കാരുണ്യ നിധിയില്‍ കോടികളുടെ ക്രമക്കേട്

Wednesday 13 June 2018 2:18 am IST

തിരുവനന്തപുരം: പാവപ്പെട്ട രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാരുണ്യ സഹായനിധിയില്‍ കോടികളുടെ ക്രമക്കേട്. ചികിത്സയ്ക്കായി പണം ലഭിച്ച 1520 രോഗികള്‍ ആശുപത്രിയില്‍ എത്തിയില്ല. എന്നാല്‍ ഇവര്‍ക്കനുവദിച്ച 19.68 കോടി ആശുപത്രിയുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സഹായം ലഭിച്ച 3142 രോഗികള്‍ക്ക് അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കേണ്ടി വന്നില്ല. ആ തുകയും തിരിച്ചെടുക്കാതെ ആശുപത്രിയുടെ അക്കൗണ്ടില്‍ത്തന്നെ സൂക്ഷിച്ചു. ഇങ്ങനെ 40.96 കോടിയാണ് കിടക്കുന്നത്. കാരുണ്യനിധിക്കായി സര്‍ക്കാര്‍ നിക്ഷേപിച്ച തുകയ്ക്ക് 14.35 കോടി പലിശ ലഭിച്ചെങ്കിലും ആ തുക പൊതുഫണ്ടിലേക്ക് ചേര്‍ത്തെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി .

 തൃശൂര്‍ അമല, കോഴിക്കോട് ബേബി, കോട്ടയം കാരിത്താസ്, എറണാകുളം ലിസി, പെരിന്തല്‍മണ്ണ ഇഎംഎസ് എന്നീ സ്വകാര്യ ആശുപത്രികള്‍ ചുരുങ്ങിയ വരുമാനക്കാര്‍ക്ക് പണം നല്‍കാതെ കാരുണ്യനിധിയുടെ ലക്ഷ്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതായും നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലുണ്ട്. 

കാരുണ്യനിധിയില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷത്തിന് പുറമെ ആറ് ലക്ഷത്തിലധികം രൂപ അടച്ച രോഗികള്‍ വരെയുണ്ട്. കൂടുതല്‍ സൗകര്യമുള്ള മുറികള്‍, ഉയര്‍ന്ന നിലവാരമുള്ള സ്റ്റെന്റ്, മറ്റ് ഉപഭോഗവസ്തുക്കള്‍ തുടങ്ങിയ ആവശ്യത്തിനാണെന്നും അതിന് പണം നല്‍കാന്‍ തയ്യാറാണെന്നുമുള്ള സത്യവാങ്മൂലം വാങ്ങിയാണ് കൂടുതല്‍ പണം ഈടാക്കിയിരിക്കുന്നത്. കാരുണ്യനിധി മാനദണ്ഡമനുസരിച്ച് അധിക സൗകര്യം നല്‍കാന്‍ വ്യവസ്ഥയില്ല. 

രോഗികള്‍ തുക നല്‍കാന്‍ സന്നദ്ധരും കഴിവുള്ളവരുമെങ്കില്‍ അവര്‍ക്ക് കാരുണ്യ ചികിത്സാപദ്ധതിയുടെ സഹായം യഥാര്‍ത്ഥത്തില്‍ ആവശ്യമായിരുന്നോ എന്ന് ഉറപ്പ് വരുത്തിയിരുന്നില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാരുണ്യനിധി നടത്തിപ്പിന് പുറമേ ലോട്ടറിവകുപ്പില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷം മാത്രം 568 സമ്മാനാര്‍ഹരായ ടിക്കറ്റുകള്‍ക്ക് ഒന്നിലേറെ തവണയാണ് തുക നല്‍കിയത്. സമ്മാനാര്‍ഹമായ 3,48,699 ടിക്കറ്റുകള്‍ക്ക് പണം നിഷേധിച്ചതായും കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.