കെപിസിസിയിലും പൊട്ടിത്തെറി

Wednesday 13 June 2018 2:09 am IST

തിരുവനന്തപുരം:  രാജ്യ സഭാ സീറ്റിന്റെ പേരില്‍ ഉടലെടുത്ത കോണ്‍്ഗ്രസിലെ പൊട്ടിത്തെറി കെപിസിസിയിലും പ്രതിഫലിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും സുധീരന്‍ ശപിച്ചുകൊണ്ടാണ് മുന്‍ പ്രസിഡന്റ് വി. എം സുധിരന്‍ തന്റെ പ്രസംഗം നിര്‍ത്തിയത്. താന്‍  ഇതെല്ലാം പുറത്തുപോയി മാധ്യമങ്ങളോട്് പറയുമെന്ന് പറഞ്ഞാണ് സുധീരന്‍ യോഗം വിട്ടിറങ്ങിയത്. പരസ്യ പ്രസ്താവന പാടില്ലന്ന രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനം കാറ്റില്‍ പറത്തി സുധീരന്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

കെപിസിസി  പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് സമ്മര്‍ദ്ദം മൂലമാണെന്നും സുധീരന്‍ വെളിപ്പെടുത്തി. സഹികെട്ടാണ്  രാജിവെക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താന്‍. ഗ്രൂപ്പ് കാരണം സംഘടനാ സംവിധാനം മുന്നോട്ടു കൊണ്ടുപോകാനായില്ല.  ഗ്രൂപ്പ് അതിപ്രസരം തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായി. സുധീരന്‍ പറഞ്ഞു

പാര്‍ട്ടിയുടെ ഭാരം മൂന്നുപേരും കൂടി താങ്ങി പിടലി ഒടിക്കരുതെന്നായിരുന്നു  രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിമര്‍ശനം. തളര്‍ന്ന് കിടന്നവരെപ്പോലും കെപിസിസി അംഗമാക്കിയപ്പോഴും ചിലര്‍ തന്നെ തഴഞ്ഞതായും  ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞെന്നും സ്വന്തം നാട്ടില്‍ ഒരു സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. ചെങ്ങന്നൂരിലും നേതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പര്യമാണെന്നും എന്‍എസ്എസ് പുറത്താക്കിയ ആളെയാണ് ചെങ്ങന്നൂരില്‍ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറാക്കിയതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

 പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്റെ നിലപാട് സ്വന്തം അഭിപ്രായമെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട്, എന്നാല്‍  അതിപ്രസരം ഇല്ലെന്നുമായിരുന്നു ഹസ്സന്റെ അഭിപ്രായം. രാജ്യസഭാ സീറ്റ് പ്രശ്‌നത്തില്‍ വീഴ്ച  കെ പി സി സി യോഗത്തിലും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. സുധീരന്റെ ആരോപണങ്ങളി്ല്‍ കഴമ്പുണ്ടെന്ന് പത്മജാ വേണുഗോപാലും വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ, ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പെരുമാറ്റച്ചട്ടം  ഉണ്ടാക്കാന്‍ കെപിസിസി നേതൃയോഗം തീരുമാനിച്ചു. ഇതിനായി എം.എം ഹസ്സനെ ചുമതലപ്പെടുത്തി. പാര്‍ട്ടി നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹസ്സന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.