പറവൂരില്‍ ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച; തിരുവാഭരണവും പണവും നഷ്ടപ്പെട്ടു

Wednesday 13 June 2018 10:34 am IST

പറവൂര്‍(കൊച്ചി): എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 30 പവന്‍ തിരുവാഭരണവും ഒരു ലക്ഷത്തോളം രൂപയും മോഷ്ടിച്ചു.  കോട്ടുവള്ളി സൗത്ത് കുടുംബി സമുദായം വക ശ്രീനാരായണപുരം ക്ഷേത്രത്തിലും, കൈതാരം-കോട്ടുവള്ളി എന്‍എസ്എസ് കരയോഗം വക കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിലുമാണ് കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്നാണ് നിഗമനം.

കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്‍ തൂക്കം വരുന്ന തിരുവാഭരണവും 65,000 രൂപയുമാണ് കവര്‍ന്നത്. ക്ഷേത്ര ഓഫീസിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയാണ് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച തിരവാഭരണവും പണവും കവര്‍ന്നത്.  ശ്രീകോവിലിനോട് ചേര്‍ന്നുള്ള ചുറ്റമ്പലത്തിന്റെ ഓടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചു. പുലര്‍ച്ചെ ക്ഷേത്രജീവനക്കാരന്‍ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നിന്ന് 30,000 രൂപയാണ് കവര്‍ന്നത്.  ഇരുമ്പ് ലോക്കറില്‍ ഇരുന്ന 20 പവന്‍ സ്വര്‍ണ്ണം മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവിടത്തെ സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി.  ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലും നാല് ഉപദേവതാ ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് മോഷ്ടാക്കള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. പുലര്‍ച്ചെ നാലോടെ ശാന്തിക്കാരന്‍ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. 

കവര്‍ച്ച നടന്ന രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ രണ്ടു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. മൂന്നുദിവസമായി തൃക്കപുരം ക്ഷേത്രത്തില്‍ അപരിചിതനായ ഒരാള്‍ എത്താറുണ്ടായിരുന്നു. കാണിക്കവഞ്ചിയിലെ ചില്ലറകള്‍ തൂക്കി എടുത്തുകൊള്ളാമെന്നും ഇയാള്‍ ശാന്തിയോട് പറഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തൃക്കപുരം ക്ഷേത്രത്തിന് സമീപമുള്ള അമ്പാടി സേവാകേന്ദ്രത്തിന്റെ സിസിടിവി ദൃശ്യത്തില്‍ പുലര്‍ച്ചെ രണ്ടിനും നാലിനുമിടയില്‍ ഒരു ട്രാവലര്‍ അതുവഴി പോയതായി വ്യക്തമായിട്ടുണ്ട്. ഈ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ല.

ക്ഷേത്രത്തിലെ കുത്തുവിളക്കും കുത്തിത്തുറക്കാനായി മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് മണം പിടിച്ച് പോലീസ് നായ സമീപത്തെ മെഡിക്കല്‍ ഷോപ്പുവരെ പോയിട്ടുണ്ട്. കൈതാരം തെക്കേക്കര ടോംഫ്രാന്‍സിന്റെ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി. ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ല. ടോംഫ്രാന്‍സിസും കുടുംബവും ദുബായിലാണ്. 

റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായര്‍, ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ ക്ഷേത്രങ്ങളിലെത്തി പരിശോധന നടത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.