ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി യുവാവ് ജീവനൊടുക്കി

Wednesday 13 June 2018 1:46 am IST

കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിയശേഷം പെരുമ്പാവൂര്‍ അശമന്നൂര്‍ പനിച്ചയം ശ്രീകൃഷ്ണസദനത്തില്‍ മനോജ് (48) ആത്മഹത്യ ചെയ്തു. 

ഇടപ്പള്ളി അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡിലെ അമൃതകൃപ ക്വാര്‍ട്ടേഴ്സിന്റെ മുന്നില്‍ ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. രാവിലെ  അശമന്നൂരില്‍ നിന്നും ഇടപ്പള്ളിയിലെ വീട്ടിലെത്തിയ മനോജ് ഭാര്യ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുട്ടിയെ സ്‌കൂളിലാക്കിയതിനു ശേഷം വീട്ടിലെത്തി ആശുപത്രിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് സന്ധ്യയെ മനോജ് വെട്ടിയത്. മുഖത്തിനും കൈയ്ക്കും വെട്ടേറ്റ സന്ധ്യ അലറിക്കരഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങി യോടി. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് ഓടിയിറങ്ങി.  നാട്ടുകാര്‍ ചേര്‍ന്നാണ് ഇരുവരെയും അമൃത ആശുപത്രിയില്‍ എത്തിച്ചത്. 

ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്, മകളുടെ ഭര്‍ത്താവ് വെട്ടിയെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും ശാരദ നാട്ടുകാരോട് പറഞ്ഞു. ഉടന്‍ അവര്‍ പോലീസില്‍  അറിയിച്ചു. ചേരാനെല്ലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഇയാളെ  മുറിയുടെ വാതില്‍ പൂട്ടി അകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സന്ധ്യ അമൃതയിലെ നഴ്സിങ് സ്റ്റാഫാണ്. സന്ധ്യയുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തി. സുഖം പ്രാപിച്ചുവരുന്നു. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ചൊവ്വാഴ്ച രാവിലെ അഞ്ചിന് പാലക്കാട് ഇലക്ട്രിക് വര്‍ക്കുണ്ടെന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടിനായരോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇടപ്പള്ളിയിലെത്തി സന്ധ്യയേയും അമ്മ ശാരദയേയും വെട്ടുകയായിരുന്നു. ഏക മകന്‍ മിഥുന്‍. മനോജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.