തിരുവനന്തപുരം: എറണാകുളം മരട് കാട്ടിത്തല സ്കൂള്‍ വാന്‍ അപകടത്തില്‍ മരിച്ച വിദ്യാലക്ഷ്മി, ആദിത്യന് എസ് നായര്‍ എന്നീ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരിച്ച കൊച്ചാടിത്തറ ലത ഉണ്ണിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. തുക ലത ഉണ്ണിയുടെ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുന്നത്. ഓഖി ചുഴലിക്കാറ്റില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 74 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ വീട്ടുവാടകയായി മാസം 3000 രൂപ പന്ത്രണ്ട് മാസത്തേക്ക് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍. മൊത്തം 26.64 ലക്ഷം രൂപ ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
ആറു ജില്ലകളില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി വര്‍ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: