വിദേശ മയക്കുമരുന്ന് കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ലോബികള്‍

Wednesday 13 June 2018 1:25 am IST

കൊച്ചി: വിദേശ നിര്‍മ്മിത മയക്കുമരുന്നുകള്‍ സംസ്ഥാനത്തേക്ക് ഒഴുകുന്നു. തെക്കേ അമേരിക്കയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മയക്കുമരുന്ന് ഉത്പ്പന്നങ്ങളാണ് എത്തുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളാണ് ലഹരി കടത്തുകാരുടെ താവളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഈ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. 

മുംബൈ, ന്യൂദല്‍ഹി, ബെംഗളൂരു തുടങ്ങിയ വന്‍നഗരങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളാണ് കേരളത്തില്‍ മയക്കുമരുന്ന് എത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും. കൊക്കെയിന്‍, എല്‍എസ്ഡി, കെറ്റമിന്‍, ആംസിറ്റാമിന്‍ തുടങ്ങിയ മയക്കുമരുന്നുകളാണ് പ്രധാനം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിമാനമാര്‍ഗം എത്തിക്കുന്ന മരുന്നുകളുടെ ഡീലര്‍മാരായി നില്‍ക്കുന്നവര്‍ വിദേശ പൗരന്മാരാണ്. ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഇവ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് നല്‍കുകയാണ് ഇവര്‍. 

നെടുമ്പാശേരി, കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയാണ് മയക്കുമരുന്നുകള്‍ എത്തുന്നത്. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും, മയക്കുമരുന്ന് പിടിക്കപ്പെടുന്നത് കുറവാണ്. 

 ഇത് ഇടനിലക്കാരുടെ കൈകളില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് പിടികൂടുക അസാധ്യമാണ്. പ്രത്യേക കോഡുഭാഷകള്‍ ഉപയോഗിച്ച് വിപണനം നടത്തുന്നതിനാല്‍ അവ കണ്ടെത്താനും പ്രയാസമാണ്. വിദേശ നിര്‍മ്മിത മയക്കുമരുന്നുകള്‍ക്ക് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ കഞ്ചാവും എത്തുന്നുണ്ട്. 

എന്നാല്‍, ഇത് തടയുന്നതിന് വേണ്ട പരിശോധനകള്‍ നടത്തുന്നതിന് ആവശ്യത്തിന് ഉദ്യോഗസ്ഥരും ഇല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കഞ്ചാവ് കടത്ത് തടയുന്നതിന് വേണ്ടി ആര്‍പിഎഫും പോലീസും എക്‌സൈസും സംയുക്തമായി പരിശോധന നടത്തിയിരുന്നു. എന്നാല്‍ എക്‌സൈസിലെ ഉദ്യോഗസ്ഥ ക്ഷാമം മൂലം പരിശോധനകളും കാര്യക്ഷമമായി നടക്കുന്നില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.