പാക്ക് ആക്രമണം; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

Wednesday 13 June 2018 7:44 am IST
രാംഗഢ് സെക്ടറിലെ ബാബ ചംലിയാല്‍ ഔട്ട്‌പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ഇന്നു പുലര്‍ച്ചെ പാക്ക് റേഞ്ചേഴ്‌സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.

ശ്രീനഗര്‍:   വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തി രക്ഷാസേനയിലെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സാംബാ ജില്ലയിലെ രാംഗഢിലുള്ള രാജ്യാന്തര അതിര്‍ത്തിയ്ക്കു സമീപം പ്രകോപനമൊന്നുമില്ലാതെ പാക് റെയിഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടും. അതിര്‍ത്തിയില്‍  രാംഗഢിലെ ചംലിയാല്‍  പോസ്റ്റിനടുത്ത് ചൊവ്വാഴ്ച  രാത്രി 10.30 നാണ് വെടിവെപ്പ് തുടങ്ങിയത്. അസി. കമാന്‍ഡന്റ് ജിതേന്ദര്‍ സിങ്ങ്, എസ്‌ഐ രജനീഷ് കുമാര്‍, എഎസ്‌ഐ രാംനിവ, കോണ്‍സ്റ്റബള്‍്ര ഹന്‍സ്‌രാജ് ഗുജ്ജാര്‍ എന്നിവരാണ് മരിച്ചത്.

അടുത്തിടെയാണ് പാക്ക് റെയിഞ്ചേഴ്‌സും ബിഎസ്എഫും വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചതെന്ന് ബിഎസ്എഫ്  ഐജി  രാം അവ്താര്‍ പറഞ്ഞു.  തങ്ങളുടെ ഭാഗത്തു നിന്ന് കരാര്‍ ലംഘനമുണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചു കൊണ്ടാണ് പാക് ആക്രമണം തുടര്‍ച്ചയാകുന്നത്. 

കഴിഞ്ഞ മെയ് 29 ന് രണ്ടു രാജ്യങ്ങളിലെയും   സൈനിക ദൗത്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ 2003 ലെ  വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം  പാക്കിസ്ഥാന്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്.  സമാധാന ശ്രമങ്ങള്‍ക്കായി  ഈ മാസം നാലിന് ബി എസ് എഫിന്റെയും പാക് റെയിഞ്ചേഴ്‌സിന്റെയും മേധാവികള്‍ തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ദിവസങ്ങള്‍ക്കു മുന്‍പ്   രാജ്യാന്തര അതിര്‍ത്തിയിലെ കാനാചാക്, പ്രഗ്‌വാള്‍, ഖൗര്‍ മേഖലയില്‍   പാക് റെയിഞ്ചേഴ്‌സിന്റെ  വെടിവെപ്പിലും ഷെല്ലാക്രമണത്തിലും  ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുള്‍പ്പെടെ മൂന്ന് ബിഎസ്എഫ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  പാക്  വെടിവയ്പ്പില്‍   ഈ വര്‍ഷം ഇതേവരെ 24 സുരക്ഷാ ഭടന്മാരുള്‍പ്പെടെ 50  പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് 15  നും 23 നും  ജമ്മു, കത്‌വ, സാംബാ ജില്ലകളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് വീടുവിട്ട് മറ്റിടങ്ങളില്‍ അഭയം തേടിയിരുന്നു. ഈ കാലയളവില്‍  രണ്ട് അതിര്‍ത്തി സേനാംഗങ്ങളുള്‍പ്പെടെ  12 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു നവജാത ശിശുവും ഉള്‍പ്പെട്ടിരുന്നു. 

സൈനിക മേധാവികളുടെ സമാധാനചര്‍ച്ചകളെ തുടര്‍ന്ന്, വീടുപേക്ഷിച്ചു പോയവരില്‍ പലരും തിരികെയെത്തി. എന്നാല്‍ പുതിയ സംഭവങ്ങള്‍ ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.