കഞ്ചിക്കോട്ട് വ്യവസായ പാര്‍ക്ക് ഒരുങ്ങുന്നു

Wednesday 13 June 2018 1:15 am IST

പാലക്കാട്: കഞ്ചിക്കോട്ട് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ പാര്‍ക്ക് വരുന്നു. കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിയെ ബന്ധിപ്പിച്ച് ചരക്കുനീക്കം സുഗമമാക്കാനാണിത്. 

പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 600 ഏക്കര്‍ സ്ഥലം  കണ്ടെത്തിയിട്ടുണ്ട്. കിന്‍ഫ്രയാണ് പശ്ചാത്തല വികസനമൊരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുക. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന നടപടികള്‍ വൈകാതെ തുടങ്ങുമെന്ന് കിന്‍ഫ്ര അധികൃതര്‍ പറഞ്ഞു. കൊട്ടാമുട്ടി, ചെല്ലങ്കാവ്, പയറ്റുകാട്, നാഗര്‍ചള്ള, പഴയേരിപൊറ്റ, കരിയംപാടം, വാധ്യാര്‍ചള്ള, പുത്തന്‍പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളുടെയും വനംവകുപ്പിന്റെയും സ്ഥലം പദ്ധതിക്കായി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 

സര്‍വേ പൂര്‍ത്തിയായാല്‍ കളക്ടര്‍ ഭൂവുടമകളുടെയും റവന്യു ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. ഭൂമിയുടെ വില സംബന്ധിച്ച് ഈ യോഗത്തില്‍ ധാരണയുണ്ടാക്കും. പ്രദേശത്തെ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. വ്യവസായ ഇടനാഴിയെ ബന്ധിപ്പിക്കുന്ന സംരംഭങ്ങള്‍, ബഹുനില വ്യവസായക്കെട്ടിടസമുച്ചയം, ചെറുതും വലുതുമായ നൂറിലേറെ വ്യവസായ അനുബന്ധ സംരംഭങ്ങള്‍ തുടങ്ങിയവയെല്ലാം വ്യവസായ പാര്‍ക്കിന്റെ ഭാഗമായി നിലവില്‍ വരും. 

ഇടപ്പള്ളി ജംഗ്ഷനില്‍നിന്നും സേലം വരെയുള്ള ദേശീയപാത 544ന്റെ ഗതാഗത സൗകര്യം പരിഗണിച്ചാണ് വ്യവസായ പാര്‍ക്കിനായി കഞ്ചിക്കോടിനെ തിരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയിലെ ആദ്യ ആറുവരി തുരങ്കമായ കുതിരാന്‍ തുരങ്കം തുറക്കുന്നതോടെ വ്യവസായ ഇടനാഴിയുടെ പ്രാധാന്യമേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.