കെട്ടിടം ഇടിഞ്ഞ സംഭവം: 10 കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ

Wednesday 13 June 2018 1:52 am IST

അടിമാലി: ആനച്ചാലിലടക്കം പത്ത് കെട്ടിടങ്ങള്‍ക്ക് ദേവികുളം സബ് കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇവിടങ്ങളില്‍ നിര്‍മ്മാണം നടത്തരുതെന്നും താമസക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. മൂന്നാര്‍ ആനച്ചാലിന് സമീപം നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തിങ്കളാഴ്ച വൈകിട്ട് തകര്‍ന്ന് വീണിരുന്നു. 

ഈ കെട്ടിടത്തിന്റെ ഉടമ ആനച്ചാല്‍ മേക്കോടയില്‍ ശാര്‍ങധരന്‍, സമീപത്തെ കെട്ടിടത്തിന്റെ ഉടമകളായ കുഞ്ചിത്തണ്ണി വില്ലേജിലെ ആല്‍ത്തറ ജങ്ഷനില്‍ തങ്കച്ചന്‍, സന്തോഷ് കുമാര്‍ എന്നിവരുടെ കെട്ടിടങ്ങള്‍ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇൗ കെട്ടിടങ്ങള്‍ പണി തീര്‍ന്നവയാണ്. ഇതുകൂടാതെ അപകടാവസ്ഥയിലുള്ള ഏഴ് കെട്ടിടങ്ങള്‍ക്ക് കൂടി സ്റ്റോപ്പ് മെമ്മോ നല്‍കിയതായി വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് കെട്ടിടങ്ങള്‍ക്ക് കൂടി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. 

കെട്ടിടം ഇടിഞ്ഞ് താഴേക്ക് പോയതോടെ റോഡും അപകടാവസ്ഥയിലായി. ഇതിന്റെ ഒരു വശത്ത് കൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്. കെട്ടിടം ഇരുന്ന സ്ഥാനത്ത് യാതൊന്നും അവശേഷിക്കാത്ത തരത്തില്‍ പൂര്‍ണ്ണമായും മണ്ണൊലിച്ച് പോവുകയായിരുന്നു. സമീപത്തുള്ള കെട്ടിടവും ഇതോടെ ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായി. 

ഇതിന് മുമ്പ് കല്ലാര്‍ ഡാമിലേക്ക് സമീപത്തെ കടകളടക്കം നിലം പൊത്തി അപകടം ഉണ്ടായിരുന്നു. ആറ് മാസം പിന്നിട്ടിട്ടും റോഡില്‍ കല്ലടുക്കി വച്ചതല്ലാതെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. കുറിഞ്ഞി പൂക്കാലം കൂടി അടുത്തെത്തി നില്‍ക്കെ ഇത്തരം തടസങ്ങള്‍ മേഖലയിലെ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.