അവയവ ദാനം സുഗമമാക്കാന്‍ ഡ്രോണ്‍

Wednesday 13 June 2018 1:33 am IST

ബെംഗളൂരു: അവയവദാനത്തിന് വേഗതയും  ഉണര്‍വും  നല്‍കി അഭിമാനാര്‍ഹമായ നേട്ടവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി). ജീവന്‍ രക്ഷിക്കാനുള്ള അവയവം എത്രയും വേഗം രോഗിയുടെ അടുത്ത് എത്തിക്കാനുള്ള ഡ്രോണ്‍  (ആളില്ലാ വിമാനം) ആണ് വികസിപ്പിച്ചെടുത്തത്. 

അവയവം ആശുപത്രികളില്‍  നിന്ന് അടുത്ത ആശുപത്രിയിലേക്ക് എത്തിക്കാനുള്ള പ്രധാന വെല്ലുവിളി ഗതാഗതക്കുരുക്കാണ്. 

ഐഐഎസ്സിയുടെ കണ്ടുപിടുത്തം ഇതിനുള്ള  പരിഹാരമാണ്. സുരക്ഷിതമായും വേഗത്തിലും അവയവം എത്തിക്കാനുള്ള ഉപകരണമാണ് ഐഐസ്സി വികസിപ്പിച്ചെടുത്തത്. ലൈഫ് ബോക്സാണ് ഡ്രോണായി രൂപപ്പെടുത്തിയത്. 

ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ സമയവും പണവും  ലാഭിക്കാന്‍ സാധിക്കും. ആകാശമാര്‍ഗം ഒരു തവണ അവയവം കൊണ്ടുപോകാന്‍ ഏകദേശം രണ്ടു ലക്ഷം രൂപയെങ്കിലും ചെലവാകും. ദൂരക്കൂടുതല്‍ അനുസരിച്ച് തുക വര്‍ധിക്കും. ഡ്രോണ്‍ ഉപയോഗിച്ച് അവയവം എത്തിച്ചാല്‍ ഇതിന്റെ പകുതി തുകയേ ചെലവാകൂ. 

റോഡ് ഗതാഗത മാര്‍ഗം അവയവം എത്തിക്കാന്‍ റോഡുകളില്‍ സുരക്ഷിത പാത ഒരുക്കാന്‍ ട്രാഫിക് പോലീസ് ഒരുപാട് പണിപ്പെടേണ്ടി വരുന്നു.  ഇതോടൊപ്പം പൊതുജനത്തിന്റെ വിലയേറിയ സമയവും നഷ്ടമാക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് അവയവം എത്തിക്കാന്‍ പുതിയ കണ്ടുപിടുത്തത്തിലൂടെ സാധിക്കുമെന്ന് ഐഐസ്സി ശാസ്ത്രജ്ഞന്‍ പ്രൊഫ. ബി. ഗുരുമൂര്‍ത്തി, പിആര്‍ഒ എ. ഗോസല്‍ എന്നിവര്‍ പറഞ്ഞു. ഇരുവരുടെയും മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളായ ദേവല്‍ കരിയയും  രോഹിത് എസ്. നമ്പ്യാരുമാണ് പുതിയ കണ്ടു പിടുത്തം നടത്തിയത്. 

അവയവദാനത്തില്‍ രോഗിയുടെ സ്ഥലം വളരെ പ്രധാനമാണ്. ഹൃദയവും ശ്വാസകോശവും ആറ് മണിക്കൂര്‍ കൊണ്ടും കരളും പാന്‍ക്രിയാസും 12-24 മണിക്കൂര്‍ കൊണ്ടും മാറ്റിവയ്ക്കണം. അവയവം നാല് ഡിഗ്രി സി തണുപ്പുള്ള ബോക്സില്‍ ഒരേ താപനിലയില്‍ വേണം സൂക്ഷിക്കാന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.