കാലവര്‍ഷം ശക്തം; വ്യാപക കൃഷി നാശം, ഭൂതത്താന്‍ കെട്ടില്‍ റോഡ് തകര്‍ന്നു
കോഴിക്കോട്: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. പാലക്കാടും കോഴിക്കോടും ഇടുക്കിയിലും ആലപ്പുഴയിലും വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭൂതത്താന്‍ കെട്ടിനടുത്ത വാടാട്ടുപാറയില്‍ റോഡ് തകര്‍ന്നു. റോഡിലെ കലുങ്ക് പാടെ തകര്‍ന്നു. പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഇതോടെ ജില്ലയിലെ നാല് സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പൊയ്ക ഗവ.ഹൈസ്കൂള്‍, ഇടമലയാര്‍ ജിയുപിഎസ്, പ്രതിഭ അണ് എയ്ഡഡ് സ്കൂള്‍ വടാട്ടുപാറ , സെന്റ് ജോര്‍ജ് സ്കൂള്‍ വടാട്ടുപാറ എന്നീ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്ടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നു. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.
പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ റോഡില്‍ വെള്ളം കയറി. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ശക്തമായതോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലേക്ക് ആളുകളെ മാറ്റി. പുല്‍പറമ്പ് ഭാഗത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഇരുവഴിഞ്ഞി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുക്കം ഭാഗത്തും വീടുകളില്‍ വെള്ളം കയറി. മലവെള്ള പാച്ചിലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.