എംഎല്‍എയ്ക്ക് വഴിമാറിയില്ല; യുവാവിനെ ഗണേഷ് എംഎല്‍എ നടുറോഡില്‍ തല്ലിച്ചതച്ചു

Wednesday 13 June 2018 3:49 pm IST

അഞ്ചല്‍: ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപിച്ച് എം‌എല്‍‌എയും ഡ്രൈവറും ചേര്‍ന്ന് 22കാരനായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിച്ചതച്ചു; അഗസ്തികോട് സ്വദേശിയായ എന്‍ജിനീയറെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് നേരെയും അസഭ്യം പറഞ്ഞ ശേഷം; 'ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണം' എന്നു പറഞ്ഞു വെല്ലുവിളിച്ചു. മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. അഞ്ചല്‍ ശബരിഗിരി സ്കൂളിനു സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു. അനന്ത കൃഷ്ണനെ അഞ്ചല്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അമ്മ ഷീന ആര്‍ നാഥ്(46)നൊപ്പമാണ് അനന്തകൃഷ്ണന്‍ മരണവീട്ടില്‍ പോയത്. വീട്ടില്‍ നിന്നും മടങ്ങവേ റോഡിലൂടെ ഗണേശിന്റെ വാഹനം കടന്നുവന്നു. എംഎല്‍എയുടെ വാഹനം നിര്‍ത്തി തന്നിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല എന്ന് അമ്മ ഷീന ജന്മഭൂമിയോട് പറഞ്ഞു. എംഎല്‍എ ഒന്ന് നിര്‍ത്തി തന്നിരുന്നേല്‍ രണ്ടുവണ്ടിക്കും സുഖമായി പോകാമായിരുന്നു. ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. എങ്കിലും വാഹനം പിന്നോട്ടെടുക്കാതെ എംഎല്‍എയുടെ ഡ്രൈവര്‍ വാശി പിടിച്ചു നിന്നു. താന്‍  കുറേത്തവണ റിവേഴ്‌സ് എടുത്ത് പണി നടക്കുന്ന ഒരു വീട്ടിലേക്ക് കേറ്റിയിട്ടു.

ആ സമയം വണ്ടിയിലിരുന്ന എംഎല്‍എ അമ്മയെ ചീത്ത വിളിക്കുകയും കൈവെച്ച് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിവന്ന്  ഡ്രൈവിങ് സീറ്റില്‍ ഇരുന്ന എന്നെ കുത്തിനുപിടിച്ച് ഇറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാവെയാണ് ഡ്രൈവറെത്തി മര്‍ദ്ദനം തുടര്‍ന്നത്. ഞങ്ങളല്ലേ ഭരിക്കുന്നത് കേസിനു പോകുവാണേല്‍ പൊക്കോ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു -  അനന്തകൃഷ്ണന്‍ പറഞ്ഞു.

അഞ്ചല്‍ കീഴൂട്ട് എന്ന വീട്ടിലായിരുന്നു മരണം നടന്നിരുന്നത്. മരിച്ച വ്യക്തിയുടെ ബന്ധുവായിരുന്നു അനന്തകൃഷ്ണന്‍. അവിടേക്ക് അമ്മയുടെ കൂടെ പോവുകയായിരുന്നു. എന്‍ജിനീയറിങ് പാസായ ശേഷം ഖത്തറില്‍ മൂന്ന് മാസത്തോളം ജോലി നോക്കിയിരുന്നു. അവിടെ നിന്നും തിരികെ നാട്ടിലെത്തിയിരിക്കുകയായിരുന്നു അനന്ത കൃഷ്ണന്‍. പിതാവ് ഗള്‍ഫില്‍ ജോലി നോക്കുകയാണ്. എംഎല്‍എയെ പോലൊരു വ്യക്തിയില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതില്‍ അതീവ ദുഃഖിതനാണെന്നും അന്തകൃഷ്ണന്‍ പറഞ്ഞു. 

സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ അശ്ലീല ആംഗ്യം കാണിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തില്‍ എംഎല്‍എക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.