വാക്ക് തന്നെ ബ്രഹ്മം

Wednesday 13 June 2018 1:19 am IST

ഛാന്ദോഗ്യോപനിഷത്ത് 53

നാരദന്‍ അറിഞ്ഞതൊക്കെയും നാമം മാത്രമാണെന്ന് പറഞ്ഞത് പഠിച്ചതിന്റെ അപര്യാപ്തതയെ കാണിക്കുന്നു. നാമങ്ങള്‍ക്ക് വികാരമുള്ളതിനാല്‍ അവയ്ക്ക് സത്യത്വമില്ല. എന്നാല്‍ അവയെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിച്ചാല്‍ ജീവിത പുരോഗതി ഉണ്ടാകും.

നാമ വാ ഋഗ്വേദോ  യജുര്‍വേദ : സാമവേദ ആഥര്‍വ്വണശ്ചതുര്‍ത്ഥ ഇതിഹാസപുരാണ : പഞ്ചമോവേദാനാം വേദ: പിത്രേ്യാ രാശിര്‍ ദൈവോ നിധിര്‍വാകോവാക്യമേ കായനം ദേവവിദ്യാ ബ്രഹ്മവിദ്യാ ഭൂതവിദ്യാ ക്ഷത്രവിദ്യാ നക്ഷത്ര വിദ്യാ സര്‍പ്പദേവ ജനവിദ്യാ നാമൈവേതന്നാമോ പാസ്സ്വേതി.

ഋഗ്വേദം, യജുര്‍വേദം.സാമവേദം, അഥര്‍വ വേദം, ഇതിഹാസപുരാണങ്ങള്‍, വ്യാകരണം, ശ്രാദ്ധകല്പം, ഗണിതം, ആധിദൈവിക ശാസ്ത്രം, നിധി ശാസ്ത്രം, തര്‍ക്കശാസ്ത്രം, നീതി ശാസ്ത്രം, നിരുക്തം, ശിക്ഷ കല്പം മുതലായ വേദശാസ്ത്രം, ഭൂത തന്ത്രം, ധനുര്‍വേദം, ജ്യോതിഷം, സര്‍പ്പവിദ്യ എന്ന ഗാരുഡം, ദേവ ജന വിദ്യ എന്ന നൃത്യ ഗീത വാദ്യ വിജ്ഞാനം എല്ലാം തന്നെ നാമമാണെങ്കിലും അവയെ, ആ നാമത്തെ ബ്രഹ്മ ബുദ്ധ്യാ ഉപാസിക്കണം.

പ്രതിമകളേയും വിഗ്രഹങ്ങളേയും ഈശ്വരനായി കണ്ട് ഉപാസിക്കുന്നതു പോലെ ഈ നാമങ്ങളെ ബ്രഹ്മമായി കണ്ട് ഉപാസിക്കണമെന്നാണ് സനത് കുമാരന്റെ ഉപദേശം. കല്ലോ മണ്ണോ ലോഹ മോ കൊണ്ടുള്ള വിഗ്രഹങ്ങള്‍ നമ്മളില്‍ ഈശ്വരഭാവനെ ഉണ്ടാക്കി ലക്ഷ്യത്തിലെത്തിക്കുന്നു. അതുപോലെ നാമങ്ങളെ ബ്രഹ്മഭാവത്തില്‍ ഉപാസിച്ചാല്‍ ക്രമേണ ലക്ഷ്യം നേടാം.

സ യോ നാമ ബ്രഹ്മേത്യം പാസ്‌തേ യാ വന്നാമ് നോ ഗതം തത്രാസ്യ യഥാ കാമചാരോ ഭവതി, യോ നാമ ബ്രഹ്മേത്യുപാ

സ്‌തേ. അസ്തി ഭഗവോ നാമ്‌നോ ആയ ഇതി നാമ്‌നോ വാവ ഭൂയോ ള സ്തീതി, തന്മേ ഭഗവാന്‍ ബ്രവീത്വിതി

  നാമത്തെ ബ്രഹ്മമെന്ന് കരുതി ഉപാസിക്കുന്നയാള്‍ക്ക് നാമത്തിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാം. രാജാവ് തന്റെ രാജ്യത്ത് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുന്ന പോലെയാണ്. ഇത് കേട്ട നാരദന്‍ ചോദിച്ചു ഭഗവാനേ, നാമത്തേക്കാള്‍ കേമമായി എന്തെങ്കിലുമുണ്ടോ? എന്ന്. തീര്‍ച്ചയായും ഉണ്ട് സനത് കുമാരന്‍ പറഞ്ഞു. എന്നാല്‍ അത് എനിക്ക് ഉപദേശിച്ചു തരൂ'...

വാഗ് വാവ നാമ്‌നോ ഭൂയസി, വാഗ് വാ ഋഗ്വേദം വിജ്ഞാപയിതി........ വാഗേ വൈതത് സര്‍വ്വം വിജ്ഞാപയതി വാച മുപാസ്സ്വേ തി.

  വാക്ക് തന്നെയാണ് നാമത്തേക്കാള്‍ ശ്രേഷ്ീമായത്. വാക്ക് എന്നാല്‍ വാക്കിനെ പ്രകടമാക്കുന്ന വാഗിന്ദ്രിയം.

വാക്കാണ് ഋഗ്വേദത്തേയും യജുര്‍ വേദത്തേയും സാമവേദത്തേയും അഥര്‍വവേദത്തേയും ഇതിഹാസപുരാണങ്ങളേയും വ്യാകരണത്തേയും ശ്രാദ്ധ കല്പത്തേയും ഗണിതത്തേയും ആധി ദൈവിക ശാസ്ത്രത്തേയും നിധി ശാസ്ത്രത്തേയും തര്‍ക്കശാസ്ത്രത്തേയും നീക്കി ശാസ്ത്രത്തേയും നിരുക്തത്തേയും ശിക്ഷകല്പം തുടങ്ങിയ വേദശാസ്ത്രത്തേയും ഭൂതന്ത്രത്തേയും ധനുര്‍വേദത്തേയും ജ്യോതിഷത്തേയും സര്‍പ്പവിദ്യയേയും ദേവ ജനവിദ്യയേയും സ്വര്‍ഗ്ഗത്തേയും ഭൂമിയേയും വായുവിനേയും ആകാശത്തേയും അപ്പുകളേയും തേജസ്സിനേയും ദേവന്‍മാരേയും മനുഷ്യരേയും മൃഗങ്ങളേയും പക്ഷികളേയും പുല്ലു കളയും കീടങ്ങള്‍ പാറ്റകള്‍ ഉറുമ്പുകള്‍ മുതലായ എല്ലാ ജീവികളെയും ധര്‍മ്മത്തെയും അധര്‍മ്മത്തെയും സത്യത്തെയും അസത്യത്തെയും നന്മയേയും തിന്മയേയും പ്രിയത്തേയും അപ്രിയത്തേയും അറിയിക്കുന്നത്.

 വാക്ക് ഇല്ലായിരുന്നുവെങ്കില്‍ ധര്‍മ്മവും അധര്‍മ്മവും സത്യവും അസത്യവും നന്മയും തിന്മയും പ്രിയവും അപ്രിയവും അറിയാന്‍ കഴിയില്ലായിരുന്നു. വാക്ക് തന്നെയാണ് ഇതിനെയെല്ലാം അറിയിക്കുന്നത്. അതിനാല്‍ വാക്കിനെ ബ്രഹ്മമാണെന്നു കരുതി ഉപാസിക്കണം.

അക്ഷരങ്ങളെ വ്യക്തമാക്കുന്നതും കണ്ഠം, ജിഹ്വാമൂലം തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നതുമായ ഇന്ദ്രിയമാണ് വാക്ക് .അക്ഷരങ്ങളാല്‍ ഉണ്ടാകുന്ന നാമങ്ങള്‍ക്ക് വാക്ക് കാരണമാണ്. അതിനാല്‍ നാമങ്ങളേക്കാള്‍ കേമമാണത്. പരാ, പശ്യന്തി, മധ്യമാ, വൈഖരി എന്നിങ്ങനെ വാക്ക് 4 വിധം. പുറത്ത് പ്രകടമാകുന്ന വാക്കാണ് വൈഖരി. ഇത് മധ്യമയില്‍ നിന്നും മധ്യമ പശ്യന്തിയില്‍ നിന്നും പശ്യന്തി പരയില്‍ നിന്നും ഉണ്ടാകുന്നു. ഇങ്ങനെയുള്ള വാഗിന്ദ്രിയമാണ് പുറത്തേക്ക് നാമങ്ങളെ പ്രകടമാക്കുന്നത്. നാമരൂപങ്ങളേക്കോള്‍ മികവുറ്റതായതിനാലാണ് വാക്കിനെ ബ്രഹ്മമായി കണ്ട് ഉപാസിക്കാന്‍ പറഞ്ഞത്.

വാക്കിനെ ബ്രഹ്മമായി കണ്ട് ഉപാസിക്കുന്നവന് വാക്കിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.

സ്വാമി അഭയാനന്ദ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.