പിരിക്കാനറിയാതെ സര്‍ക്കാര്‍ നികുതി കുടിശ്ശിക 12,591 കോടി

Wednesday 13 June 2018 2:00 am IST

തിരുവനന്തപുരം: നികുതി വരുമാനത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിവില്‍ വന്‍ വീഴ്ച വരുത്തിയതായി കംപ്‌ട്രോളറര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. 

12,591 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 5183 കോടി രൂപ അഞ്ച് വര്‍ഷത്തിലേറെക്കാലമായി പിരിക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്. 2016-17 ല്‍ 28,745 കേസുകളില്‍ നികുതി നിര്‍ണ്ണയം തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 75,612 കോടിയുടെ  റവന്യൂ വരുമാനമാണ് സംസ്ഥാനത്തുണ്ടായത്്. അതിന്റെ 31 ശതമാനവും കേന്ദ്രത്തില്‍നിന്ന് ലഭിച്ചതാണ്. കേന്ദ്ര നികുതിയുടെ സംസ്ഥാന വിഹിതമായി 15,225 കോടിയും സഹായധനമായി 8511 കോടിയും കിട്ടി.

വാണിജ്യ നികുതി ഭരണ നിര്‍വ്വഹണത്തിനുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള കേന്ദ്ര വിഹിതമായ 7.43 കോടി രൂപ കാലഹരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 റജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളെ കണ്ടെത്താന്‍ ഫലപ്രദമായ സംവിധാനമില്ല. അതിനാല്‍ 412 വ്യാപാരികള്‍ നികുതി ജാലകത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും 35.25 കോടിയുടെ നികുതി ചുമത്തപ്പെടാതെ പോവുകയും ചെയ്തു. 31.45 കോടി രൂപയുള്‍പ്പെട്ട 648 കേസുകളില്‍ നികുതി നിര്‍ണ്ണയത്തിന് നിര്‍വഹണ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല. കശുവണ്ടി ഇറക്കുമതി ചെയ്ത 27 വ്യാപാരികളുടെ 1238.39 കോടിയുടെ ഇറക്കുമതി വെളിപ്പെടുത്തിയിട്ടില്ലന്നു സി എ ജി ചൂണ്ടിക്കാട്ടി. 

തെറ്റായി നികുതി ഒഴിവു നല്‍കിയതിലൂടെ നാലു കേസുകളില്‍ മാത്രം ഉണ്ടായത് 39.89 കോടിയുടെ നഷ്ടമാണ്. ജോയി ആലുക്കാസ്് (2.77),  ആര്‍ പി ടെലിബൈ സ്‌കൈഷോപ്പ് (1.91) കലാനികേതന്‍ ഫാഷന്‍സ് (0.10 ) എന്നീ സ്ഥാപനങ്ങള്‍ സര്‍ചാര്‍ജ്് നല്‍കാത്തതിനാല്‍ 7.44 കോടിയാണ് നഷ്ടപെട്ടത്

 പെര്‍മിറ്റ് അവസാനിച്ച 14127 വാഹനങ്ങളില്‍ നിന്നും 3.32 കോടിയുടെ പിഴ ഈടാക്കിയില്ല. 1,13,579 വാഹനങ്ങളില്‍നിന്ന് നികുതി പുതുക്കിയപ്പോഴുള്ള വ്യത്യാസ നികുതിയും ഇടാക്കിയില്ല.  ഇതുമൂലം ഖജനാവിനു നഷ്ടം 129 കോടി.

ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥതയുടേയും നികുതി പിരിവിലുള്ള ഗുരുതര അനാസ്ഥയുടേയും നേര്‍ ചിത്രമാണ് സി എ ജി റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.