യു.കെ.) എന്നീ കമ്പനികള്‍ ലയിച്ചാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി രൂപംകൊള്ളുന്നത്. തുടര്‍ന്ന് പലഘട്ടങ്ങളില്‍ മറ്റു പല കമ്പനികളേയും വിലയ്ക്കു വാങ്ങുകയോ, ഇതില്‍ ലയിപ്പിക്കുകയോ ചെയ്തു. 

1963ലെ കേരളാ ഭൂപരിഷ്‌കരണ നിയമം, 1973 ലെ വിദേശനാണ്യ വിനിമയ നിയന്ത്രണചട്ടം (ഫെറ) എന്നിവ മറികടക്കുന്നതിന് ഒട്ടേറെ ലയനങ്ങളും പുതിയ കമ്പനികളുടെ രൂപവത്കരണവും നിയമലംഘനങ്ങളും തെറ്റായ വിവര സമര്‍പ്പണവും ഒക്കെ മാറിമാറിവന്ന ഇടത്-വലത് ഗവണ്‍മെന്റിന്റെയും ഉദ്യോഗസ്ഥന്മാരുടെയും കോടതിയുടെയും ഒത്താശയോടെ ഹാരിസണ്‍ അധികൃതര്‍ നടത്തി.  

ഏറ്റവും ഒടുവില്‍ കേരളാ ഗവണ്‍മെന്റ് 1947 നു മുമ്പ് വിദേശ കമ്പനികള്‍ കൈവശംവച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ഡോ. എം.ജി. രാജമാണിക്യം ഐഎഎസിനെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 59659  ഏക്കര്‍ ഭൂമി അനധികൃതമായി ടാറ്റ ഇന്നും കൈവശം വച്ചിരിക്കുന്നു.

 ഈ  ഭൂമി വിണ്ടെടുക്കുന്നതിനെതിരെ കോപ്പറേറ്റുകള്‍ നടത്തുന്ന കോടതി വ്യവഹാരങ്ങളില്‍ നിരന്തരം തോറ്റുകൊടുക്കുന്ന ഗവണ്‍മെന്റുകളെയാണ് നാം കാണുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ഈ ഭൂമി തിരിച്ചെടുക്കുന്നതിനും അത് ഭൂരഹിതര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിതരണം ചെയ്യുന്നതിനും ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തെയാണ് കേരളം ഇന്നാവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.