മദ്യനയത്തിന് കൈയടികിട്ടാന്‍ എക്‌സൈസിന് വിലക്ക്

Wednesday 13 June 2018 1:23 am IST

ആലപ്പുഴ: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഗുണകരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എക്‌സൈസിനെ നോക്കുകുത്തിയാക്കുന്നു. കൂടുതല്‍ ബാറുകള്‍ അനുവദിച്ചതോടെ അനധികൃത വിദേശമദ്യവില്‍പ്പന കുറഞ്ഞെന്ന് പ്രചരിപ്പിക്കാനാണ് എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത്.

  അനധികൃത വിദേശമദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട്  മെയ് മുതല്‍ എക്‌സൈസ് കേസെടുക്കുന്നില്ല. മൂന്ന് ലിറ്ററില്‍ കൂടുതല്‍ മദ്യം ഒരാള്‍ സൂക്ഷിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഇതിനെതിരെപ്പോലും കേസെടുക്കേണ്ടെന്നാണ് വാക്കാല്‍ നിര്‍ദ്ദേശം. പരസ്യ മദ്യപാനം, കള്ളുഷാപ്പുകളിലെ വിദേശമദ്യ വില്‍പ്പന, വീടുകളിലെ ഒഴിച്ചു കൊടുപ്പ് തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുമ്പോള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കെടുപ്പില്‍ അനധികൃത മദ്യവില്‍പ്പന കുറയുന്നതായാണ് രേഖപ്പെടുത്തുന്നത്. 

   ഇതോടെ എക്‌സൈസ് ജീവനക്കാര്‍ക്കും പണിയില്ലാതായി. നേരത്തെ ബാറുകള്‍ പൂട്ടിയ അവസരത്തില്‍ കോടയും ചാരായവും പിടികൂടുന്നതായി നിരവധി കള്ളക്കേസുകള്‍ പോലും എക്‌സൈസ് എടുക്കാറുണ്ടായിരുന്നു. കായലോരങ്ങളിലും, കുറ്റിക്കാടുകളിലും ആയിരക്കണക്കിന് ലിറ്റര്‍ കോട പിടിച്ചെടുത്ത് നശിപ്പിച്ചതായി നല്‍കിയ വാര്‍ത്തകള്‍ പലതും തട്ടിപ്പായിരുന്നെന്ന് എക്‌സൈസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 

  പ്രതികള്‍ ഇല്ലാത്തതിനാല്‍ മറ്റു നിയമപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ വ്യാജമദ്യ കേസുകള്‍ വര്‍ദ്ധിക്കുന്നതായി കൊട്ടിഘോഷിക്കാനും എക്‌സൈസിന് സാധിച്ചു. വിദേശമദ്യ വില്‍പ്പന ശാലകളും ബാറുകളും കൂടുതലായി തുറന്നതോടെ വ്യാജമദ്യ വില്‍പ്പനയില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെങ്കിലും കണക്കുകളില്‍ കുറവ് കാണിക്കുക എന്ന തന്ത്രമാണ് സര്‍ക്കാരും എക്‌സൈസും പയറ്റുന്നത്. ഇതിന് എക്‌സൈസ് കമ്മീഷണര്‍ പോലും ഒത്താശ ചെയ്യുന്നതാണ് വൈരുദ്ധ്യമെന്നും ജീവനക്കാര്‍ വിമര്‍ശിക്കുന്നു. 

 കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് കേസുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനാലാണ് അനധികൃത വിദേശ മദ്യവില്‍പ്പനയ്‌ക്കെതിരെ നടപടി കുറച്ചതെന്നാണ് ജീവനക്കാര്‍ക്ക് ഉന്നതോദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഫലത്തില്‍ സംസ്ഥാനത്ത് ലഹരി വിപണനവും വര്‍ദ്ധിച്ചു, അനധികൃത മദ്യത്തിന്റെ കുത്തൊഴുക്കും തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.