തകര്‍പ്പന്‍ ജയവുമായി ബല്‍ജിയം റഷ്യയിലേക്ക്

Wednesday 13 June 2018 1:58 am IST

ബ്രസ്സല്‍സ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ബെല്‍ജിയം റഷ്യയിലേക്ക്. ബ്രസ്സല്‍സില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ കോസ്റ്ററിക്കയെ തകര്‍ത്തു. ബെല്‍ജിയത്തിനായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകു രണ്ട് ഗോളുകള്‍ നേടി. കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ മിന്നുന്ന പ്രകടനമാണ് തോല്‍വിയുടെ ഭാരം കുറച്ചത്. കോസ്റ്ററിക്കയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോട് 2-0ന് തോറ്റിരുന്നു.

ഒരു ഗോളിന് പിന്നിലായ ശേഷമാണ് ബെല്‍ജിയം എതിര്‍ വലയിലേക്ക് നാല് തവണ നിറയൊഴിച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു ബെല്‍ജിയം. എന്നാല്‍ കൡയുടെ ഗതിക്കെതിരായി 21-ാം മിനിറ്റില്‍ അപ്രതീക്ഷിത ഗോളില്‍ അവര്‍ പിന്നിലായി. 24-ാം മിനിറ്റില്‍ ബ്രയാന്‍ റ്യുയിസിന്റെ ഗോളിലൂടെയാണ് കോസ്റ്ററിക്ക മുന്നിലെത്തിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബെല്‍ജിയം 31-ാം മിനിറ്റില്‍ സമനില പിടിച്ചു. ഹസാര്‍ഡിന്റെ പാസില്‍ നിന്ന് ഡ്രയിസ് മെര്‍ട്ടനാണ് സമനില ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ മെര്‍ട്ടന്‍സിന്റെ ക്രോസില്‍ നിന്ന് ലുകാകു ലക്ഷ്യം കണ്ട് ടീമിന് ലീഡ് സമ്മാനിച്ചു. ഇതോടെ ആദ്യപകുതിയില്‍ ബെല്‍ജിയം 2-1ന് മുന്നില്‍. പിന്നീട് 50-ാം മിനിറ്റില്‍ നാസിയര്‍ ചാഡ്‌ലിയുടെ പാസില്‍ നിന്ന് ലുകാകു രണ്ടാം ഗോളും നേടിയതോടെ ബെല്‍ജിയം 3-1ന്റെ ലീഡ് സ്വന്തമാക്കി. 64-ാം മിനിറ്റില്‍ ലുകാകു ഒരുക്കിയ അവസരത്തില്‍ നിന്ന് ബാറ്റ്ഷുയിയും ലക്ഷ്യം കണ്ടതോടെ ബെല്‍ജിയത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഇതോടെ തോല്‍വിയറിയാത്ത 18 മത്സരങ്ങള്‍ ബെല്‍ജിയം പൂര്‍ത്തിയാക്കി. 

ഇതില്‍ 13 എണ്ണവും ജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ പിരിഞ്ഞു. 2016 സെപ്തംബറില്‍ സ്‌പെയിനിനോട് 2-0ന് തോറ്റശേഷം ഒരു മത്സരത്തില്‍ പോലും ബെല്‍ജിയത്തെ പരാജയപ്പെടുത്താന്‍ എതിരാളികള്‍ക്കായിട്ടില്ല.

ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ട്, പനാമ, ടുണീഷ്യ ടീമുകള്‍ക്കൊപ്പമാണ് ബെല്‍ജിയം കളിക്കാനിറങ്ങുന്നത്. ജൂണ്‍ 18ന് പനാമക്കെതിരെയാണ് ആദ്യ മത്സരം. 23ന് ടുണീഷ്യയെയും 28ന് ഇംഗ്ലണ്ടിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.