എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്തു

Wednesday 13 June 2018 2:03 am IST

ന്യൂദല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു. എയര്‍സെല്‍-മാക്‌സിസ് കരാറുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനാണ് ചിദംബരത്തെ ചോദ്യം ചെയ്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ചോദ്യം ചെയ്യല്‍ ആറു മണിക്കൂറോളം നീണ്ടുനിന്നു. 

രാവിലെ 11 മണിയോടെ ദല്‍ഹിയിലെ എന്‍ഫോഴ്‌സമെന്റ് ആസ്ഥാനത്തെത്തിയ ചിദംബരത്തെ വൈകിട്ട് അഞ്ചു മണിയോടെയാണ് വിട്ടയച്ചത്. രണ്ടാം വട്ടമാണ് തന്നെ കേസില്‍ ചോദ്യം ചെയ്യുന്നതെന്നും തനിക്കെതിരെ യാതൊരു തെളിവുകളും ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ചിദംബരത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്‌ട്രേറ്റ്  ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

എയര്‍സെല്‍-മാക്‌സിസ് കരാറുമായി ബന്ധപ്പെട്ട് ചിദംബരം പുറപ്പെടുവിച്ച ഉത്തരവുകളെപ്പറ്റിയാണ് ഇഡി ചോദ്യം ചെയ്തത്. ആദ്യഘട്ടത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പുറമേയുള്ള പുതിയ ചോദ്യങ്ങളും ഇന്നലെ നടന്ന ആറുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ഇഡി മുന്‍ ധനമന്ത്രിയോട് ചോദിച്ചു. 

ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും എയര്‍സെല്‍-മാക്‌സിസ് കേസില്‍ രണ്ടു തവണയാണ് ഇതുവരെ ചോദ്യം ചെയ്തത്. കേസില്‍ ജൂലൈ പത്തുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള എന്‍ഫോഴ്‌സമെന്റ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് ചിദംബരം കോടതിയെ സമീപിച്ചത്. 

 2006ല്‍ 3500 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എയര്‍സെല്‍ അനുമതി ചോദിച്ചത്. 600 കോടി രൂപക്ക് മുകളിലുള്ള വിദേശ നിക്ഷേപത്തിന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയാണ് അനുമതി നല്‍കേണ്ടത്. സമിതിക്ക് മുന്‍പാകെയെത്തുന്നത് തടയാന്‍ 180 കോടി രൂപയുടെ  അപേക്ഷയാക്കി കുറച്ച് ധനമന്ത്രാലയം തന്നെ അനുമതി നല്‍കുകയായിരുന്നു. ചിദംബരമാണ് ഇതിന് പിന്നിലെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ചിട്ടുണ്ട്. അനുമതി ലഭിച്ച് 20 ദിവസത്തിന് ശേഷം കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് എയര്‍സെല്‍ ടെലിവെഞ്ചേഴ്‌സ് 26 ലക്ഷം രൂപ നല്‍കി. കാര്‍ത്തിക്കും ബന്ധുവായ പളനിയപ്പനും ബന്ധമുള്ള മറ്റൊരു കമ്പനിക്ക് മാക്‌സിസ് ഗ്രൂപ്പ് രണ്ട് ലക്ഷം ഡോളറും നല്‍കി. ടു ജി ലൈസന്‍സ് വാങ്ങി നല്‍കാന്‍ കാര്‍ത്തി വാങ്ങിയ കോഴയാണ് ഇതെന്നാണ് ആരോപണം.   അന്വേഷണത്തിന്റെ ഭാഗമായി 2004നും 2009നും 2012നും 2014നും ഇടയിലുള്ള 2721 എഫ്‌ഐപിബി ഫയലുകള്‍ ഇഡി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ചിദംബരത്തിന്റെയും കാര്‍ത്തിയുടേയും പങ്ക് വ്യക്തമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.