ആര്‍എസ്എസ് - മഹാന്മാരുടെ ദൃഷ്ടിയില്‍

Wednesday 13 June 2018 1:14 am IST

ഭാരതത്തിന്റെ ദേശീയതയെ ജീവവായുവായി കരുതുന്ന ആര്‍എസ്എസിന്റെ ദേശീയ ആസ്ഥാനത്തു നടന്ന മൂന്നാം വര്‍ഷ സംഘ ശിക്ഷാവര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആ തീരുമാനത്തെ അപലപിച്ച കോണ്‍ഗ്രസ്സ് വക്താക്കളുടെ നടപടികള്‍ ഇരുട്ടുകൊണ്ടു ഓട്ടയടക്കുന്നതിനു തുല്യമാണ്. ഭാരതത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയമണ്ഡലങ്ങളില്‍ എന്നല്ല സമഗ്രമേഖലകളിലും ആര്‍എസ്എസ് നല്‍കിയ സംഭാവനകള്‍ രാഷ്ട്ര നവനിര്‍മാണത്തിനു എത്രമാത്രം ഉതകുന്നു എന്ന തിരിച്ചറിവാണ്  സമൂഹത്തിലെ മഹത് വ്യക്തികളെ ആര്‍എസ്എസ് ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. 

ചരിത്രത്തില്‍ ആര്‍എസ്എസിനെപ്പോലെ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും സംശയത്തോടെ വീക്ഷിക്കപെടുകയും ചെയ്ത മറ്റൊരു സംഘടനയുണ്ടാവില്ല. എന്നാല്‍ ഈ മഹാപ്രസ്ഥാനത്തിന്റെ ലക്ഷ്യവും, പ്രവര്‍ത്തനങ്ങളും മനസ്സിലാക്കിയ മഹാന്മാര്‍ അനവധിയാണ്. അതില്‍ പ്രധാനി മഹാത്മാഗാന്ധി തന്നെ ആയിരുന്നു. തൊട്ടുകൂടായ്മ ഒരു വലിയവിപത്തായി ഭാരതത്തെ ഗ്രസിച്ചിരുന്ന കാലത്താണ് മഹാത്മാഗാന്ധി 1934ല്‍ മാധവ് ദേശായിയോടും മീരാബെന്നിനോടുമൊപ്പം വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിക്കുന്നത്. 

സാമൂഹിക പരിഷ്‌കരണത്തിലും, ജനങ്ങളുടെ ഏകീകരണത്തിലും ബദ്ധശ്രദ്ധരായ സംഘ പ്രവര്‍ത്തകരെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി ''ഞാന്‍ നിങ്ങളുടെ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ നിങ്ങളുടെ അച്ചടക്കവും തൊട്ടുകൂടായ്മ ഇല്ലാത്ത സമീപനവും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു.''

ഭാരതത്തിലെ നവോത്ഥാന നായകന്മാരില്‍  പ്രധാനിയും ഭരണഘടനാശില്പിയുമായ ഡോ. ബി.ആര്‍. അംബേദ്കര്‍ 1939ല്‍ ആര്‍എസ്എസിന്റെ പൂനെയിലുള്ള കേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. സ്വയംസേവകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞവാക്കുകള്‍ ജാതിയുടെ പേരില്‍ ദുരഭിമാന കൊലപാതകങ്ങള്‍ അരങ്ങേറുന്ന ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. അതുതന്നെയാണ് ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ കാലിക പ്രസക്തിയും. 

അന്ന് അദ്ദേഹം പറഞ്ഞത് ''ഞാന്‍ ആദ്യമായാണ് സംഘപ്രവര്‍ത്തകരുടെ ഒരു കേന്ദ്രം സന്ദര്‍ശിക്കുന്നത്. ഇവിടെ സവര്‍ണ്ണ ജാതിയെന്നോ അവര്‍ണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വ്യത്യാസത്തിനു നിലനില്‍പ്പുണ്ട് എന്നുപോലും തിരിച്ചറിയാന്‍ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദര്‍ശിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്''. എന്നാണ്.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഭാരതത്തില്‍ ജനാധിപത്യം തിരിച്ചുകൊണ്ടുവരണം എന്ന സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ച ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഒരുപാട് പ്രമുഖര്‍ പ്രകീര്‍ത്തിക്കുകയുണ്ടായി. അതില്‍ എടുത്തുപറയത്തക്കതാണ് ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകനും സോഷ്യലിസ്റ്റ് നേതാവും സര്‍വോദയാ നേതാവുമൊക്കെയായ ലോകനായക് ജയപ്രകാശ് നാരായണന്റെ വാക്കുകള്‍. 'ആര്‍എസ്എസ് ഒരു വിപ്ലവ പ്രസ്ഥാനമാണ്. രാജ്യത്തെ മറ്റ് ഏതെങ്കിലും സംഘടനകള്‍ അതിനടുത്തുപോലും വരില്ല. ഈ സംഘടനയ്ക്ക് ഒറ്റയ്ക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയും, ജാതീയത അവസാനിപ്പിക്കാന്‍ കഴിയും, ദരിദ്രരുടെ കണ്ണുനീര്‍ തുടച്ചു മാറ്റാന്‍ കഴിയും. ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഈ സംഘടനയില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്'. 

ഭാരതത്തിന്റെ പ്രതിരോധ സ്വപ്‌നങ്ങള്‍ക്ക് അഗ്‌നിച്ചിറകുകള്‍ നല്‍കിയ മഹാനായ ശാസ്ത്രജ്ഞനും, മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍കലാമും ആര്‍ എസ്എസുമായി അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ച ആളാണ്. 2006 ല്‍ മധ്യപ്രദേശിലെ ചിത്രകൂടത്തില്‍ വച്ച് ആര്‍എസ്എസ് പ്രചാരകനും സാമൂഹിക പ്രവര്‍ത്തകനുമായ നാനാജി ദേശ്മുഖിനെ പരിചപ്പെട്ടതിലൂടെയാണ് ആ ബന്ധം തുടങ്ങിയത്. 2014ല്‍ ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചു ദേശീയ കാര്യാലയം സന്ദര്‍ശിക്കുകയും ഡോ. ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ചു ആദരവ് രേഖപ്പെടുത്തുകയും ചെയ്തു. 

അടുത്തകാലത്ത് ജസ്റ്റിസ് കെ. ടി.തോമസ് ആര്‍എസ്എസിനെക്കുറിച്ചു അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. ഭരണഘടനയും, ഡെമോക്രസിയും, സൈന്യവും കഴിഞ്ഞാല്‍ ഭാരതത്തെ സംരക്ഷിക്കുന്ന നാലാമത്തെ ഘടകം ആര്‍എസ്എസ് ആണ് എന്നാണ്. 

ഇതാ ഇപ്പോള്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആര്‍എസ്എസ്  ആസ്ഥാനത്തു എത്തി ഡോ. ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു, ''താന്‍ ഇവിടെ എത്തിയത് ഇന്ത്യയുടെ മഹാനായ പുത്രനോടുള്ള ബഹുമാനം അറിയിക്കുന്നതിനാണെന്ന്''.

ഭാരതത്തിലെ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനവധി മഹാന്മാര്‍ യാതൊരു വേര്‍തിരിവും കൂടാതെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . വിമര്‍ശിക്കുന്നവര്‍ക്കെല്ലാം ഇതറിയാവുന്ന കാര്യവും ആണ്.

                         പത്മകുമാര്‍, റാന്നി

പാല്‍ക്കഞ്ഞി, പഴങ്കഞ്ഞി !

കെ. എം മാണി കള്ളം പറയാനും കഞ്ഞികുടിക്കാനും മാത്രമാണ് വായ തുറന്നിട്ടുള്ളതെന്ന് ചാനല്‍ ചര്‍ച്ചയില്‍ ജനപക്ഷം നേതാവ് പി.സി ജോര്‍ജ്.

ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ കെ.കരുണാകരന്‍ കെ.എം മാണിയാകും, ഇ കെ നായനാര്‍ പി.സി ജോര്‍ജും !

കെ.എ. സോളമന്‍, എസ്.എല്‍.പുരം

മാലിന്യ നിര്‍മാര്‍ജ്ജനം: നടപടികള്‍ വേഗത്തിലാകണം

മഴക്കാല രോഗങ്ങള്‍ പടരുകയാണ്. മഞ്ഞപിത്തം, കോളറ, ഛര്‍ദ്ധി, പനി, എല്ലാം കണ്ടുതുടങ്ങിയിരിക്കുന്നു. മഴപെയ്യുമ്പോള്‍ ഒഴുക്കില്‍ മാലിന്യങ്ങള്‍ റോഡില്‍ അടിഞ്ഞു കൂടുകയാണ്. ഓടയില്ലാത്തത് രോഗാണുക്കള്‍ക്ക് സ്വാഗതമോതുകയും ചെയ്യുന്നു. ഇതുമൂലം മലിനജലം കിണറ്റിലേക്കും താഴുകയാണ്. 

ഇതാണ് അസുഖങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ അധികാരികള്‍ മുന്‍കൈ എടുക്കണം. രോഗങ്ങള്‍ തടയുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ആവശ്യമായ മുന്‍ കരുതലുകള്‍ കാലവര്‍ഷം എത്തുന്നതിന് മുന്‍പേ സ്വീകരിക്കുന്നത് നന്നായിരിക്കും.

           വി.വിനോദ് കുമാര്‍, നറുകര

ചെങ്ങന്നൂരിലെ മതേതര പരീക്ഷണം

മതേതരത്വം പറയുന്ന പ്രസംഗത്തൊഴിലാളികള്‍ ചെങ്ങന്നൂരിലെ തെരെഞ്ഞെടുപ്പ് ഫലം കാണാതെ പോകരുത്. അറുപത് ശതമാനത്തിലധികം ഹിന്ദുക്കളുള്ള ചെങ്ങന്നൂരില്‍ ഒരു ക്രിസ്ത്യാനിയെ വന്‍ ഭൂരിപക്ഷത്തോടെ നിഷ്പ്രയാസം ജയിപ്പിച്ചിരിക്കുന്നത് രാഷ്ട്രീയം പറഞ്ഞ് തള്ളിക്കളയാവുന്നതല്ല....

മാണിയുടെ ക്രൈസ്തവ കോണ്‍ഗ്രസില്‍പ്പെടുന്ന ഒരു ക്രിസ്ത്യാനിപോലും, കുറി ഇട്ട് നടക്കുന്ന വിജയകുമാറിന് വോട്ടു ചെയ്ത് കാണില്ല. അതേസമയം ഹിന്ദുക്കളുടെ ഇടതുപക്ഷ വോട്ടെല്ലാം മതേതരവോട്ടായി സജിചെറിയാന് ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ ക്രൈസ്തവരും മുസ്ലീങ്ങളുമായ മതേതരന്മാരെല്ലാം തന്നെ മതംനോക്കിയാണ് കളിക്കുന്നത്. കോണ്‍ഗ്രസിലെ ഹിന്ദു വിരോധം മറനീക്കി വന്ന ഒരു സന്ദര്‍ഭം കൂടിയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. ഹൈന്ദവ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യാനിയെയും മുസ്ലീമിനെയും എങ്ങനെ ജയിപ്പിച്ചെടുക്കാം എന്ന പരീക്ഷണശാലയായിരുന്നു ചെങ്ങന്നൂര്‍.

2013ല്‍ ഉത്തരാഖണ്ഡിലെ ഭൂകമ്പത്തില്‍ മലയാളികളായ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് നദിയില്‍ ഒലിച്ചുപോയപ്പോള്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി അനുശോചനം അറിയിക്കാന്‍ പോലും തയ്യാറാകാത്തത് ഹിന്ദുക്കള്‍ വിസ്മരിച്ചു കൂടാ. അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദി സ്ഥലത്ത് എത്തുകയും ഗുജറാത്തികളെ നാട്ടിലെത്തിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കുകയും ചെയ്തതു മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നു. 

ചെങ്ങന്നൂരില്‍ വിജയകുമാറിനെ തോല്‍പ്പിച്ചതിന് സമ്മാനമെന്നപോലെയാണ് രാജ്യസഭാസീറ്റ് കേരളാകോണ്‍ഗ്രസിന് തളികയില്‍ വച്ച് ഉമ്മന്‍ചാണ്ടി നല്‍കിയത്. രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലുള്ള ഹിന്ദുക്കളെ വിറകുവെട്ടിയും വെള്ളം കോരിയുമായി നിലനിറുത്തുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു.

കേരളനിയമസഭയില്‍ ഒരു ഹിന്ദുനാമധാരിക്കുപോലും കയറിക്കൂടാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നു. അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ ഹിന്ദുത്വം  ഷണ്ഡീകരിച്ച വ്യക്തി ആയിരിക്കും. 

രഘുമോഹന കുമാര്‍, എളമക്കര

ഇല്ലാത്ത കോഴ്‌സില്‍ പ്രവേശനം നേടുന്നവര്‍

യൂണിവേഴ്‌സിറ്റികളിലോ കോളെജുകളിലോ അല്ലാതെ കേരളത്തില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ ബിബിഎ ഏവിയേഷന്‍ എന്ന പേരിലുള്ള കോഴ്‌സ്  നടത്തുന്നതായി പരസ്യങ്ങള്‍ കണ്ട് ധാരാളം കുട്ടികള്‍ വലിയ ഫീസ് നല്‍കി അതിനു ചേരുന്നുണ്ട്. എന്നാല്‍ ബിബിഎ ഏവിയേഷന്‍ എന്ന പേരില്‍ കേരളത്തില്‍ കോഴ്സ് ഇല്ല. ഉത്തരേന്ത്യയിലെ സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ ബിബിഎ ബിരുദമാണ് കോഴ്‌സ്. ഇത് വീട്ടിലിരുന്ന് തപാലില്‍ പഠിക്കാനും സാധിക്കും.

അതിന്റെയൊപ്പം, എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും ആറുമാസ ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കുന്നു. രണ്ടും ചേരുമ്പോള്‍ ബിബിഎ ഏവിയേഷന്‍ ആകുമത്രെ. സമാനമാണ് ബികോം ഏവിയേഷനും.

ജോലി കിട്ടുമെങ്കില്‍ ഏതു കോഴ്സും നല്ലതു തന്നെ. പക്ഷേ ഇതു രണ്ടു വ്യത്യസ്ത കോഴ്‌സുകളാണെന്ന് അറിഞ്ഞിരിക്കണം  എന്നു മാത്രം. ആ യൂണിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റ് അംഗീകൃതമാണെങ്കില്‍ തുടര്‍പഠനവും സാധ്യമാകും.

ജോഷി ബി. ജോണ്‍, മണപ്പള്ളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.